പുതിയ കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിലെ കോണ്‍ഗ്രസില്‍ തർക്കം രൂക്ഷമാകുന്നതിനിടെ സോണിയ ഗാന്ധിയുടെ നിർണായക ഇടപെടല്‍. കെപിസിസി പ്രസിഡന്റിനെ മാത്രമായി മാറ്റാതെ കേരളത്തിലെ കോണ്‍ഗ്രസ് പാർട്ടിയില്‍ സമ്ബൂർണ അഴിച്ചുപണിക്കാണ് സോണിയ ഗാന്ധിയുടെ നിർദ്ദേശം. മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എ കെ ആന്റണിയുടെ നിർദ്ദേശത്തെ തുടർന്നാണ് വിഷയത്തില്‍ സോണിയ ഗാന്ധി ഇടപെടുന്നത് എന്നാണ് സൂചന.

ഇന്നലെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എകെ ആന്റണിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. തനിക്കെതിരെ പാർട്ടിയില്‍ ഒരു വിഭാഗം പ്രവർത്തിക്കുന്നുണ്ട് എന്നായിരുന്നു സുധാകരന്റെ ആരോപണം. പാർട്ടി ആവശ്യപ്പെട്ടാല്‍ സ്ഥാനമൊഴിയാൻ തയ്യാറാണെന്നും അപമാനിക്കുന്നത് കോണ്‍ഗ്രസ് നേതാക്കള്‍ അവസാനിപ്പിക്കണമെന്നും കെ സുധാകരൻ പറഞ്ഞു. നിലവില്‍ നടക്കുന്ന ചർച്ചകളിലും കൂടിയാലോചനകളിലും കടുത്ത അതൃപ്തി പ്രകടിപ്പിച്ചാണ് കെ സുധാകരൻ മടങ്ങിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിന് ശേഷമാണ് എ കെ ആന്റണി സോണിയ ഗാന്ധിയുമായി വിഷയം ചർച്ച ചെയ്തതും സോണിയ ഗാന്ധി പുതിയ നിർദ്ദേശം മുന്നോട്ടുവെച്ചതും. ഇന്നലെ രാത്രിയാണ് സോണിയയും ആന്റണിയും തമ്മില്‍ ഫോണില്‍ സംസാരിച്ചത്. സമ്ബൂർണ പുനഃസംഘടന വേണമെന്നാണ് ആന്റണിയുടെ നിലപാട്. ഡിസിസികളില്‍ ഉള്‍പ്പെടെ അഴിച്ചുപണി വേണം. പ്രവർത്തനക്ഷമതയുള്ള കെപിസിസി ഭാരവാഹികളെ നിയമിക്കണമെന്നും സോണിയയെ ആന്റണി അറിയിച്ചു.

ഖർഗെയുമായും രാഹുലുമായും സംസാരിക്കാമെന്നും തുടർനടപടികള്‍ സ്വീകരിക്കാമെന്നും സോണിയ മറുപടി പറഞ്ഞു. ഉചിതമായ തീരുമാനം എത്രയും വേഗം എടുക്കണമെന്ന് സോണിയയോട് ആന്റണി ആവശ്യപ്പെട്ടുവെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. വിവാദങ്ങളിലേക്കു കാര്യങ്ങള്‍ വലിച്ചിഴയ്ക്കരുതെന്നും തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇതു പാർട്ടിക്കു ദോഷം ചെയ്യുമെന്നും സോണിയ ഗാന്ധിയോട് ആന്റണി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക