നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് യുഡിഎഫിനും മുന്നണിക്ക് നേതൃത്വം നൽകുന്ന കോൺഗ്രസിനും ജീവൻ മരണ പോരാട്ടമാണ്. പി വി അൻവർ വിഷയത്തിൽ വി ഡി സതീശൻ സ്വീകരിച്ച നിലപാടിനെ ചൊല്ലി മുന്നണിക്കുള്ളിൽ പോലും അഭിപ്രായവ്യത്യാസം ഉയർന്ന സാഹചര്യത്തിൽ പ്രതിപക്ഷ നേതാവിനും ഇത് അഭിമാന പോരാട്ടവും രാഷ്ട്രീയ നിലനിൽപ്പിന്റെ അടിസ്ഥാനവുമാണ്. അതുകൊണ്ടുതന്നെ ഇടതുമുന്നണിയുടെ സിറ്റിംഗ് മണ്ഡലം മിന്നും വിജയത്തോടെ കരസ്ഥമാക്കുവാൻ ഒരേ മനസ്സോടെയാണ് കോൺഗ്രസ് പ്രചരണ രംഗത്ത് ഇറങ്ങിയിരിക്കുന്നത്.
ആര്യാടൻ മുഹമ്മദ് മൂന്നു പതിറ്റാണ്ട് കാലം തുടർച്ചയായി വിജയിച്ച മണ്ഡലം കോൺഗ്രസിന് കൈവിട്ടു പോയത് 2016ലെ പൊതു തെരഞ്ഞെടുപ്പിൽ ആര്യാടൻ മുഹമ്മദ് തെരഞ്ഞെടുപ്പ് രംഗത്ത് നിന്ന് വിട്ടുനിന്നതോടെയാണ്. 2016ലെ തെരഞ്ഞെടുപ്പിൽ പി വി അൻവറിനോട് പരാജയപ്പെട്ട ആര്യാടൻ ഷൗക്കത്ത് തന്നെയാണ് 2025ലെ ഉപതിരഞ്ഞെടുപ്പിലും യുഡിഎഫ് സ്ഥാനാർത്ഥി. കൈവിട്ട മണ്ഡലം ആധികാരികമായ വിജയത്തോടെ തിരികെ പിടിക്കുവാൻ പഴുതടച്ചുള്ള പ്രചരണ തന്ത്രങ്ങൾക്കാണ് വിഡി സതീഷന്റെയും സണ്ണി ജോസഫിന്റെയും നേതൃത്വത്തിലുള്ള കോൺഗ്രസ് പദ്ധതി ഒരുക്കുന്നത്.
അതിനാൽ തന്നെ എംഎൽഎമാർ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾക്കാണ് ഓരോ പഞ്ചായത്തിന്റെയും ചുമതലകൾ വീതിച്ചു നൽകിയിരിക്കുന്നത്. നിയോജകമണ്ഡലത്തിന്റെ പൂർണ്ണ ചുമതല കെപിസിസി ജനറൽ സെക്രട്ടറിമാരായ അഡ്വക്കേറ്റ് സോണി സെബാസ്റ്റ്യൻ അഡ്വക്കേറ്റ് പി എ സലിമിനും ആണ്. അതിനാൽ തന്നെ എംഎൽഎമാർ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾക്കാണ് ഓരോ പഞ്ചായത്തിൻറെയും ചുമതലകൾ വീതിച്ചു നൽകിയിരിക്കുന്നത്. നിയോജകമണ്ഡലത്തിന്റെ പൂർണ്ണ ചുമതല കെപിസിസി ജനറൽ സെക്രട്ടറിമാരായ അഡ്വക്കേറ്റ് സോണി സെബാസ്റ്റ്യൻ അഡ്വക്കേറ്റ് പി എ സലിമിനും ആണ്. പ്രചരണ ഓഫീസ് ചുമതല വഹിക്കുന്നത് കെ സുധാകരന്റെ വിശ്വസ്തനായ കെപിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ജയന്തും, ജ്യോതി കുമാർ ചാമക്കാലയുമാണ്.
എംഎൽഎമാരായ അഡ്വക്കേറ്റ് മാത്യു കുഴൽനാടൻ, റോജി എം ജോൺ, അഡ്വക്കേറ്റ് സജീവ് ജോസഫ്, സി ആർ മഹേഷ്, എം വിൻസെന്റ്, അൻവർ സാദത്ത്, ചാണ്ടി ഉമ്മൻ, ഐസി ബാലകൃഷ്ണൻ, എൽദോസ് കുന്നപ്പള്ളി, ടി സിദ്ദിഖ് എന്നിവരാണ് മണ്ഡല ചുമതലയിൽ ഉള്ളത്. ഇവരെ കൂടാതെ ഓരോ മണ്ഡലത്തിലും കെപിസിസി ഭാരവാഹികളും, മുൻ എംഎൽഎമാരും എംപിമാരും ചുമതലക്കാരായി ഉണ്ട്. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ചുമതല ലഭിച്ചില്ല എന്ന് പരിഭവം പറഞ്ഞ ചാണ്ടി ഉമ്മനും പട്ടികയിലുണ്ട് എന്നതാണ് ശ്രദ്ധേയം. ഇവരെ കൂടാതെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടം എംഎൽഎ, അബിൻ വർക്കി, ജെബി മേത്തർ എംപി എന്നിവരും മണ്ഡലത്തിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.

പ്രചരണ ഏകോപനം കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, വർക്കിംഗ് പ്രസിഡണ്ടുമാരായ കെപി അനിൽ കുമാർ എംഎൽഎ, പി സി വിഷ്ണുനാഥ് എംഎൽഎ, ഷാഫി പറമ്പിൽ എംപി എന്നിവരാണ് നിർവഹിക്കുന്നത്. കോൺഗ്രസ് നേതാക്കൾക്കൊപ്പം തന്നെ മുസ്ലിം ലീഗും എംഎൽഎമാർക്ക് ഓരോ മണ്ഡലം വിഭജിച്ച് ചുമതല നൽകിയിട്ടുണ്ട്. കേരള കോൺഗ്രസ്, ആർഎസ്പി, സിഎംപി ഉൾപ്പെടെയുള്ള യുഡിഎഫ് ഘടകകക്ഷി നേതാക്കളും വരും ദിവസങ്ങളിൽ മണ്ഡലത്തിൽ പ്രചരണ രംഗത്ത് സജീവമാകും.

















