സീനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച അഡ്വക്കേറ്റ് ബെയ്‌ലിന്‍ ദാസ് സി.പി.എമ്മിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നുവെന്ന ആരോപണം ഉന്നയിച്ച്‌ സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി പ്രതിപക്ഷം. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പൂന്തുറ വാര്‍ഡില്‍ 2015ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നു അഡ്വക്കേറ്റ് ബെയ്‌ലിന്‍ ദാസ്. പാര്‍ട്ടി ചിഹ്നത്തിലാണ് അദ്ദേഹം മത്സരിച്ചത്. തെരഞ്ഞെടുപ്പില്‍ തോറ്റുപോയിരുന്നു. അന്ന് വിജയിച്ചത് കേരള കോണ്‍ഗ്രസ്(എം) പീറ്റര്‍ സോളമന്‍ ആയിരുന്നു.

മത്സരിച്ച്‌ തോറ്റെങ്കിലും ബാര്‍ അസോസിയേഷനിലും, സി.പി.എം ജില്ലാക്കമ്മിറ്റിയിലുമൊക്കെ ബെയിലിന്‍ദാസിന് നല്ല ബന്ധമുണ്ട്. അതുകൊണ്ടാണ് ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച ദിവസം പോലീസ് അറസ്റ്റു ചെയ്യാന്‍ സമ്മതിക്കാതെ ബാര്‍ അസോസിയേഷന്‍ എതിര്‍ത്തതും. ഒരു സ്ത്രീയെ മാരകമായി മര്‍ദ്ദിച്ച്‌ നിലത്തിട്ടിട്ടും, അത് ചെയ്തയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കാന്‍ തയ്യാറാകാത്ത ബാര്‍ അസോസിയേഷന്‍ ഇന്നലെ നിയമപരമായ നടപടികള്‍ എടുത്തു തുടങ്ങി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്ന് ബാര്‍ അസോസിയേഷന്റെ ജനറല്‍ബോഡി യോഗം വിളിച്ചിട്ടുണ്ട്. ഇന്നലെ തന്നെ ബാര്‍ അസോസിയേഷന്‍ ബെയിലിന്‍ദാസിനെതിരേ നടപടി എടുത്തതിനു പിന്നാലെയാണ് മന്ത്രി പി. രാജീവ് ശ്യാമിലിയെ കാണാനെത്തിയത്.അതിനു ശേഷം മന്ത്രി വി. ശിവന്‍കുട്ടി പ്രതികരിക്കുകയും ചെയ്തു. തൊഴില്‍ പ്രശ്‌നമല്ലാത്തതിനാല്‍ അതില്‍ ഇടപെടുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

എന്നാല്‍, അദ്ദേഹം മറന്നുപോയ മറ്റൊരു കാര്യം ഓര്‍മ്മിപ്പിക്കേണ്ടതുണ്ട്. അദ്ദേഹം ഈ ജില്ലയെ പ്രതിനിധീകരിക്കുന്ന മന്ത്രി കൂടിയാണ്. അതുകൊണ്ട് ഈ വിഷയത്തില്‍ ഇടപെടാനാകണം. നിയമമന്ത്രി എന്ന നിലയില്‍ നിയമപരമായ കാര്യവും, കോടതി വ്യവസാഹരവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന വക്കീലന്‍മാരുടെ കേസ് ആയതുകൊണ്ടുമാണ് പി. രാജീവ് കുട്ടിയെ സന്ദര്‍ശിച്ചതും കാര്യങ്ങള്‍ തിരക്കിയതും. എന്നാല്‍, ബെയ്‌ലിന്റെ ശക്തമായ പാര്‍ട്ടി ബന്ധം ഈ വിഷയത്തില്‍ എങ്ങനെ പ്രതിഭലിക്കുമെന്നത് കണ്ടുതന്നെ അറിയണം.ആശങ്കയോടെയാണ് ശ്യാമിലിയുടെ കുടുംബം ഈ വിഷയത്തെ നോക്കി കാണുന്നത്.

അതുകൊണ്ടു തന്നെയാവണം ബാര്‍ കൗണ്‍സിലിനെ എതിര്‍ത്തോ, സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലോ ഒരു പ്രസ്താവനയോ, വാക്കോ ശ്യാമിലിയും കുടുംബവും ഇതുവരെ പറയാത്തത്. എന്നാല്‍, പ്രതിപക്ഷ നേതാവ് ഈ വിഷയത്തില്‍ ഇന്ന് പ്രസ്താവന ഇറക്കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവന ചുവടെ വായിക്കാം.

“യുവ അഭിഭാഷക ശ്യാമിലിയെ ക്രൂരമായി മര്‍ദ്ദിച്ച സീനിയര്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസിനെ സര്‍ക്കാരും പൊലീസും സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്. സ്ത്രീത്വത്തെ അധിക്ഷേപിച്ചതിനു പുറമെ തൊഴിലിടത്ത് അപമര്യാദയായി പെരുമാറിയെന്ന വിഷയവും ഇതിലുണ്ട്. എന്നാല്‍ പൊലീസും സര്‍ക്കാരും ഒരു നടപടിയും സ്വീകരിക്കുന്നില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ആളാണ് പ്രതിയായ ബെയ്‌ലിന്‍ ദാസ്. പ്രതിയെ സംരക്ഷിക്കാന്‍ അരയും തലയും മുറുക്കി രംഗത്ത് ഇറങ്ങിയിരിക്കുന്നവര്‍ക്കും ഭരണകക്ഷിയുമായി അടുത്ത ബന്ധമുണ്ട്. എന്ത് ക്രിമിനല്‍ പ്രവര്‍ത്തനം നടത്തിയാലും പാര്‍ട്ടി ബന്ധുവാണെങ്കില്‍ രക്ഷപ്പെടുത്തുമെന്ന പതിവ് രീതിയാണ് ഈ വിഷയത്തിലും സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഇരയ്ക്കൊപ്പം നില്‍ക്കുന്നെന്ന് തോന്നിപ്പിക്കാന്‍ ശ്രമിക്കുകയും വേട്ടക്കാരനെ സംരക്ഷിക്കുകയും ചെയ്യുകയെന്ന സി.പി.എമ്മിന്റെ സ്ഥിരം ശൈലി ഈ സംഭവത്തില്‍ അനുവദിക്കാനാകില്ല. ആക്രമണത്തിന് ഇരയായ അഭിഭാഷകയുമായി സംസാരിച്ചു. അവര്‍ നടത്തുന്ന നിയമ പോരാട്ടത്തിന് കോണ്‍ഗ്രസും യു.ഡി.എഫും പൂര്‍ണ പിന്തുണ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണം.”

അതേസമയം, ബെയ്‌ലിന്‍ ദാസ് ഒളിവില്‍ കഴിയുന്നത് ആഴക്കടലില്‍ എന്നാണ് സൂചന. പൂന്തുറ സ്വദേശിയായ ഇദ്ദേഹം മീന്‍പിടിത്തക്കാരുടെ സാഹായത്തോടെ കടലില്‍ ആണെന്നാണ് പറയപ്പെടുന്നത്. വള്ളങ്ങള്‍ മാറിയാണ് താമസിക്കുന്നതെന്നും സൂചനയുണ്ട്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം നടത്തിയെങ്കിലും സ്വിച്ച്‌ ഓഫ് ആയതിനാല്‍ ലൊക്കേഷന്‍ കണ്ടെത്താനായില്ല. ഇയാള്‍ ഒളിവില്‍ കഴിയാന്‍ സാധ്യതയുള്ളയിടങ്ങളില്‍ പൊലീസ് തെരച്ചില്‍ നടത്തിയിരുന്നു. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് നിയമമന്ത്രി പി രാജീവ് ഇന്നലെ വ്യക്തമാക്കിയതോടെ പൊലീസിന് സമ്മര്‍ദമേറി. ഇതിനിടെയാണ് ഒളിടിയം കടലിലാണെന്ന സൂചനകള്‍ പുറത്തു വരുന്നത്.

അതേസമയം, കേസ് അന്വേഷണ കാലയളവില്‍ ബെയിലിന്‍ ദാസിനെ അഭിഭാഷക ജോലിയില്‍ നിന്ന് വിലക്കിയ ബാര്‍ കൗണ്‍സില്‍ നടപടിയെ അഡ്വ. ശ്യാമിലിയുടെ കുടംബം സ്വാഗതം ചെയ്തു. എന്നാല്‍, പ്രതിയെ പിടികൂടുന്നത് വൈകുന്നതിനെതിരെ മുഖ്യമന്ത്രിയെ സമീപിക്കാനും കുടുംബം ആലോചിക്കുന്നുണ്ട്. പൂന്തുറ മേഖലയിലുള്ള ക്രിമിനലുകളുടെ സ്ഥിരം രീതിയാണ് കുറ്റകൃത്യത്തിന് ശേഷം കടലില്‍ ഒളിവില്‍ പോകുക എന്നത്. കടലില്‍ പോയി പ്രതികളെ പിടിക്കുക ബുദ്ധിമുട്ടുമാണ്. ഏത് മത്സ്യബന്ധന വള്ളത്തിലാണ് ഉള്ളതെന്ന് പോലും കണ്ടെത്തുക പ്രയാസമാണ്. ജാമ്യം കിട്ടുന്ന സാഹചര്യം ഉണ്ടാകുമോ എന്ന് നോക്കാനാണ് ഈ ഒളിത്താമസം.അതിനിടെ അടികിട്ടിയ വനിതാ അഭിഭാഷകയ്ക്കെതിരെ കള്ളക്കേസ് കൊടുക്കാനും നീക്കമുണ്ട്. കൗണ്ടര്‍ കേസിലൂടെ വനിതാ അഭിഭാഷകയെ തളര്‍ത്താനാണ് നീക്കം നടക്കുന്നുണ്ട്. മര്‍ദ്ദനത്തില്‍ കവിളെല്ലിനും കണ്ണിനും ഗുരുതരപരുക്കുള്ള ശാമിലി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഗര്‍ഭിണിയായിരിക്കെ വക്കീല്‍ ഓഫീസിനകത്ത് വെച്ച്‌ നേരത്തെയും തന്നെ ബെയ്ലിന്‍ ദാസ് മര്‍ദിച്ചിരുന്നുവെന്നും അഭിഭാഷക പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടികാട്ടി ബാര്‍ കൗണ്‍സിലിനും, ബാര്‍ സോസിയേഷനും ശാമിലി നേരിട്ടെത്തി പരാതി നല്‍കിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക