പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ മകളെ കൊലപ്പെടുത്തി പിതാവ്. മൂന്നു മക്കളുടെ പിതാവായ മഹാരാഷ്ട്ര നാന്ദേഡിലെ കെരൂർ നിവാസിയായ പാണ്ഡുരംഗ് കൊണ്ടമംഗലെയാണ് തന്‍റെ ഇരട്ട പെണ്‍കുട്ടികളില്‍ ഒരാളെ കനാലില്‍ മുക്കി കൊലപ്പെടുത്തിയത്. മഹാരാഷ്ട്ര സ്വദേശിയായ ഇയാള്‍ ഹൈദരാബാദില്‍ മകളെ എത്തിച്ചാണ് കൊലപാതകം നടത്തിയത്. രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവർക്ക് മഹാരാഷ്ട്രയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ യോഗ്യതയില്ല. എന്നാല്‍ പാണ്ഡുരംഗന് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായി. ഇതോടെയാണ് മൂന്ന് കുട്ടികളില്‍ ഒരാളായ പ്രാച്ചിയെ പാണ്ഡുരംഗ് കൊലപ്പെടുത്തിയത്.
നിസാമാബാദിലെ നിസാംസാഗർ കനാലില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ പാണ്ഡുരംഗ് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തിയത്. രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് ഇയാള്‍ക്കുള്ളത്. ആറ് മാസത്തിനുള്ളില്‍ മഹാരാഷ്ട്രയില്‍ തദ്ദേശ തെരഞ്ഞെടുപ്പാണ്. കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് ഒരു മകളെ വളർത്താനായി നല്‍കാമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ഇത് നടന്നില്ല. ഒടുവില്‍ ഇരട്ടകളായ പെണ്‍മക്കളില്‍ ഒരാളെ തെലങ്കാനയില്‍ എത്തിച്ച് നിസാമാബാദിലെ കനാലില്‍ മുക്കികൊല്ലാൻ പാണ്ഡുരംഗ് തീരുമാനിച്ചു. ഒരാളുടെ സഹായത്തോടെ നിസാമാബാദിലെ നിസാംസാഗർ കനാലില്‍ മകളെ ഇയാള്‍ മുക്കി കൊല്ലുകയായിരുന്നു.
കനാലില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതോടെ കുട്ടിയുടെ ഫോട്ടോ പൊലീസ് വാട്ട്സ്‌ആപ്പിലൂടെ വിവധ പൊലീസ് സ്റ്റേഷനുകളിലേക്ക് അയച്ചിരുന്നു. ഒടുവില്‍ മഹാരാഷ്ട്രിയിലെ മുഖേദ് താലൂക്കിലെ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ച പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞു. പൊലീസ് പാണ്ഡുരംഗനെ ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായ മറുപടികളാണ് നല്‍കിയത്.
സംശയം തോന്നിയ പൊലീസ് ഫോണ്‍ പരിശോധിച്ച് ടവർ ലൊക്കേഷനുകള്‍ ട്രാക്ക് ചെയ്തപ്പോള്‍ പാണ്ഡുരംഗ് തെലങ്കാനയില്‍ പോയതായി കണ്ടെത്തി. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. പിന്നാലെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. കൊലപാതകം ആസൂത്രണം ചെയ്യാൻ സഹായിച്ച ഗണേഷ് ഷിൻഡെ എന്നയാളെയും പൊലീസ് അറസ്റ്റു ചെയ്തു. നിലവില്‍ പഞ്ചായത്ത് അംഗമാണ് അറസ്റ്റിലായ ഷിൻഡെ.

















