പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയതിന് അറസ്റ്റിലായ വ്ലോഗർ ജ്യോതി മല്‍ഹോത്ര 3 മാസം മുൻപു കേരളത്തിലെത്തി കൊച്ചിൻ ഷിപ്‍യാഡ് ഉള്‍പ്പെടെ തന്ത്രപ്രധാന മേഖലകള്‍ പശ്ചാത്തലമാക്കി ദൃശ്യങ്ങള്‍ പകർത്തിയതായി സ്പെഷല്‍ ബ്രാഞ്ച് കണ്ടെത്തി. കൊച്ചിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍, ഷോപ്പിങ് മാളുകള്‍, മെട്രോ സ്റ്റേഷനുകള്‍, വാട്ടർ മെട്രോ എന്നിവിടങ്ങളില്‍നിന്നും ദൃശ്യങ്ങള്‍ പകർത്തി. മൂന്നാർ, തൃശൂർ കുത്താമ്ബുള്ളി നെയ്ത്തുഗ്രാമം, കണ്ണൂരിലെയും കോഴിക്കോട്ടെയും വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും എത്തിയതിന്റെ ദൃശ്യങ്ങള്‍ വ്ലോഗുകളില്‍ കണ്ടെത്തി.
പാക്ക് ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായി ബന്ധം പുലർത്തിയെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ കൈമാറിയെന്നും കണ്ടെത്തിയാണു ഹരിയാന സ്വദേശി ജ്യോതിയെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. യുട്യൂബില്‍ 3 ലക്ഷത്തിലധികം പേർ പിന്തുടരുന്ന ജ്യോതിയുടെ കേരളത്തില്‍നിന്നുള്ള വിഡിയോകളില്‍ അരമണിക്കൂറിലേറെ ദൈർഘ്യമുള്ള കൊച്ചി യാത്രാനുഭവമാണു പ്രധാനം. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍, ആരാധനാലയങ്ങള്‍, ചരിത്രസ്മാരകങ്ങള്‍ എന്നിവ പരാമർശിച്ച ശേഷമാണു ഷിപ്‌യാഡ‍് കാണിക്കുന്നത്.
മൂന്നാർ, അതിരപ്പിള്ളി യാത്രയെക്കുറിച്ചു 2 വിഡിയോകള്‍ ചെയ്തിട്ടുണ്ട്. ഇരവികുളം ദേശീയ ഉദ്യാനം, തേക്കടി, ആലപ്പുഴയിലെ ഹൗസ്ബോട്ട് യാത്ര, കോവളം, ജടായുപ്പാറ, വർക്കല, തിരുവനന്തപുരം സെൻട്രല്‍ റെയില്‍വേ സ്റ്റേഷൻ എന്നിവ ഉള്‍പ്പെടുന്നതാണു മറ്റൊരു വ്ലോഗ്. കണ്ണൂരില്‍നിന്നു തൃശൂരിലേക്കുള്ള യാത്രാവിവരണവുമുണ്ട്.














