ലോകകിരീടം ചൂടിയ ഖത്തറിന്റെ മണ്ണില്‍ പന്തു തട്ടാനായി ലയണല്‍ മെസ്സിയും സംഘവും വീണ്ടുമെത്തുമോ..? തെക്കനമേരിക്കൻ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ നിന്നും 2026 ഫിഫ ലോകകപ്പിലേക്ക് യോഗ്യത ഉറപ്പിച്ചു കഴിഞ്ഞ അർജന്റീനയുടെ ഈ വർഷാവസാനത്തെ സൗഹൃദ മത്സര ഷെഡ്യൂളില്‍ ഖത്തറും ഉണ്ടെന്ന് അർജന്റീനയിലെയും തെക്കനമേരിക്കയിലെയും മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ പൂർത്തിയായതിനു പിന്നാലെ, ആഫ്രിക്ക, ഏഷ്യൻ വൻകരകളില്‍ സൗഹൃദ മത്സരങ്ങള്‍ കളിക്കാനെത്തുന്ന ലയണല്‍മെസ്സിയും സംഘവും നവംബറില്‍ ഖത്തറില്‍ കളിക്കുമെന്നാണ് വാർത്തകള്‍. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഇതുവരെ പുറത്തുവന്നില്ലെങ്കിലും ടീമുമായി ബന്ധപ്പെട്ട പ്രമുഖ മാധ്യമപ്രവർത്തകരും, വിവിധ സ്പാനിഷ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു.
ലോകചാമ്ബ്യന്മാർ ഈ വർഷം ഒക്ടോബറില്‍ കേരളത്തില്‍ കളിക്കാൻ എത്തുമെന്ന സംസ്ഥാന കായിക മന്ത്രിയുടെ പ്രസ്താവനകള്‍ക്കിടയിലാണ് അർജന്റീന ടീമിന്റെ സൗഹൃദ ടൂർ സംബന്ധിച്ച് പുതിയ വാർത്തകള്‍ വരുന്നത്. ഇന്ത്യയിലേക്കുള്ള യാത്ര സംബന്ധിച്ച് വാർത്തകളൊന്നും ഇവർ പങ്കുവെക്കുന്നുമില്ല. സംസ്ഥാന സർക്കാരും സംസ്ഥാന കായിക മന്ത്രി അബ്ദു റഹ്മാനും കേരളത്തിൽ കളിക്കത്തുമെന്ന് പ്രഖ്യാപിച്ചത് വ്യാജ അവകാശവാദം ആണോ എന്ന സംശയവും ഇതിനാൽ തന്നെ ഉയരുന്നുണ്ട്.
നവംബറില്‍ അംഗോളയിലും, ഖത്തറിലുമായി അർജന്റീന രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കുമെന്ന് ടീമുമായി അടുത്ത ബന്ധമുള്ള മാധ്യമ പ്രവർത്തകൻ ഗാസ്റ്റൻ എഡുല്‍ ‘എക്സ്’ പ്ലാറ്റ്ഫോമില്‍ കുറിച്ചു. അർജന്റീന മാധ്യമമായ ‘മുൻഡോആല്‍ബിസിലെസ്റ്റെ’യും മെസ്സിപ്പടയുടെ ഖത്തറിലേക്കുള്ള വരവ് റിപ്പോർട്ട് ചെയ്യുന്നു. ഒക്ടോബർ, നവംബർ മാസങ്ങളിലായി നാല് സൗഹൃദ മത്സരങ്ങള്‍ ആഫ്രിക്ക, ഏഷ്യൻ രാജ്യങ്ങളിലായി നടക്കുമെന്നാണ് റിപ്പോർട്ട്.
അംഗോളയുടെ 50ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായാണ് നവംബറില്‍ ടീം അവിടെ സൗഹൃദ മത്സരത്തിനിറങ്ങുന്നത്. നവംബറില്‍ തന്നെ ഖത്തറിലും കളിക്കുമെന്നും, ഇതിന് സാധ്യത കൂടുതലാണെന്നും എഡുല്‍ റിപ്പോർട്ട് ചെയ്യുന്നു. ഒക്ടോബറില്‍ ചൈനയില്‍ രണ്ട് സൗഹൃദ മത്സരങ്ങള്‍ സംബന്ധിച്ച ചർച്ച സജീവമാണെന്നും ഇദ്ദേഹം പറഞ്ഞു.
ഈ വർഷം സെപ്റ്റംബറോടെ തെക്കനമേരിക്കൻ യോഗ്യതാ മത്സരങ്ങള്‍ അവസാനിക്കും. തുടർന്ന്, ലോകകപ്പ് തയാറെടുപ്പ് എന്ന നിലയിലാണ് ദേശീയ ടീം സൗഹൃദ മത്സരങ്ങള്‍ക്ക് പുറപ്പെടുന്നത്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്നാണ് സൂചന.2022 ഡിസംബറില്‍ ലോകകിരീടം ചൂടിയ ലുസൈല്‍ സ്റ്റേഡിയത്തില്‍ വീണ്ടും അർജന്റീന പന്തു തട്ടാനെത്തുമെന്ന വാർത്തകളോടെയാണ് സ്പാനിഷ് മാധ്യമങ്ങള്‍ ആഘോഷമാക്കുന്നത്.














