അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിമാന യാത്രയും യാത്രയിലെ സുരക്ഷിതത്വവും സംബന്ധിച്ചുള്ള ചോദ്യങ്ങളാണ് സോഷ്യല്‍ മീഡിയ നിറയെ. ഏത് വിമാനമാണ് ഏറ്റവും സുരക്ഷിതം, ഏത് സീറ്റിലാണ് ഇരിക്കേണ്ടത്, വിമാന യാത്രയെ ഭയക്കേണ്ടതുണ്ടോ തുടങ്ങി നിരവധി ചോദ്യങ്ങളാണ് ആളുകള്‍ ഉയർത്തുന്നത്. ഇപ്പോഴിതാ അതിനെല്ലാം വിശദമായ മറുപടി നല്‍കുകയാണ് ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ചുവടെ വായിക്കാം
‘സുരക്ഷിതമായ വിമാനയാത്ര
വീണ്ടും നാട്ടിലേക്ക് വിമാനം കയറാൻ വിമാനത്താവളത്തില്‍ ഇരിക്കുകയാണ്. ഇന്നലത്തെ വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍ ഏതൊക്കെ വിമാനങ്ങള്‍ ആണ് സുരക്ഷിതം എന്നുള്ള ചർച്ചകളും നിർദ്ദേശങ്ങളും കണ്ടു. മാസത്തില്‍ പല പ്രാവശ്യം ലോകത്തില്‍ പലയിടത്തും വിമാനയാത്ര ചെയ്യുന്ന ഒരാള്‍ എന്ന സാഹചര്യത്തില്‍ ഈ വിഷയം എനിക്ക് പ്രൊഫഷണല്‍ ആയിട്ട് മാത്രമല്ല വ്യക്തിപരമായും ഏറെ പ്രാധാന്യമുള്ളതാണ്.
വിമാനാപകടം ഉണ്ടായ ഉടൻ ഒറ്റയടിക്ക് അതിന്റെ കാരണങ്ങള്‍ ഒക്കെ വിശദീകരിക്കുന്ന വിദഗ്ദ്ധന്മാരെ കണ്ടു. ഇവരെ ശ്രദ്ധിക്കാതിരിക്കുകയാണ് സുരക്ഷക്ക് വേണ്ട ആദ്യത്തെ നടപടി. കാരണം ഒരു വിമാനാപകടത്തിന്റെ കാരണം കണ്ടുപിടിക്കുക എന്നത് അതീവ സങ്കീർണ്ണമായ ഒരു വിഷയമാണ്. വരും ദിവസങ്ങളില്‍ വിമാനാപകടം പല തരത്തില്‍ അന്വേഷിക്കപ്പെടും. വിമാനത്തിന്റെ സുരക്ഷ (security) സംബന്ധിച്ചുള്ള പോലീസ് ഇൻവെസ്റ്റിഗേഷൻ നടക്കും. സേഫ്റ്റിയെപ്പറ്റിയുള്ള ഡി ജി സി എ യുടെ അന്വേഷണങ്ങള്‍ ഉണ്ടാകും. ഇതില്‍ നിന്നും പാഠങ്ങള്‍ പഠിക്കാൻ വിമാനക്കമ്ബനിയുടെ പഠനങ്ങള്‍ ഉണ്ടാകും. വിമാനം ജനവാസ മേഖലയില്‍ വീഴുകയും അനവധി ആളുകളുടെ മരണം സംഭവിക്കുകയും ചെയ്തതിനാല്‍ ഒരു ജുഡീഷ്യല്‍ അന്വേഷണം ഒക്കെ ഉണ്ടായി എന്ന് വരും. ഈ അന്വേഷണങ്ങളും അവയുടെ ഫലങ്ങളും ഒക്കെ പരസ്പരബന്ധിതവും ആയിരിക്കും.
ഇതിനൊക്കെ മാസങ്ങള്‍ എടുക്കും. ഇതില്‍ സേഫ്റ്റി വിദഗ്ധർ നടത്തുന്ന അന്വേഷണം ആണ് ഞാൻ ഏറ്റവും ശ്രദ്ധിക്കാറുള്ളത്, കാരണം ഈ വിമാനത്തിന്റെ കാര്യം മാത്രമല്ല ഇത്തരം വിമാനങ്ങളുടെ ഒക്കെ, മൊത്തം വിമാനയാത്രയുടെ കാര്യം ഇവയൊക്കെ സുരക്ഷ വർദ്ധിപ്പിക്കാനുള്ള നിർദ്ദേശം ഇത്തരം പഠനങ്ങളില്‍ നിന്നും ലഭിക്കും. അങ്ങനെയാണ് വിമാനയാത്ര ഇതുപോലെ സുരക്ഷിതമായത്. ഇനിയും കൂടുതല്‍ സുരക്ഷിതമാകും.
രണ്ടായിരത്തി പതിനെട്ടിലും പത്തൊമ്ബതിലും ഇന്തോനേഷ്യയിലും എത്യോപ്യയിലും ഉണ്ടായ അപകടത്തിന്റെ സാഹചര്യത്തില്‍ ബോയിങ്ങിന്റെ 737 max വിമാനങ്ങള്‍ ഏറെക്കാലം ഗ്രൗണ്ട് ചെയ്തിരുന്നല്ലോ. പക്ഷെ ഏത് എയർ ക്രാഫ്റ്റ് നിർമ്മാണ കമ്ബനിയുടെ വിമാനത്തില്‍ ആണ് നാം കയറാൻ പോകുന്നതെന്ന് നമുക്ക് മുൻകൂട്ടി തീരുമാനിക്കാൻ സാധിക്കില്ല. മിക്കവാറും വലിയ എയർ ലൈനുകള്‍ക്ക് ഒക്കെ പല വിമാനക്കമ്ബനികള്‍ നിർമ്മിച്ച പല സീരിസില്‍ ഉള്ള പല പ്രായത്തില്‍ ഉള്ള വിമാനങ്ങള്‍ സർവീസില്‍ ഉണ്ടാകും. ഒരു പ്രത്യേക സീരീസ് വിമാനം അല്ലെങ്കില്‍ ഒരു പ്രത്യേക കമ്ബനി നിർമ്മിക്കുന്ന വിമാനം ഒഴിവാക്കി യാത്ര പ്ലാൻ ചെയ്യുക എന്നത് സാധ്യമല്ല. അതുകൊണ്ട് തന്നെ അന്താരാഷ്ട്ര സുരക്ഷാ സംവിധാനങ്ങളില്‍ വിശ്വസിക്കുക മാത്രമേ നിവർത്തിയുള്ളൂ. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ ഞാൻ അത്ര ശ്രദ്ധിക്കാറില്ല.
പക്ഷെ ഏതു വിമാനക്കമ്ബനിയില്‍ (എയർ ലൈൻ) ആണ് യാത്ര ചെയ്യുന്നത് എന്ന് കൂടുതല്‍ ശ്രദ്ധിക്കാറുണ്ട്. വിമാനങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്തി കൊണ്ടുനടക്കുന്ന കാര്യത്തില്‍ ആഗോളമായ നിർദ്ദേശങ്ങള്‍ ഒക്കെ ഉണ്ടെങ്കിലും ലോകത്തിലെ പല വിമാനക്കമ്ബനികളും ഇക്കാര്യത്തില്‍ എടുക്കുന്ന ശ്രദ്ധ വ്യത്യസ്തമാണ്. ചില രാജ്യങ്ങളില്‍ ആഭ്യന്തര യാത്ര ചെയ്യുമ്ബോള്‍ ഞങ്ങളുടെ സുരക്ഷാ വിഭാഗം ചില എയർ ലൈൻ ഒഴിവാക്കാൻ നിർദ്ദേശങ്ങള്‍ നല്‍കാറുണ്ട്. പല രാജ്യങ്ങളും പല വെബ്‌സൈറ്റുകളും സുരക്ഷ കുറഞ്ഞ വിമാനക്കമ്ബനികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കാറുണ്ട്. യൂറോപ്യൻ യൂണിയന്റെ എയർ സേഫ്റ്റി ലിസ്റ്റ് ആണ് ഞാൻ സാധാരണ ശ്രദ്ധിക്കാറുള്ളത്. ലിസ്റ്റ് ഒന്നാമത്തെ കമന്റില്‍ കൊടുത്തിട്ടുണ്ട്.
വിമാനത്തില്‍ കയറുമ്ബോള്‍ എവിടെയാണ് കൂടുതല്‍ സുരക്ഷിതം എന്നൊരു ചോദ്യവും എപ്പോഴും ചോദിക്കപ്പെടാറുണ്ട്. അനവധി വിമാനാപകടങ്ങളില്‍ രക്ഷപെട്ടവരുടെ പഠനം നടത്തിയതില്‍ നിന്നും വിമാനത്തിന്റെ പിൻഭാഗത്ത് ഇരിക്കുന്നവർക്കാണ് കൂടുതല്‍ രക്ഷാ സാധ്യത എന്ന് സ്റ്റാസ്റ്റിറ്റിക്കല്‍ ആയി പലയിടത്തും വായിച്ചിട്ടുണ്ട്. പക്ഷെ നമ്മള്‍ സഞ്ചരിക്കുന്ന വിമാനം അപകടത്തില്‍ പെട്ടാല്‍ പിന്നെ രക്ഷപെടാനുള്ള സാധ്യത പൊതുവില്‍ വളരെ കുറവാണ്. പോരാത്തതിന് വിമാനത്തില്‍ നമുക്ക് എവിടെ സീറ്റ് കിട്ടും എന്നത് അത്ര എളുപ്പത്തില്‍ തിരഞ്ഞെടുക്കാവുന്ന ഒന്നല്ലല്ലോ. ബിസിനസ്സ് ക്‌ളാസില്‍ യാത്ര ചെയ്യുമ്ബോള്‍ വിമാനത്തിന് മുന്നിലാണ് എപ്പോഴും സീറ്റ് കിട്ടുന്നത്. അത് നമ്മുടെ നിയന്ത്രണത്തില്‍ അല്ല. അത് കൊണ്ട് തന്നെ ഇക്കാര്യത്തിലും ഞാൻ അത്ര ശ്രദ്ധ കാണിക്കാറില്ല. രാത്രി യാത്രയാണെങ്കില്‍ വിൻഡോ സീറ്റും പകല്‍ യാത്ര ആണെങ്കില്‍ എയില്‍ സീറ്റും വേറെ മാർഗ്ഗം ഇല്ലെങ്കില്‍ നടുക്കുള്ള സീറ്റും, കിട്ടുമ്ബോള്‍ ഒക്കെ എമർജൻസി എക്സിറ്റിന് അടുത്തുള്ള സീറ്റും ആണ് ചോദിച്ചു വാങ്ങാറുള്ളത്.
പക്ഷെ ഒരു കാര്യം ഞാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഏത് സീറ്റില്‍ ഇരുന്നാലും ഏറ്റവും അടുത്ത എമർജൻസി വിൻഡോ എവിടെയാണെന്നും (മുന്നില്‍/പിന്നില്‍) അതിലേക്ക് നമ്മുടെ സീറ്റില്‍ നിന്നും എത്ര സീറ്റുകളുടെ വ്യത്യാസം ഉണ്ടെന്നും ഉള്ള സംഖ്യ ഞാൻ വിമാനത്തില്‍ കയറുമ്ബോള്‍ തന്നെ മനസ്സില്‍ കുറിച്ച് വക്കും. അപകടം ഉണ്ടായാല്‍ ഇരുട്ടും പുകയും ഒക്കെയായിട്ടാണ് പുറത്തിറങ്ങേണ്ടി വരിക. അപ്പോള്‍ ഈ വിവരത്തിന് വളരെ വിലയുണ്ട്.
വിമാനത്തില്‍ ഇരിക്കുമ്ബോള്‍ പൈലറ്റും ക്രൂവും നല്‍കുന്ന നിർദ്ദേശങ്ങള്‍ അതുപോലെ നടപ്പിലാക്കുക എന്നതാണ് ഏറ്റവും പ്രാധാന്യമുള്ളത്. സീറ്റ് ബെല്‍റ്റ് ഇടാൻ നിർദ്ദേശം ഉള്ളപ്പോള്‍ തീർച്ചയായും അത് ഉപയോഗിക്കണം. അങ്ങനെ നിർദ്ദേശം ഇല്ലെങ്കില്‍ തന്നെ സീറ്റ് ബെല്‍റ്റ് ലൂസ് ആയി ഇടുന്നതാണ് ബുദ്ധി. എമർജൻസി ആയി പുറത്തിറങ്ങാൻ പറഞ്ഞാല്‍ അച്ചാറെടുക്കാൻ നോക്കരുത് (പാസ്സ്പോർട്ട് ഞാൻ എപ്പോഴും പോക്കറ്റിലാണ് സൂക്ഷിക്കാറുള്ളത്). വിമാനം ഗേറ്റില്‍ എത്തി ക്രൂ നിർദ്ദേശിച്ചാല്‍ മാത്രം എഴുന്നേറ്റ് നില്‍ക്കുക. ഇതൊക്കെ നമുക്കും മറ്റുള്ളവർക്കും സുരക്ഷ കൂട്ടും.
പേടിപ്പിക്കുന്ന വിമാനയാത്രകള്‍ അനവധി ഉണ്ടായിട്ടുണ്ടെങ്കിലും വിമാനയാത്രയെപ്പറ്റിയുള്ള ചിന്ത എന്നെ ഒട്ടും പേടിപ്പിക്കാറില്ല. വിമാന യാത്രകള്‍ ഏറ്റവും സുരക്ഷിതമാണെന്ന ബോധമാണ് അതിന് പിന്നില്‍. വിമാനത്തില്‍ നിന്നിറങ്ങി റോഡിലോ വെള്ളത്തിലോ ഒക്കെ യാത്ര ചെയ്യുന്നതാണ് കൂടുതല്‍ ദുരന്ത സാധ്യത ഉണ്ടാക്കുന്നത്. ആ യാത്രകള്‍ ആണ് എപ്പോഴും ഒഴിവാക്കാൻ നോക്കുന്നത്.സുരക്ഷിതമായിരിക്കുക













