ഓസ്ട്രേലിയൻ നോർത്തേൺ ടെറിട്ടറി പ്രൊവിൻസിൽ മന്ത്രിയായ മലയാളിയെ സ്വീകരിക്കുവാൻ ജന്മനാട് ഒരുങ്ങുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച് മന്ത്രിയായ ശേഷം കേരളത്തിലേക്ക് ആദ്യമായി എത്തുന്ന പാലാ സ്വദേശി ജിൻസൺ ആന്റോയ്ക്ക് ഊഷ്മള വരവേൽപ്പൊരുക്കാനാണ് ബന്ധുമിത്രാദികളും സുഹൃത്തുക്കളും ജനപ്രതിനിധികളും ഉൾപ്പെടെയുള്ളവർ തീരുമാനിച്ചിരിക്കുന്നത്. ഇന്ന് രാത്രി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന ജിൻസനെ എംഎൽഎമാരായ അൻവർ സാദത്ത്, റോജി എം ജോൺ എന്നിവർ ചേർന്ന് സ്വീകരിക്കും.
ഓസ്ട്രേലിയൻ നോർത്തേൺ ടെറിട്ടറി പ്രൊവിൻസിൽ നിന്ന് ആദ്യമായി മന്ത്രിയാകുന്ന ഏഷ്യൻ വംശജൻ കൂടിയാണ് ജിൻസൺ. ജന്മനാട്ടിലും ശക്തമായ രാഷ്ട്രീയ പശ്ചാത്തലം ഉള്ള ഇദ്ദേഹം പത്തനംതിട്ട എംപി ആന്റോ ആന്റണിയുടെ ജ്യേഷ്ഠ സഹോദരൻ ചാൾസ് ആൻറണിയുടെ മകനാണ്. ജിൻസന്റെ പാർലമെന്റിലേക്കുള്ള വിജയവും, മന്ത്രി സ്ഥാനലബ്ധിയും ദേശീയ മാധ്യമങ്ങൾ അടക്കം വലിയ വാർത്ത പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്ത സംഭവമാണ്.
നഴ്സിംഗ് ബിരുദധാരിയായ ജിൻസൺ കരിയർ പടുത്തുയർത്താൻ ആണ് ഓസ്ട്രേലിയയിൽ എത്തിയത്. പക്ഷേ സാമൂഹിക/ രാഷ്ട്രീയ പ്രവർത്തനത്തോടുള്ള ആഭിമുഖ്യം ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ അദ്ദേഹത്തെ വിദേശ മണ്ണിലും പൊതുരംഗത്ത് സജീവമാക്കി. ഈ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിരുന്നു സ്ഥാനാർത്ഥിത്വവും, പാർലമെന്റ് അംഗത്വവും, മന്ത്രി പദവിയും. രാജ്യത്തെ പ്രമുഖ വാർത്താമാധ്യമങ്ങൾ സന്ദർശന വേളയിൽ ഇദ്ദേഹത്തിന്റെ ആഭിമുഖത്തിന് അവസരം ചോദിച്ചിട്ടുണ്ട്.