ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ സ്ഥാനാർഥി തർക്കത്തില്‍ വൈകാരിക കുറിപ്പുമായി അന്തരിച്ച മുന്‍ ഡിസിസി പ്രസിഡന്‍റ് വി വി പ്രകാശിന്‍റെ മകള്‍ നന്ദന രംഗത്ത്. അച്ഛന്‍റെ ഓർമ്മകള്‍ക്ക് മരണമില്ല. ജീവിച്ചു മരിച്ച അച്ഛനെക്കാള്‍ ശക്തിയുണ്ട്, മരിച്ചിട്ടും മനസ്സില്‍ ജീവിക്കുന്ന അച്ഛന്. അച്ഛന്‍റെ ഓർമ്മകള്‍ ഓരോ നിലമ്ബൂരുകാരന്‍റേയും മനസ്സില്‍ എരിയുന്നു. അതൊരിക്കലും കേടാത്ത തീ ആയി പടരുമെന്ന് കുറിപ്പില്‍ പറയുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രകാശിനെ ഷൌക്കത്ത് കാലുവാരി എന്ന് ആരോപണം ഉയർന്നിരുന്നു. അതിനാൽ ഷൗക്കത്ത് സ്ഥാനാർഥി ആകുമെന്ന ചർച്ചകള്‍ക്കിടെ പുറത്ത് വന്ന പോസ്റ്റിന് ഏറെ രാഷ്ട്രീയ മാനമുണ്ട്. ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കിയാൽ വി വി പ്രകാശിന്റെ കുടുംബം പരസ്യപ്രതിഷേധവുമായി രംഗത്തെത്താനും സാധ്യതയുണ്ടെന്നും വാർത്തകൾ ഉണ്ട്.
ഷൗക്കത്ത് സ്ഥാനാർഥിയായാൽ താൻ ചിലപ്പോൾ സ്വതന്ത്രനായി മത്സരിച്ചേക്കും എന്ന സൂചന രാജിവച്ച നിലമ്പൂർ എംഎൽഎ പി വി അൻവർ നൽകിയിട്ടുണ്ട്. ടിക്കറ്റ് നിഷേധിക്കപ്പെടുന്ന സാഹചര്യത്തിൽ പ്രതിഷേധം അറിയിക്കുവാൻ മലപ്പുറം ഡിസിസി അധ്യക്ഷൻ കൂടിയായ വിഎസ് ജോയിയും തീരുമാനമെടുത്തിട്ടുണ്ട്. ഇതെല്ലാം തന്നെ യുഡിഎഫ് സ്ഥാനാർത്ഥിനിർണയം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ദിവസങ്ങൾക്കു മുമ്പ് മാത്രം ചുമതലയേറ്റ പുതിയ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എംഎൽഎയ്ക്കും അദ്ദേഹത്തിന് ഒപ്പം ചുമതലയ പാർട്ടി വർക്കിംഗ് പ്രസിഡണ്ടുമാർക്കും യുഡിഎഫ് കൺവീനർക്കും നിലമ്പൂരിലെ സ്ഥാനാർത്ഥി പ്രഖ്യാപനം അഗ്നി പരീക്ഷയായി മാറുകയാണ്. വി ഡി സതീശൻ ഷൗക്കത്തിനെ പിന്തുണയ്ക്കുമ്പോൾ വിഎസ് ജോലിക്ക് കെ സി വേണുഗോപാലിന്റെ പിന്തുണയുണ്ട്. കഴിഞ്ഞ നാല് ഉപതിരഞ്ഞെടുപ്പുകളിലും മണിക്കൂറുകൾക്കകം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച യുഡിഎഫിന് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് 24 മണിക്കൂറിനു ശേഷവും സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ കഴിയാത്തതും പോരായ്മയാണ്.

















