ഏറ്റുമാനൂര്‍ പേരൂരില്‍ ഹൈക്കോടതി അഭിഭാഷക മക്കളെയും കൂട്ടി ആറ്റില്‍ചാടി ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യു.കെയിലള്ള ഭർതൃ സഹോദരിയും ജിസ്മോളുമായുള്ള അഭിപ്രായവ്യത്യാസമായിരുന്നു കുടുംബപ്രശ്നങ്ങള്‍ക്ക് തുടക്കം. വീട്ടിലെ പ്രശ്നങ്ങളില്‍ ഭര്‍തൃസഹോദരി ഇടപെടുന്നതിനെതിരേ ഇവരുടെ ഭര്‍ത്താവിന് ജിസ്മോള്‍ സന്ദേശമയച്ചിരുന്നു.തുടര്‍ന്ന് മകളുടെ ഭര്‍ത്താവ് ഭാര്യാ പിതാവ് ജോസഫിനെ വിളിച്ച് വിവരങ്ങള്‍ തിരക്കിയത് പ്രശ്നം വീണ്ടും രൂക്ഷമാക്കി.
ഇതിന്റെ പേരിൽ ജോസഫ്, ജിസ്മോളെ ശകാരിച്ചു. ‘അച്ചാച്ചാ ഇനി ഞാന്‍ അങ്ങനെ ചെയ്യില്ല’ എന്ന് ഭര്‍തൃപിതാവിനോട് ഫോണിലൂടെ പറഞ്ഞിരുന്നു. ഇതും തെളിവായി പോലീസ് ശേഖരിച്ചിട്ടുണ്ട്. ‘ഞാന്‍ കണക്കിന് പറഞ്ഞിട്ടുണ്ട്, ഇന്ന് ഈ വീട്ടില്‍ ആത്മഹത്യ നടക്കുമെന്ന് ഭര്‍ത്തൃപിതാവ് ജോസഫ് കേസിലെ നാലാം പ്രതിയായ യു.കെയിലുള്ള മകള്‍ക്ക് സംഭവദിവസം വാട്സാപ്പ് സന്ദേശം അയച്ചിരുന്നു. ഇതും പ്രതികള്‍ക്കെതിരായ പ്രധാന തെളിവുകളിലൊന്നാണ്.
പ്രതികളായ ഭര്‍ത്താവിന്റെയും ഭര്‍ത്തൃപിതാവിന്റെയും ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.ഒന്നാം പ്രതിയായ ഭര്‍ത്തൃപിതാവ് അയര്‍ക്കുന്നം നീറിക്കാട് തൊണ്ണന്‍മാവുങ്കല്‍ ജോസഫ് (67), രണ്ടാം പ്രതിയും ഭര്‍ത്താവുമായ ജിമ്മി(44) എന്നിവരുടെ ജാമ്യാപേക്ഷയാണ് ജില്ലാ സെഷന്‍സ് കോടതി തള്ളിയത്. ജില്ലാ ജയിലില്‍ റിമാന്‍ഡിലാണ് പ്രതികള്‍.കഴിഞ്ഞ മാസം 15ന് ജിമ്മിയുടെ ഭാര്യ അഡ്വ.ജിസ്മോള്‍ തോമസ്, മക്കളായ നേഹ (അഞ്ച്), പൊന്നു (രണ്ട്) എന്നിവരാണ് പുന്നത്തുറയ്ക്ക് സമീപം മീനച്ചിലാറ്റില്‍ ജീവനൊടുക്കിയത്. ഭര്‍ത്താവിന്റെ അമ്മ മൂന്നാംപ്രതിയും യു.കെയിലുള്ള ഇവരുടെ മകള്‍ നാലാം പ്രതിയുമാണ്. വാട്സാപ്പ് സന്ദേശമടങ്ങിയ മഹസര്‍ കോടതി വിളിച്ചുവരുത്തി പരിശോധിച്ചിരുന്നു.

















