സംസ്ഥാനത്ത് പരക്കെ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ സ്ഥലങ്ങളില്‍ അപകടവും നാശനനഷ്ടങ്ങളുമുണ്ടായി. തൃശൂർ-ഗുരുവായൂർ റൂട്ടില്‍ റെയില്‍വേ ട്രാക്കിലേക്ക് മരം മറിഞ്ഞുവീണതിനെത്തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. അമല പരിസരത്ത് ആണ് സംഭവം. റെയില്‍വേ ട്രാക്കില്‍ ഇലക്‌ട്രിക് ലൈനിലേക്ക് മരം വന്നു പതിച്ചത്. മരം ട്രാക്കില്‍ നിന്നും മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
എറണാകുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാർ തലകീഴായി മറിഞ്ഞ് അപകടം. എറണാകുളം കളമശ്ശേരി അപ്പോളോ ജങ്ഷന് സമീപത്തെ മേല്‍പ്പാലത്തില്‍ ഇന്ന് പുലർച്ചെ 5:15 നായിരുന്നു സംഭവം. അപകടത്തില്‍ വാഹനം ഓടിച്ചിരുന്ന കോട്ടയം സ്വദേശി ജയിംസിന് പരുക്കേറ്റു. ആലുവ ഭാഗത്തേക്ക് പോകുകയായിരുന്ന കാറിന് മുന്നില്‍ ഉണ്ടായിരുന്ന വാഹനം വെള്ളക്കെട്ട് കണ്ട് പെട്ടെന്ന് ബ്രേക്ക് ചെയ്യുകയായിരുന്നു. പിന്നാലെ കാറില്‍ വന്നിരുന്ന ജെയിംസ് കാർ പെട്ടെന്ന് വെട്ടിച്ചതോടെ കാറിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് പാലത്തിന്‍റെ സൈഡില്‍ ഇടിച്ച് മറിയുകയായിരുന്നു.
മൂവാറ്റുപ്പുഴ വടക്കെകടവില്‍ ഒരാളെ ഒഴുക്കില്‍പെട്ട് കാണാതായി. വള്ളിക്കട സ്വദേശി ജോബിനെ (42)ആണ് ഇന്നലെ രാത്രി കാണാതായത്. ജോബിനെ കണ്ടെത്താൻ തെരച്ചില്‍ ആരംഭിച്ചു.അതിശക്തമായ മഴയില്‍ മലപ്പുറം കരുളായിയില്‍ വീടിന്റെ മുകളിലേക്ക് മരം വീണു. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. കരുളായി പുലഞ്ചേരിയില്‍ രാത്രി 12 മണിയോടെയായിരുന്നു സംഭവം. ബിബിന്‍ ജോര്‍ജിന്റെ വീട്ടിലേക്കാണ് മരം പൊട്ടി വീണത്. അയല്‍വാസിയുടെ വീടിന്റെ മതിലും തകര്‍ന്നിട്ടുണ്ട്. ഫയര്‍ഫോഴ്സ് എത്തി മരം മുറിച്ചു മാറ്റി.
ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.കൊല്ലം, ആലപ്പുഴ, കാസര്‍കോട് ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.
ശക്തമായ കാറ്റിലും മഴയിലും മരക്കൊമ്ബ് വീണും മറ്റും വൈദ്യുതിക്കമ്ബികള്‍ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുണ്ടെന്നും പുറത്തിറങ്ങുമ്ബോള്‍ വലിയ ജാഗ്രത വേണമെന്നും കെഎസ്‌ഇബി മുന്നറിയിപ്പ് നല്‍കി. പൊട്ടിവീണ ലൈനില്‍ മാത്രമല്ല പരിസര പ്രദേശങ്ങളിലും വൈദ്യുതപ്രവാഹം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അടുത്തു പോവുകയോ സ്പര്‍ശിക്കുകയോ ചെയ്യരുത്. മറ്റാരെയും സമീപത്തേക്ക് പോകാന്‍ അനുവദിക്കുകയുമരുതെന്നും ഇത്തരം അപകടമോ അപകടസാധ്യതയോ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം തൊട്ടടുത്ത കെഎസ്‌ഇബി സെക്ഷന്‍ ഓഫീസിലോ 94 96 01 01 01 എന്ന എമര്‍ജന്‍സി നമ്ബരിലോ അറിയിക്കണമെന്നും കെഎസ്‌ഇബി അറിയിച്ചു.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ടാണ്. ഇവയില്‍ പാലക്കാട് ഒഴികെയുള്ള ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌പെഷ്യല്‍ ക്ലാസുകളും ട്യൂഷന്‍ ക്ലാസുകളുമുള്‍പ്പെടെ ഇന്ന് വെക്കരുതെന്നാണ് വിവിധ ജില്ലകളിലെ കളക്ടര്‍മാര്‍ അറിയിക്കുന്നത്. കണ്ണൂര്‍ സര്‍വകലാശാല ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചിട്ടുണ്ട്.കനത്ത മഴയില്‍ വിവിധ ഇടങ്ങളില്‍ ചെറിയ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. ഇടുക്കിയില്‍ രാത്രിയില്‍ ഉണ്ടായ മഴയില്‍ വിവിധ ഇടങ്ങളില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. നേരിമംഗലം റാണികല്ലില്‍ മരം വീണ് തടസപ്പെട്ട ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചിട്ടുണ്ട്. റോഡരികില്‍ നിന്ന മരം കടപുഴകി റോഡിലേക്ക് വീഴുകയായിരുന്നു.





