കേരളത്തില്‍ തെരുവുനായ ശല്യം അതിരൂക്ഷമായിവരുകയാണ്. നിരവധി ആളുകള്‍ക്കാണ് ഇവയുടെ ആക്രമണത്തില്‍ ജീവൻ നഷ്ടമാകുകയും ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുള്ളത്.ഓരോ ദിവസവും ഇവയുടെ ആക്രമണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വാർത്തകളാണ് രാജ്യത്തിന്റെ ഓരോ ഭാഗത്തുനിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
പൊതുനിരത്തുകളില്‍ പോലും ആളുകള്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇതിനിടയിലാണ് ഡല്‍ഹിയില്‍ നിന്നും വൈറലായ ഒരു ദൃശ്യം സോഷ്യല്‍ മീഡിയയെ രോഷം കൊള്ളിച്ചത്. സർവൈലൻസ് വാഹനത്തില്‍ നിന്ന് തെരുവ് നായ്ക്കളെ മോചിപ്പിക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് പരക്കെ വിമർശനത്തിന് കാരണമായത്.
സർവൈലൻസ് വാഹനത്തിന് പിന്നാലെ ബൈക്കില്‍ സഞ്ചരിച്ച യുവാവാണ് വാഹനത്തിന്റെ പൂട്ട് തുറന്ന് നായ്ക്കളെ റോഡില്‍ ചാടി രക്ഷപെടാൻ അനുവദിച്ചത്. ഡല്‍ഹിയിലാണ് സംഭവം നടന്നതെങ്കിലും എന്നാണെന്നോ എപ്പോഴാണെന്നോ വ്യക്തമല്ല.
ഇൻസ്റ്റാഗ്രാമില്‍ പങ്കുവെക്കപ്പെട്ട വീഡിയോയില്‍ റോഡിലൂടെ നിറയെ തെരുവ് നായ്ക്കളുമായി ഒരു നിരീക്ഷണ വാഹനം കടന്നുപോകുകയാണ്. ഇതിനു തൊട്ടുപിന്നാലെ ഇരുചക്ര വാഹനത്തില്‍ ഒരു യുവാവ് എത്തുകയും ഇയാള്‍ നിരീക്ഷണ വാഹനത്തിന് സമീപം എത്തി, അതിന്റെ ലോക്ക് അണ്‍ലോക്ക് ചെയ്യുകയും നായ്ക്കളെ പുറത്തേക്ക് ചാടാൻ അനുവദിക്കുകയും ചെയ്യുന്നു. “ഒരു മനുഷ്യൻ ഒരു നിരീക്ഷണ വാഹനത്തില്‍ നിന്ന് ഒരു കൂട്ടം നായ്ക്കളെ മോചിപ്പിക്കുന്നത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അവന്റെ പ്രവൃത്തിയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്” എന്നു കുറിച്ചുകൊണ്ട് @theviralwatchofficial , എന്ന അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.













