കാറിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റ ശരീരത്തില്‍ മുറിപ്പാടുകളും, കഴുത്തില്‍ കയറിട്ട് മുറുക്കിയ പാടും. സംഭവം കൊലപാതകമെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി. ഇടുക്കി ഏലപ്പാറയിലാണ് കഴിഞ്ഞ പതിനൊന്നാം തീയതി യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തണ്ണിക്കാനം പുത്തൻപുരയ്ക്കല്‍ ഷക്കീർ ഹുസൈനാണ് മരിച്ചത്.

ശനിയാഴ്ച ആറേ മുക്കാലോടെയാണ് ഷക്കീറിൻറെ കാർ വാഗമണ്‍ റോഡിലെ കടക്കു മുന്നില്‍ പാർക്കു ചെയ്തത്. സുഹൃത്താണ് കാർ ഓടിച്ചിരുന്നത്. ശനിയാഴ്ച രാവിലെ വീട്ടില്‍ നിന്നും പോയ ഷക്കീറിനെ കാണാതായതിനെ തുടർന്ന് അന്വേഷിച്ചെത്തിയ സഹോദരനാണ് വഴിയരികില്‍ പാർക്ക് ചെയ്തിരിക്കുന്ന കാർ കണ്ടത്. തുറന്നു നോക്കിയപ്പോള്‍ ഷക്കീറിനെ പിൻസീറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വാഹനത്തില്‍ രക്തക്കറയുള്ളതും ഷക്കിറിന്റെ ശരീരത്തില്‍ മുറിവുകള്‍ കണ്ടെത്തിയതുമാണ് കുടുംബത്തിൻറെ സംശയത്തിന് കാരണമായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴുത്തില്‍ കയറിട്ട് മുറുക്കിയ പാടുണ്ട്. ഇടത്തേ കൈ ഒടിഞ്ഞ നിലയിലാണ്. വയറിന് അടിഭാഗത്തെല്ലാം ഇടിച്ച്‌ കലക്കിയ നിലയിലാണ് എന്നും കുടുംബം വിശദമാക്കുന്നത്. ഷക്കീറിന്റെ വാഹനം ഓടിച്ചിരുന്ന പ്രവീണുമായി സുഹൃത് ബന്ധം ഷക്കീർ അവസാനിപ്പിച്ചിരുന്നതായതും ഷക്കീറിന്റെ ഭാര്യ ഷെമീന പറയുന്നത്.

ശ്വാസതടസ്സത്തെ തുടർന്നാണ് ഷക്കീർ മരിച്ചതെന്നാണ് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനം. ഛർദ്ദിച്ചപ്പോള്‍ ആഹാരത്തിൻറെ അവശിഷ്ടം ശ്വാസനാളത്തില്‍ കുടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. സംഭവ ദിവസം ഇയാള്‍ സുഹൃത്തുക്കള്‍ക്കൊപ്പം സംഘം ചേർന്നു മദ്യപിച്ചതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നുണ്ട്. വെള്ളിയാഴ്ച വാഗമണ്‍ പാലൊഴുകുംപാറയില്‍ വച്ച്‌ ഷക്കീറിന് മർദനമേറ്റിരുന്നു. ഈ രണ്ടു സംഭവങ്ങളിലും ഉള്‍പ്പെട്ടവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. കഞ്ചാവ് കൈവശം വെച്ചതിന് ഷക്കിറിനെ മുൻപ് എക്സൈസ് പിടികൂടിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക