ആർക്ക് വോട്ട് ചെയ്താലും കോണ്‍ഗ്രസിന് വോട്ട് ചെയ്യരുത് എന്ന ആഹ്വാനവുമായി മുൻ ഡിജിപി ടി.പി സെൻകുമാർ.കേരളത്തിലെ പിന്നോക്ക വിഭാഗത്തിലുള്ളവരെ അവഗണിക്കുന്ന നിലപാട് സ്വീകരിച്ചത് കോണ്‍ഗ്രസ് ആണെന്നും അവർക്ക് വോട്ട് ചെയ്താല്‍ അത് ഡെത്ത് വാറന്റാവുമെന്നും ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച വിഡിയോയില്‍ പറയുന്നു.
സെൻകുമാറിന്റെ വിഡിയോയില്‍ പറയുന്നത്
‘ കേരളത്തിലെ ഈഴവ-തിയ്യ വിഭാഗങ്ങള്‍ ഏകദേശം 28 ശതമാനത്തോളം വരും. ധീവര, വിശ്വകർമ, കണിക,വൈശ സമുദായങ്ങളും എല്ലാമുണ്ട്. . എസ്‌സി,എസ്ടി വിഭാഗക്കാർ കൂടാതെ ഇല്ലാതെ ഏകദേശം 45 ശതമാനം പിന്നോക്ക വിഭാഗക്കാർ കേരളത്തിലുണ്ട്. എസ് സി എസ്ടി കൂടി ചേർന്നാല്‍ 54 ശതമാനം പിന്നോക്ക വിഭാഗക്കാർ കേരളത്തില്‍ ഉണ്ടാവും. ബാക്കി വരുന്നവരില്‍ 27 ശതമാനം മുസ് ലിം വിഭാഗത്തില്‍ നിന്നുള്ളവരും മറ്റുള്ള മുന്നോക്കകാരും ക്രൈസ്തവ വിഭാഗക്കാരുമാണ്.
ഓരോ വിഭാഗത്തിനും ഓരോ മുന്നണിയും എത്ര സീറ്റ് നല്‍കിയിട്ടുണ്ടെന്ന് നിങ്ങളൊന്ന് നോക്കൂ. വേറെ ഒന്നും കൊണ്ടല്ല, അല്‍പം മര്യാദപാലിക്കണ്ടേ.. നാഴികക്ക് 40 വട്ടം ഒബിസി എന്നു പറയുന്ന രാഹുല്‍ ഗാന്ധിയുടെ പാർട്ടി നല്‍കിയത് 18 ല്‍ താഴെ സീറ്റുകള്‍ മാത്രം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 9 പേർക്കാണ് മത്സരിക്കാൻ അവസരം കൊടുത്തത്. ഒരാളാണ് സഭയില്‍ പ്രതിനിധീകരിക്കാൻ ഉണ്ടായത്. കെ.ബാബു മാത്രം.
ഇങ്ങനെ പോയാല്‍ പോരാ. ഇത് മാറ്റി എഴുതേണ്ടതായിരിക്കുന്നു. ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സാമാന്യേന റെപ്പറസന്റേഷൻ നല്‍കിയിട്ടുണ്ട്. എൻഡിഎ 55 ഓളം സീറ്റ് കൊടുത്തിട്ടുണ്ട്. രണ്ടും ജനസംഖ്യാനുപാതത്തിലില്ല. കോണ്‍ഗ്രസ് എന്താണ് കൊടുത്തത് ? എല്ലാ പിന്നോക്ക വിഭാഗങ്ങളോടും എനിക്ക് പറയാനുള്ളത്- നിങ്ങള്‍ ഒരു കാരണവശാലും കോണ്‍ഗ്രസിന് വോട്ട് ചെയ്യരുത്. കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നത് നിങ്ങളുടെ ഡെത്ത് വാറണ്ടാണ് എന്ന് നിങ്ങള്‍ മനസിലാക്കണം. പറയേണ്ടി വന്നതില്‍ ദുഃഖമുണ്ട്. ഇതിനും ഉപരിയായി ചിന്തിച്ച് തുടങ്ങിയ ആളാണ്. ഒരു വിഭാഗത്തെ വിറക് വെട്ടികളും വെള്ളം കോരികളും ആക്കി പാർട്ടി ഒതുക്കി കൊണ്ടുവരുമ്പോള്‍ അതിനെതിരെ പ്രതിഷേധിക്കേണ്ടത് എന്നെ പോലുള്ളവരുടെ കടമയാണ്.
ഇത്തവണ ആർക്ക് വോട്ട് ചെയ്താലും കോണ്‍ഗ്രസിന് വോട്ട് ചെയ്യരുത്. അവരുടെ സ്ഥാനാർഥികളെ പരാജയപ്പെടുത്തണം. അവർക്ക് മനസിലാവണം ഭൂരിപക്ഷത്തിന്റെ ആവശ്യമില്ലേ എന്നത്. മുസ് ലിം ലീഗില്‍ മുസ് ലിം ഉണ്ട്. കോണ്‍ഗ്രസിലും മുസ് ലിം ഉണ്ട്. കേരള കോണ്‍ഗ്രസില്‍ ക്രൈസ്തവരുണ്ട്, കോണ്‍ഗ്രസിലുമുണ്ട്. പക്ഷേ, പിന്നോക്ക വിഭാഗക്കാർക്ക് മുസ് ലിം ലീഗിലോ കേരള കോണ്‍ഗ്രസിലോ സീറ്റ് കിട്ടുമോ ? മുസ് ലിം ലീഗ് രണ്ട് ഹിന്ദു സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നുണ്ട്. അത് എന്തിനാണെന്ന് എല്ലാവർക്കും അറിയാം. പക്ഷേ, അതിനേക്കാളെല്ലാം രൂക്ഷമായി ഇത് ചെയ്യുന്നത് കോണ്‍ഗ്രസാണ്. ഞാൻ പുറത്തുവന്ന് പറയാൻ നിർബന്ധിതനായിരിക്കുകയാണ്. കോണ്‍ഗ്രസ് സ്ഥാനാർഥി പരാജയപ്പെടാൻ ആർക്ക് വോട്ട് ചെയ്യണോ അത് ചെയ്യുക.’

















