
എല്ലാ ഭിന്നതകളും മറന്ന് വയനാടിനായി ഒരുമിച്ച് നില്‍ക്കണമെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടാകാത്ത ദുരന്തമാണ് വയനാട്ടില്‍ ഉണ്ടായതെന്നും 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയവും മറ്റു ചിന്തകളും മറന്ന് ദുരുതത്തില്‍ അകപ്പെട്ടുപോയവരെ പുനരധിവസിപ്പിക്കാനുള്ള പ്രവർത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഉദാരമായി സംഭാവന നല്‍കണമെന്നും ആന്റണി അഭ്യർഥിച്ചു.
എം.പി ആയിരുന്നപ്പോള്‍ പഴയ പ്രളയകാലത്തൊക്കെ കൂടുതല്‍ പണം സംഭാവന നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ അതിനുള്ള കഴിവില്ല. എന്നാലും ഇന്ന് 50,000 രൂപയുടെ ചെക്ക് നല്‍കുന്നുണ്ട്. എല്ലാവരും എല്ലാംമറന്ന് ഒരു തർക്കവുമില്ലാതെ പരമാവധി തുക നല്‍കണം, അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിനായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും ദുരിതമനുഭവിക്കുന്ന വയനാട്ടിലെ ജനങ്ങള്‍ക്ക് സാമ്ബത്തിക പിന്തുണ അടക്കമുള്ള സഹായങ്ങള്‍ നല്‍കണമെന്നും കേന്ദ്രസർക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു.