ആത്മഹത്യ ചെയ്ത ഡി.സി.സി ട്രഷറർ എൻ.എം. വിജയന്റെ കടബാധ്യതകള്‍ ജൂണ്‍ 30നുള്ളില്‍ തീർത്തു കൊടുക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം കുടുംബത്തിന് ഉറപ്പുനല്‍കി. കടങ്ങള്‍ തീർത്തു കൊടുക്കുമെന്ന് കെ.പി.സി.സിയുടെ വാഗ്ദാനം പാലിക്കപ്പെടാത്തത് സംബന്ധിച്ച്‌ വിജയന്റെ മകനും മരുമകളും കഴിഞ്ഞദിവസം മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് കെ.പി.സി.സി അനുനയ നീക്കം ശക്തമാക്കുകയായിരുന്നു.

കഴിഞ്ഞദിവസം മകനെയും മരുമകളെയും കല്‍പറ്റയിലേക്ക് കൂടിക്കാഴ്ചക്ക് വിളിച്ചിരുന്നു. ടി. സിദ്ദീഖ് എം.എല്‍.എ, എ.പി. അനില്‍കുമാർ എം.എല്‍.എ തുടങ്ങിയവരാണ് കുടുംബാംഗങ്ങളുമായി സംസാരിച്ചത്. ബാങ്കുകളിലും മറ്റുമായി രണ്ടരക്കോടിയുടെ കടമാണ് വിജയനുള്ളത്. വാഗ്ദാനങ്ങള്‍ മാത്രം പോരാ അത് രേഖപരമായി എഴുതി കിട്ടണമെന്നും മകനും മരുമകളും ആവശ്യപ്പെട്ടു. അതും നേതാക്കള്‍ സമ്മതിച്ചു. എന്നാല്‍, ഇതുവരെ എഴുതി നല്‍കിയിട്ടില്ല. ജൂണ്‍ 30നുള്ളില്‍ എല്ലാം ‘ക്ലോസ്’ ചെയ്യാമെന്ന ഉറപ്പാണ് ലഭിച്ചതെന്ന് മകൻ വിജേഷ് മാധ്യമങ്ങളോട് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മൂന്നു ബാങ്കുകളിലാണ് എൻ.എം. വിജയന് കടമുള്ളത്.സ്വകാര്യ വ്യക്തികള്‍ക്കും പണം കൊടുക്കാനുണ്ട്. ആത്മഹത്യ വിവാദമായ ഉടനെ കെ.പി.സി.സി നേതൃത്വം വിജയന്റെ വീട്ടിലെത്തി ബാധ്യതകള്‍ തീർത്തു കൊടുക്കാമെന്ന വാഗ്ദാനം കൊടുത്തിരുന്നു. നാലുമാസമായിട്ടും ഒന്നും നടന്നില്ല. ഇതോടെയാണ് കഴിഞ്ഞ ദിവസം ജില്ലയില്‍ പ്രിയങ്ക ഗാന്ധിയെ കണ്ട് പരാതി ഉന്നയിക്കാൻ മകനും മരുമകളും തീരുമാനിച്ചത്.

മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നു പറച്ചില്‍ നടത്തിയതോടെ കെ.പി.സി.സി നേതൃത്വം ഉണരുകയായിരുന്നു. മകൻ ആവശ്യപ്പെട്ടപോലെ ബാധ്യത പാർട്ടി തീർക്കാനുള്ള കൃത്യമായ ഒരു ഡേറ്റാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. അതേസമയം, വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രേരണ കുറ്റം ചുമത്തപ്പെട്ട ഐ.സി. ബാലകൃഷ്ണൻ എം.എല്‍.എക്കെതിരെ കേസെടുക്കണമെന്ന വിജിലൻസ് റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു. എം.എല്‍.എക്കെതിരെ സി.പി.എം ഒരു ഇടവേളക്കു ശേഷം സമരം പുനരാരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍, രണ്ടു ദിവസമായി എല്ലാം നിശബ്ദമായിരിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക