ജാതി മത സാമുദായിക സമവാക്യങ്ങൾ പാലിച്ചാണ് കോൺഗ്രസിൽ പുനഃസംഘടന നടക്കാറുള്ളത്. ഇതിനെതിരെ വ്യാപക വിമർശനങ്ങൾ പലപ്പോഴും ഉയർന്നു വരാറുള്ളപ്പോഴും എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യവുംഴ പങ്കാളിത്തവും ഉറപ്പാക്കാനുള്ള കോൺഗ്രസിൻറെ ശ്രമങ്ങൾ ആയിട്ട് ഇതിനെ വിലയിരുത്താറുണ്ട്. എന്നാൽ കോൺഗ്രസ് നേതാക്കൾ ജാതി തിരിഞ്ഞ് അണികളെ വേർതിരിക്കുന്നതും കൂടെ നിർത്തുന്നതും ആശാസ്യകരമായ കാര്യമല്ല.
ഇത്തരത്തിൽ ഒരു തരംതാഴ്ന്ന നടപടിയാണ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ ഭാഗത്തുനിന്ന് ഇന്ന് ഉണ്ടായിട്ടുള്ളത്. യുഡിഎഫ് കൺവീനറായി ചുമതലയേറ്റ ശേഷം അദ്ദേഹം ആദ്യമായി പാലായിൽ എത്തുകയും പാലാ ബിഷപ്പുമായി അരമണിക്കൂറോളം കൂടിക്കാഴ്ച നടത്തിക്കുകയും ചെയ്തു. പാർട്ടിയുടെ ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാരെയും, യുഡിഎഫ് നിയോജകമണ്ഡലം ചെയർമാനെയും, കൺവീനറെയു. അറിയിക്കാതെയായിരുന്നു മുന്നണി നേതാവിന്റെ അരമന സന്ദർശനം.
പാലാ അരമനയിൽ എത്തിയ അടൂർ പ്രകാശിനെ അനുഗമിച്ചത് കോട്ടയം ഡിസിസി ജനറൽ സെക്രട്ടറിയും എസ്എൻഡിപി നേതാവുമായ സി ടി രാജൻ മാത്രമായിരുന്നു. മികച്ച സംഘാടകനായ സി.ടി രാജൻ അടൂർ പ്രകാശിനെ അനുഗമിച്ചതല്ല പോരായ്മ, നേരെമറിച്ച് സ്വന്തം സമുദായത്തിൽപ്പെട്ട ഒരു നേതാവിനെ മാത്രം കൂട്ടി അടൂർ പ്രകാശ് പാലാ അരമനയിൽ എത്തിയതാണ് പോരായ്മ. ക്രൈസ്തവ വിശ്വാസികളായ, കത്തോലിക്കാ വിശ്വാസികളായ പാലാ രൂപത അംഗങ്ങളായ നിരവധി നേതാക്കൾ പാലായിൽ യുഡിഎഫിനും, കോൺഗ്രസിനും ഭാരവാഹികളായി ഉണ്ട് എന്നിരിക്കെ ഇവരെയെല്ലാം ഒഴിവാക്കി സ്വന്തം സമുദായത്തിൽപ്പെട്ട നേതാവിനെ മാത്രം കൂട്ടി അരമനയിൽ എത്തിയ യുഡിഎഫ് കൺവീനറുടെ നിലപാട് അപലപനീയമാണ് എന്ന് പറയേണ്ടിയിരിക്കുന്നു.
പാലാ അരമന സ്ഥിതി ചെയ്യുന്ന നഗരസഭ വാർഡിലെ കൗൺസിലറും കോൺഗ്രസുകാരനാണ്. ജോസ് കെ മാണിയുടെ സ്ഥാനാർത്ഥിയെ കടുത്ത പോരാട്ടത്തിനൊടുവിൽ പരാജയപ്പെടുത്തിയാണ് കോൺഗ്രസ് ഈ സീറ്റ് നേടിയെടുത്തത്. നിർണായകമായ തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തി നിൽക്കുമ്പോൾ യുഡിഎഫ് കൺവീനർ പോലും ജാതി തിരിഞ്ഞ് നേതാക്കളെ കൂട്ടി അരമന സന്ദർശനം നടത്തുന്നത് പാർട്ടിക്കും മുന്നണിക്കും ഭൂഷണമല്ല. എസ്എൻഡിപി കൺവീനർക്ക് യോജിച്ച വിധത്തിലും യുഡിഎഫ് കൺവീനർക്ക് യോജിക്കാത്ത വിധത്തിലുള്ള പെരുമാറ്റമാണ് ആറ്റിങ്ങൽ എംപി കൂടിയായ അടൂർ പ്രകാശിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.


















