തിരുവനന്തപുരം റീജ്യണല്‍ കാൻസർ സെന്ററിൻ്റെ ഉദ്ഘാടനത്തില്‍ നിന്ന് മന്ത്രി വീണ ജോർജിനെ ഒഴിവാക്കിയെന്ന് ആരോപണം. സംഭവത്തില്‍ സംസ്ഥാന സർക്കാർ അന്വേഷണം നടത്തും. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കാണ് അന്വേഷണ ചുമതല.
താൻ അറിയാതെയാണ് ആർസിസിയില്‍ പരിപാടി നടന്നതെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞിരുന്നു. ഇത്തരത്തില്‍ അനൗപചാരിക ഉദ്ഘാടനങ്ങള്‍ നടത്തുന്ന പതിവില്ലെന്നും മന്ത്രി പറയുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം നടത്തുന്നത്.
അതേസമയം സംഭവത്തില്‍ ആർസിസി ഡയറക്ടർ വിശദീകരണവുമായി രംഗത്ത് വന്നു. ആർസിസിയില്‍ നടന്നത് കാത്ത് ലാബിൻ്റെ ഉദ്ഘാടനമല്ലെന്നും രോഗികളെ പ്രവേശിപ്പിക്കാനുള്ള അനൗപചാരിക ചടങ്ങ് മാത്രമായിരുന്നു എന്നുമാണ് ഡയറക്‌ടർ വ്യക്തമാക്കുന്നത്. ഒരാഴ്ച കൊണ്ട് കാത്ത് ലാബില്‍ രോഗികളെ പ്രവേശിപ്പിക്കേണ്ടതുണ്ടെന്നും സാധാരണ ഇത്തരം ചടങ്ങുകള്‍ നടത്താറുണ്ടെന്നും ഡയറക്ടർ വ്യക്തമാക്കി.

















