വിവാഹമോചനത്തെ ഒരു സാമൂഹിക കളങ്കമായി കാണുന്ന രീതിക്കെതിരെ വേറിട്ട നിലപാടുമായി ഉത്തർപ്രദേശിലെ ഒരു മുൻ ജഡ്ജി.വിവാഹമോചനം നേടി വീട്ടിലേക്ക് തിരിച്ചെത്തിയ ഏക മകള്‍ പ്രനീത വസിഷ്ഠയെ ചെണ്ടമേളങ്ങളുടെയും മാലകളുടെയും മധുരപലഹാരങ്ങളുടെയും അകമ്പടിയോടെയാണ് വിരമിച്ച ജഡ്ജിയായ ജ്ഞാനേന്ദ്ര കുമാർ ശർമ്മ സ്വീകരിച്ചത്.
ശനിയാഴ്ച കുടുംബ കോടതി വിവാഹമോചനം അനുവദിച്ചതിന് പിന്നാലെയായിരുന്നു ഈ ആഘോഷപൂർവ്വമായ വരവേല്‍പ്പ്. ബന്ധുക്കള്‍ മാലയിട്ട് പ്രനീതയെ സ്വീകരിക്കുകയും മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. കുടുംബാംഗങ്ങളില്‍ പലരും “I Love My Daughter” എന്ന് എഴുതിയ കറുത്ത ടി-ഷർട്ടുകള്‍ ധരിച്ചാണ് തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചത്.
2018 ഡിസംബർ 19-നാണ് ഷാജഹാൻപൂർ സ്വദേശിയായ ആർമി മേജറുമായി പ്രനീതയുടെ വിവാഹം നടന്നത്. എന്നാല്‍ അധികം വൈകാതെ തന്നെ ശാരീരികവും മാനസികവും വൈകാരികവുമായ പീഡനങ്ങള്‍ പ്രനീതയ്ക്ക് നേരിടേണ്ടി വന്നുവെന്ന് അഭിഭാഷകർ പറഞ്ഞു. ഒരു മകൻ ജനിച്ചുവെങ്കിലും ബന്ധം മെച്ചപ്പെട്ടില്ല. ഇതോടെയാണ് നിയമപരമായ വേർപിരിയലിന് പ്രനീത തീരുമാനമെടുത്തത്.
ഈ വിഷയത്തില്‍ ജ്ഞാനേന്ദ്ര കുമാർ ശർമ്മ പറയുന്നത് “എന്റെ മകള്‍ അവളുടെ വിവാഹജീവിതത്തില്‍ സന്തുഷ്ടയല്ലെങ്കില്‍, അവളെ ആ സാഹചര്യത്തില്‍ നിന്ന് പുറത്തുകൊണ്ടുവരേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. സമൂഹത്തിന്റെ പ്രതീക്ഷകളേക്കാള്‍ എനിക്ക് വലുത് എന്റെ മകളുടെ അന്തസ്സാണ്,” എന്നാണ്. വിവാഹമോചനത്തിന് പകരമായി ഭർത്താവില്‍ നിന്ന് യാതൊരുവിധ ജീവനാംശവും വാങ്ങേണ്ടതില്ലെന്നും കുടുംബം തീരുമാനിച്ചു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദധാരിയായ പ്രനീത നിലവില്‍ ഒരു ജുഡീഷ്യല്‍ അക്കാദമിയില്‍ ഫിനാൻസ് ഡയറക്ടറായി ജോലി ചെയ്യുകയാണ്.
വിവാഹജീവിതത്തില്‍ താൻ മാനസികമായി തകർന്നുപോയിരുന്നുവെന്നും എന്നാല്‍ കുടുംബത്തിന്റെ പിന്തുണയാണ് തനിക്ക് കരുത്തായതെന്നും പ്രനീത പറഞ്ഞു. “ഒരു സ്ത്രീയും നിശബ്ദമായി പീഡനങ്ങള്‍ സഹിക്കരുത്. സ്വന്തം അന്തസ്സിനും ആത്മാഭിമാനത്തിനും വേണ്ടി നിലകൊള്ളണം,” പ്രനീത കൂട്ടിചേർത്തു. സമൂഹത്തില്‍ ഏറെ മാറ്റങ്ങള്‍ കൊണ്ടുവരാൻ സഹായിക്കുന്ന ധീരമായ ചുവടുവെപ്പാണിതെന്ന് മറ്റ് വിവാഹമോചിതരായ സ്ത്രീകളും അഭിപ്രായപ്പെട്ടു.

















