രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ സ്ഥാപിക്കുന്ന ഡിജിറ്റല്‍ ക്ലോക്കുകളുടെ ഡിസൈനുകള്‍ക്കായി എന്‍ട്രികള്‍ ക്ഷണിച്ച് റെയില്‍വേ. പ്രൊഫഷണലുകള്‍, സര്‍വകലാശാല വിദ്യാര്‍ഥികള്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തരംതിരിച്ചാണ് മത്സരം നടത്തുന്നത്. വിജയിക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ സമ്മാനമായി ലഭിക്കും. കൂടാതെ ഈ ഡിസൈനുകള്‍ ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷനില്‍ ഉടനീളം സ്ഥാപിക്കും.
ഇന്ത്യന്‍ റെയില്‍വേയുടെ ഈ മത്സരത്തില്‍ പങ്കെടുക്കുന്ന അഞ്ച് പേര്‍ക്ക് 50,000 രൂപ വീതമുള്ള പ്രോത്സാഹന സമ്മാനങ്ങളും ലഭിക്കും. മൂന്ന് വിഭാഗങ്ങളിലും പ്രോത്സാഹന സമ്മാനങ്ങളുണ്ട്. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മെയ് 31-നകം അപേക്ഷ സമര്‍പ്പിക്കണം.
മത്സരാര്‍ത്ഥികള്‍ക്ക് [email protected] എന്ന വിലാസത്തില്‍ എന്‍ട്രി അപേക്ഷകള്‍ സമര്‍പ്പിക്കാം. സമര്‍പ്പിക്കുന്ന എല്ലാ ഡിസൈനുകളും സ്വന്തമായി കണ്ടെത്തിയതായിരിക്കണമെന്നും റെയില്‍വേ നിര്‍ദേശമുണ്ട്. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ തിരിച്ചറിയല്‍ രേഖകള്‍ നല്‍കണം.
12ാം ക്ലാസ് വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍, സാധുവായ ഒരു സ്‌കൂള്‍ ഐഡി കാര്‍ഡ് കാണിക്കണം. അംഗീകൃത കോളജിലോ സര്‍വകലാശാലയിലോ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ഐഡി കാര്‍ഡ് നല്‍കാം. ഈ രണ്ട് വിഭാഗത്തിലും ഉള്‍പ്പെടാത്തവര്‍ക്ക് പ്രൊഫഷണല്‍ വിഭാഗത്തില്‍ മത്സരത്തില്‍ പങ്കെടുക്കാം.

















