അന്താരാഷ്ട്ര നേഴ്സസ് ദിനത്തിന് മുന്നോടിയായുള്ള ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ നേഴ്സുമാരെ കാത്തിരുന്നത് വമ്ബൻ സർപ്രൈസ്. തിരഞ്ഞെടുക്കപ്പെട്ട പത്ത് പേർക്ക് ടൊയോട്ട RAV4 കാർ സമ്മാനിച്ചാണ് യുഎഇ യിലെ പ്രമുഖ ആരോഗ്യസേവന ദാതാവായ ബുർജീല്‍ ഹോള്‍ഡിങ്സ് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. ഗ്രൂപ്പിന്റെ ആശുപത്രികളിലും മെഡിക്കല്‍ സെന്ററുകളിലും മികച്ച പ്രകടനം കാഴ്ച വെച്ച നേഴ്സുമാരെ ആദരിക്കുന്നതിനായി നടത്തിയ ഡ്രൈവിംഗ് ഫോഴ്സ് അവാർഡ്സിലാണ് ഇരുപത്തിയാറ് ലക്ഷം രൂപ വിലമതിക്കുന്ന സർപ്രൈസ് സമ്മാനം ഓരോരുത്തരെയും കാത്തിരുന്നത്.

വിജയികളില്‍ നാല് മലയാളികളുള്‍പ്പടെ ആറ് ഇന്ത്യാക്കാരാണ്. ബാക്കിയുള്ളവർ ഫിലിപ്പൈൻസ്, ജോർദാൻ, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ളവർ.എല്ലാ വർഷങ്ങളിലെയും പോലെയുള്ള ആഘോഷങ്ങളും സമ്മാനങ്ങളുമാണ് പങ്കെടുക്കാനെത്തിയവർ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കാർ സമ്മാനമായി ലഭിക്കുന്നുവെന്നറിഞ്ഞപ്പോള്‍ പലരും സന്തോഷക്കണ്ണീരിലായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“വേദിയില്‍ എന്റെ അനുഭവങ്ങളെക്കുറിച്ച്‌ സംസാരിക്കണമെന്ന് മാത്രമേ കരുതിയുള്ളൂ. ഇത്രയും വിലയേറിയ ഒരു സമ്മാനം പ്രതീക്ഷിച്ചതേയില്ല,” ഡ്രൈവിംഗ് ഫോഴ്സ് അവാർഡ് വിജയി അനി എം. ജോസ് പറഞ്ഞു. ബുർജീല്‍ മെഡിക്കല്‍ സിറ്റിയില്‍ നേഴ്സിങ് എഡ്യൂക്കേഷൻ മാനേജരായ കണ്ണൂർ സ്വദേശിനി അനി യുഎഇ യിലെത്തിയത് 2015ലാണ്.

നേഴ്സിങ്ങില്‍ ഡോക്ടറേറ്റ് എടുത്ത് ആതുരസേവന രംഗത്ത് കൂടുതല്‍ സംഭാവനകള്‍ നല്‍കാൻ തയ്യാറെടുക്കുകയാണ് അനിയിപ്പോള്‍.അല്‍ റീമിലെ ബുർജീല്‍ ഡേ സർജറി സെന്ററില്‍ നേഴ്സായ പത്തനംതിട്ട സ്വദേശിനി അർച്ചന കുമാരി , ദുബായ് മെഡിയോർ ആശുപത്രിയില്‍ നേഴ്സായ സിബി മാത്യു, അല്‍ ഐനിലെ ബുർജീല്‍ റോയല്‍ ഹോസ്പിറ്റലില്‍ ഐസിയു നേഴ്സായ വിഷ്ണു പ്രസാദ് എന്നിവരാണ് മറ്റു മലയാളികള്‍.തമിഴ്നാട് സ്വദേശികളായ പ്രിയങ്ക ദേവിയും നബീല്‍ ഇക്ബാലുമാണ് പുരസ്കാരം നേടിയ മറ്റ് ഇന്ത്യക്കാർ.

അബുദാബിയില്‍ നടന്ന പ്രത്യേക ചടങ്ങില്‍ ബുർജീല്‍ ഹോള്‍ഡിങ്സ് ഗ്രൂപ്പ് സിഇഒ ജോണ്‍ സുനിലും ഗ്രൂപ്പ് കോ-സിഇഒ സഫീർ അഹമ്മദും വിജയികള്‍ക്ക് താക്കോല്‍ കൈമാറി. ബുർജീല്‍ യൂണിറ്റുകളിലുടനീളം മാസങ്ങള്‍ നീണ്ട വിലയിരുത്തലുകള്‍ക്ക് ശേഷമാണ് ജൂറി വിജയികളെ തിരഞ്ഞെടുത്തത്. നഴ്സുമാരുടെ പ്രകടനം, കമ്മ്യൂണിറ്റി സേവനം, രോഗികളുടെ ജീവിതത്തില്‍ ഉണ്ടാക്കിയ സ്വാധീനം എന്നിവ അവലോകനം ചെയ്താണ് അന്തിമവിജയികളെ തീരുമാനിച്ചത്. വരും ദിനങ്ങളില്‍ ബുർജീലിന്റെ ആരോഗ്യശൃംഖലയിലുള്ള 100 നേഴ്സുമാർക്ക് പ്രത്യേക ക്യാഷ് അവാർഡുകളും നല്‍കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക