കടല്‍വിഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള സദ്യ കഴിച്ച് കടല്‍മത്സ്യത്തിന്റെ വിശ്വാസ്യത ജനത്തെ ബോധ്യപ്പെടുത്തി കെ.സി. വേണുഗോപാല്‍ എംപിയും സി.ആർ. മഹേഷ് എംഎല്‍എയും. മറ്റു ജനപ്രതിനിധികളും ഒപ്പം കൂടി. കൊച്ചി പുറംകടലില്‍ കപ്പല്‍ മുങ്ങി കണ്ടെയ്നറുകള്‍ തീരത്തടിഞ്ഞ പശ്ചാത്തലത്തില്‍ ആലപ്പാട് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിലാണ് ചെറിയഴീക്കല്‍ ഫിഷ് ലാൻഡിങ് സെന്ററില്‍ സദ്യ നടത്തിയത്. മരച്ചീനിക്കൊപ്പം മത്തി, ചൂട മത്സ്യങ്ങള്‍ കറിവെച്ചതും പൊള്ളിച്ചതും സദ്യയില്‍ ഉള്‍പ്പെടുത്തി.
ജനപ്രതിനിധികളും സാമുദായികനേതാക്കളും മത്സ്യത്തൊഴിലാളികളും ഒരുമിച്ചിരുന്നാണ് മത്സ്യവിഭവങ്ങള്‍ കഴിച്ചത്. കപ്പലപകടത്തിനു പിന്നാലെ, കടല്‍മത്സ്യങ്ങള്‍ സുരക്ഷിതമല്ലെന്ന ഭീതി പരന്നിരുന്നു. ഈ സാഹചര്യത്തിലാണ് കടല്‍വിഭവങ്ങളുടെ ഗുണനിലവാരം ജനങ്ങള്‍ക്ക് മനസ്സിലാക്കിക്കൊടുക്കാൻ എംപിയും എംഎല്‍എയും മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം സദ്യകഴിച്ചത്.കടല്‍മത്സ്യങ്ങള്‍ കഴിക്കുന്നത് ജീവന് ആപത്താണെന്ന പ്രചാരണം അവാസ്തവമാണെന്നും ഇത് തള്ളിക്കളഞ്ഞ് മത്സ്യത്തൊഴിലാളികള്‍ക്ക് പിന്തുണനല്‍കാൻ പൊതുസമൂഹം മുന്നോട്ടുവരണമെന്നും കെ.സി. വേണുഗോപാല്‍ എംപി പറഞ്ഞു.
തുടർച്ചയായ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കാരണം സ്ഥിരമായി മത്സ്യബന്ധനത്തിനു പോകാൻ കഴിയാത്ത സ്ഥിതിയിലാണ് മത്സ്യത്തൊഴിലാളികള്‍. ഇതോടൊപ്പം കപ്പല്‍ അപകടവുമായി ബന്ധപ്പെട്ട ആശങ്കകള്‍കൂടി പരന്നതോടെ ഇവരുടെ ജീവിതം പ്രതിസന്ധിയിലായിരുന്നു. കടല്‍മീൻ കഴിക്കരുതെന്ന പ്രചാരണങ്ങള്‍ക്ക് മീൻ കഴിച്ചുതന്നെ മറുപടിയുമായി മന്ത്രി കെ.എൻ. ബാലഗോപാലും രംഗത്തെത്തിയിരുന്നു. വ്യാഴാഴ്ച മത്സ്യഫെഡിന്റെ കൊല്ലത്തെ സിപിസി കേന്ദ്രത്തില്‍ നടന്ന ബോധവത്കരണപരിപാടിയില്‍ കണമ്ബും പാരയും കേരച്ചൂരയും കഴിച്ചാണ് പ്രചാരണങ്ങളോട് മന്ത്രി പ്രതികരിച്ചത്.

















