ജോസ് കെ മാണി നേരിട്ടും അദ്ദേഹത്തിന്റെ അനുയായികളും കുറവിലങ്ങാട് സയൻസ് സിറ്റി പദ്ധതി അദ്ദേഹത്തിന്റെ ശ്രമഫലമായി ആവിഷ്കരിക്കപ്പെട്ട പദ്ധതിയാണെന്ന് വ്യാപകമായി പ്രചരിപ്പിക്കാൻ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ട് കാലമായി. ഇടത് സർക്കാരിൽ നിർണായക സ്വാധീനമുണ്ട് എന്ന് അവകാശപ്പെടുന്ന ജോസ് കെ മാണിക്ക് പക്ഷേ ഇതുവരെയും പദ്ധതി പൂർത്തിയാക്കി ഉദ്ഘാടനം നടത്തിക്കുവാൻ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. അദ്ദേഹം മെയ് 11ന് പദ്ധതിയുടെ ഉദ്ഘാടനം നടക്കുമെന്ന് സ്വന്തം നിലയിൽ പ്രഖ്യാപിച്ചെങ്കിലും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഇപ്പോൾ പറയുന്നത് മെയ് മാസത്തിൽ ആദ്യഘട്ടമെങ്കിലും തുറക്കുവാൻ പരമാവധി ശ്രമിക്കും എന്ന് മാത്രമാണ്.

കെഎം മാണിയുടെ ചരമ ദിനത്തോട് അനുബന്ധിച്ച് കുറവിലങ്ങാട് നടന്ന അനുസ്മരണ യോഗത്തിൽ 9 വർഷമായിട്ടും ഇടത് സർക്കാർ പദ്ധതി പൂർത്തിയാകാത്തതിനെതിരെ സ്ഥലം എംഎൽഎ കൂടിയായ മോൻസ് ജോസഫ് രൂക്ഷ വിമർശനവും ഉയർത്തിയിരുന്നു. ഒരു പതിറ്റാണ്ടു കാലത്തിനിടെ താൻ നിയമസഭയിൽ ഉൾപ്പെടെ ഇതുമായി ബന്ധപ്പെട്ട് ഉയർത്തിയ ചോദ്യങ്ങൾ എണ്ണമിട്ട് പറഞ്ഞാണ് മോൻസ് വിഷയം അവതരിപ്പിച്ചത്. തൊട്ടുപിന്നാലെ തന്നെ കോട്ടയത്ത് ചില ഉദ്യോഗസ്ഥരെ വിളിച്ചു കൂട്ടി യോഗം കൂടിയ ജോസ് കെ മാണി മെയ് 11ന് പദ്ധതി ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാൽ ഇതിനുശേഷം സ്ഥലം എംഎൽഎയെ പോലും അറിയിക്കാതെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു സയൻസ് സിറ്റി സന്ദർശിച്ചിരുന്നു. സന്ദർശനശേഷം അവർ വ്യക്തമാക്കിയത് മെയ് മാസത്തിൽ ആദ്യഘട്ടം എങ്കിലും തുറക്കാൻ പരമാവധി ശ്രമിക്കും എന്ന് മാത്രമാണ്. ഇതോടുകൂടി പതിവുപോലെ ജോസ് കെ മാണിയുടേത് വെറും പ്രഖ്യാപനമാണ് എന്ന് ജനങ്ങൾക്ക് ബോധ്യപ്പെടുകയും ചെയ്തു. നിർദിഷ്ട പദ്ധതിയിൽ തൊഴിലുറപ്പ് ജീവനക്കാർ കയർ ഭൂപടം വിരിക്കുന്നതല്ലാതെ മറ്റൊന്നും നടക്കുന്നില്ല എന്ന റിപ്പോർട്ടുകളെ തുടർന്നാണ് സ്ഥലം എംഎൽഎ മോൻസ് ജോസഫും, എംപി ഫ്രാൻസിസ് ജോർജും ഇന്ന് സയൻസ് സിറ്റി സന്ദർശിക്കുവാൻ തീരുമാനമെടുത്തത്.

