കോട്ടയത്ത് കോൺഗ്രസ് ജില്ലാ നേതൃമാറ്റ ചർച്ചകൾ ആരംഭിക്കുന്നു എന്ന് റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായിട്ടാണ് എഐസിസി സെക്രട്ടറി പി വി മോഹൻ വെള്ളിയാഴ്ച ജില്ലയിൽ എത്തുന്നതെന്നാണ് അഭ്യൂഹങ്ങൾ. കെപിസിസി നേതൃമാറ്റത്തിന് പിന്നാലെ തന്നെ കേരളത്തിലെ 13 ഡിസിസികളിലും നേതൃ മാറ്റം ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഡിസിസി അധ്യക്ഷ പദവിയിൽ മാറ്റമുണ്ടായാൽ പ്രഥമ പരിഗണന ലഭിക്കുക ഫിൽസൺ മാത്യുവിനാണ്. നിലവിൽ കോട്ടയം ജില്ലയിലെ യുഡിഎഫ് കൺവീനർ കൂടിയാണ് ഫിൽസൺ. ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷൻ എന്ന നിലയിലും മികച്ച പ്രകടനം കാഴ്ചവച്ച ഇദ്ദേഹം ഒരു കോട്ടയത്തെ പ്രമുഖ അഭിഭാഷകൻ കൂടിയാണ്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ജോസഫ് ഗ്രൂപ്പ് സ്ഥാനാർത്ഥിയായ ഫ്രാൻസിസ് ജോർജിനുവേണ്ടി യുഡിഎഫിന്റെ ചിട്ടയായ പ്രവർത്തനത്തിന് ചുക്കാൻ പിടിച്ചതിന്റെ മികവും ഫിൽസൻ മാത്യുവിന് ഉണ്ട്.
കോൺഗ്രസിന്റെ മുതിർന്ന നേതാവും കെപിസിസി അച്ചടക്ക സമിതി അധ്യക്ഷനും കോട്ടയം എംഎൽഎയും ആയ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നിലപാടാണ് ജില്ലയിൽ പുതിയ അധ്യക്ഷന് തെരഞ്ഞെടുക്കുന്നതിൽ ഏറ്റവും നിർണായകമാകുക. അതു തന്നെയാണ് തിരുവഞ്ചൂരിന്റെ വിശ്വസ്തനായ ഫിൽസൺ മാത്യു അധ്യക്ഷപദവിയിൽ എത്തുമെന്ന് ഏറെക്കുറെ വിലയിരുത്തപ്പെടുന്നത്. ഒരേ സമയം മൃദുഭാഷിയും ദൃഢനിലപാടും അടിയുറച്ച പാർട്ടി കൂറും ഉള്ള ഇദ്ദേഹം കഴിഞ്ഞ വട്ടവും അവസാന റൗണ്ട് വരെ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട വ്യക്തിത്വമാണ്.
സീറോ മലബാർ കത്തോലിക്കരുടെ പ്രാധിതിത്യം അധ്യക്ഷ സ്ഥാനത്ത് ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ഒരു വിഭാഗം അഡ്വക്കേറ്റ് ബിജു പുന്നത്താനത്തിന്റെ പേരും, മറ്റൊരു വിഭാഗം അഡ്വക്കേറ്റ് സിബി ചേനപ്പാടിയുടെ പേരും അധ്യക്ഷ സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്നുണ്ട്. ഇവർ ഇരുവരും കെപിസിസി സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുവാൻ സാധ്യതയുള്ള നേതാക്കളാണ്. കോട്ടയത്തുനിന്ന് നിലവിൽ കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം അലങ്കരിക്കുന്ന നേതാക്കളിൽ ജോസി സെബാസ്റ്റ്യന് പദവി നഷ്ടപ്പെടാൻ സാധ്യതയുണ്ട് എന്നും മറ്റൊരു കെപിസിസി ജനറൽ സെക്രട്ടറിയായ പി എ സലീം പദവി നിലനിർത്തുമെന്നുമാണ് വിലയിരുത്തൽ.
നിലവിലെ അധ്യക്ഷൻ നാട്ടകം സുരേഷ് ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ കോൺഗ്രസ് പ്രതിനിധിയായി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങുമെന്നും ഏറെക്കുറെ ഉറപ്പാണ്. 2021ൽ ജോസഫ് ഗ്രൂപ്പ് മത്സരിച്ച ഈ സീറ്റ് കോൺഗ്രസിന് വിട്ടു നൽകുവാനും തത്വത്തിൽ ധാരണയായി എന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഡിസിസി അധ്യക്ഷന് ഒപ്പം തന്നെ ജില്ലാ ഉപാധ്യക്ഷൻമാരും ഡിസിസി ജനറൽ സെക്രട്ടറിമാരും ജില്ലയിൽ നിന്നുള്ള കെപിസിസി സെക്രട്ടറിമാരും മാറും എന്നാണ് വിലയിരുത്തൽ. യൂത്ത് കോൺഗ്രസ് നോമിനിയായി ജില്ലാ ഉപാധ്യക്ഷ പദവിയിലെത്തിയ ചിന്റു കുര്യൻ ഒഴികെയുള്ള ഡിസിസി ഉപാധ്യക്ഷന്മാർക്കെല്ലാം പദവി നഷ്ടപ്പെടുമെന്നാണ് സൂചന.
കെപിസിസി സെക്രട്ടറിമാരായ ഫിലിപ്പ് ജോസഫിനും കുഞ്ഞില്ലംപള്ളിയ്ക്കും സ്ഥാനഭ്രംശം ഉണ്ടാകും എന്നും സൂചനയുണ്ട്. ഇവർ ഇരുവരും മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി അധ്യക്ഷനായിരിക്കെ പദവിയിൽ നിയമിക്കപ്പെട്ടവരാണ്. ദീർഘകാലമായി പാർട്ടി പദവി കൈകാര്യം ചെയ്യുന്ന ഇവരെ സ്ഥാനത്തുനിന്ന് നീക്കി പുതുതലമുറയ്ക്ക് അവസരം നൽകണമെന്ന വാദവും ശക്തമായി ഉയരുന്നുണ്ട്. ഫിലിപ്പ് ജോസഫ് ഒരു പതിറ്റാണ്ട് കാലത്തോളം ആയി ഐഎൻടിയുസി ജില്ലാ അധ്യക്ഷ സ്ഥാനവും, കെപിസിസി ഭാരവാഹിത്വവും ഒരുമിച്ചു വഹിക്കുകയാണ്.

















