പാകിസ്ഥാനില്‍ നിന്നും പ്രമുഖർ പലായനം ചെയ്യുന്നു എന്നും റിപ്പോർട്ട്. ഇന്ത്യ – പാക് സംഘർഷത്തിന്റെയും ബലൂച് ലിബറേഷൻ ആർമിയുടെ ആക്രമണത്തിന്റെയും പശ്ചാത്തലത്തിലാണ് ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ളവർ പാകിസ്ഥാൻ വിട്ട് സുരക്ഷിത സ്ഥാനങ്ങള്‍ തേടുന്നത്. ഇന്ത്യയുടെ പ്രത്യാക്രമണവും ബലൂച് വിമാചോന പോരാളികളുടെ ആക്രമണവും കൂടാതെ പാക് സൈന്യത്തിലെ ആഭ്യന്തര പ്രശ്നങ്ങളും രാജ്യത്തിന്റെ സമാധാന അന്തരീക്ഷം താറുമാറാക്കിയതോടെയാണ് ഉന്നതർ ജീവനും കൊണ്ട് പാകിസ്ഥാനില്‍ നിന്നും രക്ഷപെടുന്നത്.
പാകിസ്ഥാനിലെ വിവിധയിടങ്ങളില്‍ നിന്നും ഉന്നതരുമായി ഇതുവരെ മൂന്ന് വിമാനങ്ങള്‍ പറന്നുയർന്നതായാണ് റിപ്പോർട്ട്. ഇസ്ലാമാബാദില്‍ നിന്ന് അബുദാബിയിലേക്കാണ് ഒരു വിമാനം പറന്നത്. ലാഹോറില്‍ നിന്ന് ബഹ്റൈനിലേക്കും ഒരു വിമാനം പുറപ്പെട്ടു. മറ്റൊരു വിമാനം ബലൂച് തലസ്ഥാനമായ ക്വറ്റയില്‍ നിന്നും പുറപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
അതേസമയം ഇന്ത്യ- പാകിസ്ഥാൻ സംഘർഷം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ പ്രധാന 27 എയർപോർട്ടുകള്‍ അടയ്ക്കാൻ നിർദേശമുണ്ട്. ധർമ്മശാല, ഹിൻഡണ്‍, ഗ്വാളിയോർ, കിഷൻഗഡ്, ശ്രീനഗർ, അമൃത്സർ, പട്യാല, ഷിംല, ഗഗള്‍, ജയ്‌സാല്‍മീർ, ജോധ്പൂർ, ബിക്കാനീർ, ഹല്‍വാര, പഠാൻകോട്ട്, ജമ്മു, ലേഹ്, ലുധിയാന, ഭാനു, ഭട്ടിൻഡ, മുന്ദ്ര, ജാംനഗർ, രാജ്‌കോട്ട്, പോർബന്ദർ, കാണ്ട്‌ല, കേശോദ്, ഭുജ്, ചണ്ഡീഗഢ് എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്. രാജ്യസുരക്ഷയുടെ ഭാഗമായാണ് കേന്ദ്രത്തിന്റെ നടപടി.

