കാലേകൂട്ടി നിശ്ചയിച്ച സന്ദർശനത്തെക്കുറിച്ച് പദ്ധതിയുടെ ചുമതലയുള്ള ശാസ്ത്ര സാങ്കേതിക വകുപ്പ് ഡയറക്ടർക്ക് എംഎൽഎ നേരത്തെ തന്നെ അറിയിപ്പ് നൽകിയിരുന്നു. എംഎൽഎയ്ക്കും, എംപി ക്കും പദ്ധതി പരിചയപ്പെടുത്തുവാനും വിവരങ്ങൾ പങ്കുവയ്ക്കുവാനും ഡെപ്യൂട്ടി ഡയറക്ടർ ഉൾപ്പെടെയുള്ള ജീവനക്കാരെ അവിടെ ക്രമീകരിച്ചു കൊള്ളാം എന്ന് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി മറുപടിയും നൽകിയതാണ്. എന്നാൽ ഇന്ന് ജനപ്രതിനിധികൾ സ്ഥലത്തെത്തിയപ്പോൾ സെക്യൂരിറ്റി ജീവനക്കാരനും തൊഴിലുറപ്പ് തൊഴിലാളികളും മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. ഏതോ ഉദ്യോഗസ്ഥൻ രാവിലെ എത്തി ഇന്ന് അവധി ആണെന്ന് പ്രഖ്യാപിച്ചു മടങ്ങി എന്നും ഇവർ ജനപ്രതിനിധികളോട് വെളിപ്പെടുത്തി. തുടർന്ന് ഡെപ്യൂട്ടി ഡയറക്ടറെ ബന്ധപ്പെട്ടപ്പോൾ താൻ രണ്ടുദിവസം മുമ്പ് മാത്രമാണ് നിയമിക്കപ്പെട്ടതെന്നും രോഗ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയിലാണ് എന്ന മറുപടിയുമാണ് ജനപ്രതിനിധികൾക്ക് ലഭിച്ചത്.

ജനപ്രതിനിധികളുടെ സന്ദർശനം അട്ടിമറിക്കുവാൻ രാഷ്ട്രീയ ഇടപെടൽ

കാലേക്കൂട്ടി അറിയിച്ച് ക്രമീകരിച്ച ജനപ്രതിനിധികളുടെ സന്ദർശനം അട്ടിമറിക്കുവാൻ രാഷ്ട്രീയ ഇടപെടൽ ഉണ്ടായിട്ടുണ്ട് എന്ന സംശയം ശക്തമാവുകയാണ്. ഇത്തരത്തിൽ സന്ദർശനം ക്രമീകരിച്ചിരിക്കുന്ന ദിവസം ഉദ്യോഗസ്ഥർ അനധികൃതമായി അവധിയിൽ പോകുവാനുള്ള ഒരു സാധ്യതയും നിലനിൽക്കുന്നില്ല. അതുകൊണ്ടുതന്നെ അധികാര ദുർവിനിയോഗത്തിന്റെ ഭാഗമായി മാണി ഗ്രൂപ്പിന്റെ സമ്മർദ്ദം മൂലം ഉദ്യോഗസ്ഥർ ബോധപൂർവ്വം മാറി നിന്നതാണോ എന്ന സംശയം ബലപ്പെടുകയാണ്.

ജോസ് കെ മാണിയുടെ അവകാശവാദങ്ങൾ പൊള്ള; 85 കോടി ചെലവായ പദ്ധതിക്ക് കേന്ദ്രത്തിൽനിന്ന് എംപി എന്ന നിലയിൽ അനുവദിപ്പിക്കാൻ കഴിഞ്ഞത് കേവലം അഞ്ചു കോടി

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത്, രണ്ടാം യുപിഎ സർക്കാരിൻറെ സഹകരണത്തോടെ 50% മുടക്കുമുതൽ വീതം കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചെലവാക്കുന്ന രീതിയിലാണ് സയൻസ് സിറ്റി പദ്ധതി വിഭാവനം ചെയ്തത്. പദ്ധതിക്ക് വേണ്ടി സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട് കൃഷിവകുപ്പിന്റെ കൈവശം ഇരുന്ന 30 ഏക്കർ സ്ഥലം കുറവിലങ്ങാട് കണ്ടെത്തിയതും കൃഷിവകുപ്പിൽ നിന്ന് അനുവദിപ്പിച്ചെടുത്തതും കടുത്തുരുത്തി എംഎൽഎ ആയ മോൻസ് ജോസഫ് ആണ്. 2014ലെ ഭരണമാറ്റത്തോടെ കേന്ദ്രസർക്കാർ ഫണ്ട് ലഭിക്കാതെ വന്നപ്പോൾ പണിമുടങ്ങുന്ന സാഹചര്യമുണ്ടായപ്പോൾ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും, ധനകാര്യ മന്ത്രി കെഎം മാണിയെയും കണ്ട് പദ്ധതിക്ക് വേണ്ടി സംസ്ഥാന സർക്കാരിനെ കൊണ്ട് അധിക തുക അനുവദിപ്പിച്ചതും മോൻസാണ്. ആ കാലഘട്ടത്തിൽ കോട്ടയത്തെ ലോക്സഭാ എംപി ആയിരുന്നിട്ടും കേന്ദ്രസർക്കാരിൽ നിന്ന് പദ്ധതിക്ക് വേണ്ടി വാഗ്ദാനം ചെയ്യപ്പെട്ട തുക മേടിച്ച് എടുക്കാൻ പോലും ജോസ് കെ മാണിക്ക് കഴിഞ്ഞില്ല എന്നതും വസ്തുതയാണ്.

ഇടത്ത് സർക്കാരിൻറെ കാലത്ത് ഇഴഞ്ഞു നീങ്ങുന്ന നിർമാണം

യുഡിഎഫ് യുപിഎ സർക്കാരുകളുടെ കാലത്ത് അതിവേഗം മുന്നോട്ടു പോയ നിർമ്മാണം കേരളത്തിൽ ഇടതു സർക്കാർ അധികാരം ഏറ്റെടുത്തതോടെ ഇഴഞ്ഞു നീങ്ങുകയാണ് ഉണ്ടായത്. ജോസ് കെ മാണി ചെയർമാനായ കേരള കോൺഗ്രസ് എം ഇടതുമുന്നണിയിലെ പ്രബല ഘടകകക്ഷിയാണ് എന്ന് അവകാശപ്പെടുമ്പോഴും സ്വന്തം ശക്തി കേന്ദ്രത്തിലെ പദ്ധതിയുടെ നിർമ്മാണം പൂർത്തിയാക്കിക്കുവാൻ അവർക്ക് കഴിയുന്നില്ല. ബോധപൂർവ്വം വേണ്ട എന്ന് വെക്കുന്നതാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു, കാരണം പദ്ധതി പൂർത്തിയായാൽ അതിന്റെ മെച്ചം എംഎൽഎ മോൻസ് ജോസഫിനും എംപി ഫ്രാൻസിസ് ജോർജിനും ലഭിക്കുമോ എന്ന ആശങ്ക അവർക്ക് ഉണ്ടാവാൻ സാധ്യതയുണ്ട്. പാലായ്ക്കും കടുത്തുരുത്തിക്കും പല സർക്കാർ പദ്ധതികളും നഷ്ടമാകുന്നതിനും, ഉള്ള പദ്ധതികൾ ഇഴഞ്ഞു നീങ്ങുന്നതിനും ഉള്ള കാരണം കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ ഈ ചിന്തയാണ് എന്ന് നേരത്തെ തന്നെ ആക്ഷേപങ്ങൾ ഉയർന്നിട്ടുള്ളതാണ്.

പ്രതിഷേധ നടപടികളുമായി മുന്നോട്ടു പോകാൻ ജനപ്രതിനിധികൾ

ജനപ്രതിനിധികളായ തങ്ങൾ അപമാനിക്കപ്പെട്ടു എന്ന നിലപാടിലാണ് മോൻസ് ജോസഫും, ഫ്രാൻസിസ് ജോർജും. അതിനാൽ തന്നെ സ്പീക്കർക്ക് അവകാശലംഘനം ചൂണ്ടിക്കാട്ടി പരാതി നൽകുവാൻ എംഎൽഎ മോൻസ് ജോസഫ് തീരുമാനമെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും പരാതിയോ നിവേദനമോ സമർപ്പിക്കുവാനും എംഎൽഎയും, എംപിയും തീരുമാനിച്ചിട്ടുണ്ട്. പണി ഇനിയും ഇറങ്ങി നീങ്ങി സർക്കാരിൻറെ പൊതു ഖജനാവിലെ 85 കോടി രൂപയോളം പാഴാകുന്ന സാഹചര്യം തുടർന്നാൽ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കടുത്തുരുത്തി എംഎൽഎ മോൻസ് ജോസഫ് വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക