കേരളത്തിലെ തണ്ണീർത്തടങ്ങളും പാടശേഖരങ്ങളും സംരക്ഷിക്കുന്നതിന് വിവിധ പദ്ധതികളുടെ മേൽവിലാസത്തിൽ ഓരോ വർഷവും കോടിക്കണക്കിന് രൂപയാണ് പൊതുജനാവിൽ നിന്ന് ചെലവഴിക്കുന്നത്. എന്നാൽ പലപ്പോഴും ഇത്തരം പദ്ധതികൾ വിജയമാകാത്തതിന് കാരണം ഇത്തരം പദ്ധതികളുടെ മറവിൽ നടക്കുന്ന വൻ അഴിമതിയാണ്. പൊതു ഖജനാവിൽ നിന്നും ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നും ലക്ഷകണക്കിന് രൂപ തട്ടിച്ച് പാലായിൽ നടന്ന ഒരു അഴിമതിയുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇവിടെ നാട്ടിലെ നിയമങ്ങൾക്ക് പുല്ലുവില കൽപ്പിച്ച് അഴിമതിയുടെ ആനുകൂല്യത്തിൽ നേട്ടങ്ങൾ കൊയ്തതും പ്രകൃതി ചൂഷണം നടത്തിയതും കർത്താവിൻറെ മണവാട്ടിമാരായ സന്യസ്ത സഭാംഗങ്ങൾ ആണെന്നുള്ളതാണ് ഞെട്ടിക്കുന്ന വസ്തുത.

പാലാ വെള്ളാപ്പാട് ഭാഗത്ത് പഴയ വെള്ളാപ്പാട് കണ്ടത്തിന്റെ ഭാഗമായതും, ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ടതും കർമ്മലിത്ത സന്ന്യസ്ത സമൂഹത്തിൻറെ ഉടമസ്ഥതയിലുമുള്ള ഏക്കർ കണക്കിന് ഭൂമിയാണ് അനധികൃതമായി നികത്തിയത്. ഇവിടെ നിലം നികത്തൽ നടത്തി എന്ന് മാത്രമല്ല ഇതിനു ഒത്താശ ചെയ്തത് സംസ്ഥാനത്തെ ജല വിഭവ വകുപ്പാണ് എന്നുകൂടി അറിയുമ്പോഴാണ് കാര്യങ്ങളുടെ ഗൗരവം വർദ്ധിക്കുന്നത്. ളാലം വില്ലേജ് ബ്ലോക്ക് നമ്പർ 80ൽ പെട്ട 22/15, 22/28 എന്നീ സർവ്വേ നമ്പറുകളിൽ ഉൾപ്പെട്ടിരിക്കുന്ന ഭൂമിക്ക് ചുറ്റും ജലവ വിഭവ വകുപ്പിന്റെ പദ്ധതിയിൽപ്പെടുത്തി തണ്ണീർത്തട ഭൂമി സംരക്ഷണത്തിനായി ആദ്യം തന്നെ കല്ല് കെട്ടി കൊടുത്തിരുന്നു.
സംരക്ഷണഭിത്തിയുടെ നിർമ്മാണം പൂർത്തിയായതോടെ വസ്തുവിന്റെ അതിരിലൂടെ ഒഴുകിയിരുന്ന തോട്ടിൽ നിന്നും മണ്ണു കോരി തണ്ണീർത്തടം നികത്തുവാൻ ആരംഭിച്ചു. ഇത്തരത്തിൽ തണ്ണീർത്തടം സംരക്ഷിക്കുന്നതിന് വേണ്ടി ചെലവാക്കേണ്ട സർക്കാർ ഫണ്ടാണ് തണ്ണീർത്തട നശീകരണത്തിന് ഉപയോഗിച്ചത്. ജലവിഭവ വകുപ്പിലെ അധികൃതരുടെ മേൽനോട്ടത്തിൽ തന്നെ ഇത്തരം ഒരു സംഭവം നടന്നു എന്നുള്ളതിനാൽ ഇതിനു പിന്നിൽ രാഷ്ട്രീയ തലത്തിലെ ഇടപെടലുകളും സംശയിക്കേണ്ടിയിരിക്കുന്നു.

സർക്കാർ കരാറുകാരന്റെ യന്ത്രസാമഗ്രികളും ജീവനക്കാരെയും ഉപയോഗിച്ചാണ് അനധികൃതമായി തോട്ടിൽ നിന്നും മണ്ണുവാരി നിലം നികത്താൻ ആരംഭിച്ചത്. തോട്ടിലെ മണ്ണ് പരമാവധി ചൂഴ്ന്നെടുത്തതിനുശേഷം അനധികൃതമായി ഇങ്ങോട്ടേക്ക് ഒരു പാലം നിർമ്മിച്ച് പുറത്തുനിന്ന് എത്തിച്ച പച്ചമണൽ അടിച്ചും നിലം നികത്തി. പാരലൽ റോഡിനും, പാലാ മെയിൻ റോഡിനും ഇടയിൽ കിടക്കുന്ന ഈ ഭൂമി പുരയിടം ആകുമ്പോൾ വില കോടികൾ കവിയും. ഇത്തരത്തിൽ കേവലമായ ധനസമ്പാദനത്തിനു വേണ്ടി സന്യസമൂഹം നടത്തിയിരിക്കുന്ന അഴിമതിയും പ്രകൃതി വിഭവങ്ങളുടെ ചൂഷണവും പ്രകൃതിക്ക് ഉണ്ടാക്കുന്ന ആഘാതങ്ങളും, ഇതുമൂലം സൃഷ്ടിക്കപ്പെടുന്ന വെള്ളപ്പൊക്ക സാധ്യതകളും സാമൂഹിക പ്രതിബദ്ധത പുലർത്തേണ്ട സന്യസ്തരും ഉദ്യോഗസ്ഥരും അവഗണിച്ചു എന്നതാണ് ഞെട്ടിക്കുന്ന യാഥാർത്ഥ്യം.
To be continued ….

















