പാലായിൽ അധികൃതരുടെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ഒത്താശയോടെ ഇന്നത്തെ നിലം നികത്തൽ. നഗരസഭാ പരിധിക്കുള്ളിൽ വലവൂർ റൂട്ടിൽ മുണ്ടുപാലം സെമിനാരി പടിയിലാണ് നിയമങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് ഭൂമാഫിയയുടെ വിളയാട്ടം. പെരുമഴ പെയ്യുന്ന സമയത്ത് അനധികൃതമായി പാടം നികത്താൻ നൂറുകണക്കിന് ലോഡ് മണ്ണ് എത്തിക്കുമ്പോൾ ഇതുമൂലം റോഡ് തകരുകയും ജനങ്ങളുടെ ജീവിതം ദുരിതത്തിൽ ആകുകയും ചെയ്യുന്നു എന്നത് മറ്റൊരു വസ്തുതയാണ്.

ളാലം ബ്ലോക്ക് പഞ്ചായത്ത് അംഗവും കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് നേതാവുമായ ഷിബു പൂവേലിയുടെ സഹോദരൻ രാജു സെബാസ്റ്റ്യൻ പൂവേലിയുടെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കർ വസ്തുവാണ് ഇത്തരത്തിൽ നികത്തുന്നത്. ളാലം വില്ലേജിൽ ബ്ലോക്ക് നമ്പർ 89ൽ പെട്ടതും 3663, 3664 എന്നീ തണ്ടപ്പേരുകളിൽ രജിസ്റ്റർ ചെയ്തതും, 37/10 എന്ന സർവ്വേ നമ്പറിൽ പെട്ടതുമായ 1 ഏക്കർ 10 സെന്റ് പാടശേഖരമാണ് ഇപ്പോൾ നികത്തിയെടുക്കുന്നത്. വീട് പണിയുന്നതിന് ആയി 25 സെന്റ് സ്ഥലം നികത്തിയെടുക്കാനുള്ള പെർമിറ്റിന്റെ മറവിലാണ് അനധികൃത നികത്തൽ തകൃതിയായി നടക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പട്ടാപ്പകൽ സ്കൂൾ ടൈം പോലും കാറ്റിൽ പറത്തിയാണ് ടിപ്പർ ലോറികൾ ഇവിടേക്കുള്ള മണ്ണുമായി പാഞ്ഞെത്തുന്നത് എന്നും ആക്ഷേപമുണ്ട്. റവന്യൂ അധികൃതരും പോലീസും ഒരുപോലെ കണ്ണടയ്ക്കുന്നത് ഭൂ മാഫിയയുടെ രാഷ്ട്രീയ പിടിപാട് മൂലം ആണെന്നും, അധികാരികളുടെ കീശ കൃത്യമായി നിറയുന്നത് കൊണ്ടാണെന്നും വിലയിരുത്തേണ്ടി വരും. സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മിലെ പ്രമുഖ നേതാക്കൾക്കും, നഗരഭരണം നടത്തുന്ന കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ പ്രമുഖ നേതാക്കൾക്കും ഈ നിയമവിരുദ്ധ നിലപാടിലുള്ള അവിഹിത പങ്കാളിത്തത്തിന് പിന്നിലും കൈക്കൂലി പണത്തിന്റെ കരുത്താണ് എന്നും സംശയിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രീയ വൈരുദ്ധ്യങ്ങളും എതിർപ്പുകളും അഴിമതിയുടെ കാര്യം വരുമ്പോൾ അലിഞ്ഞില്ലാതാകുന്ന അത്ഭുത കാഴ്ചയാണ് പാലായിൽ നടക്കുന്ന അനധികൃത നിലം നികത്തലിൽ വെളിപ്പെടുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക