എന്നും മനുഷ്യപക്ഷത്ത് നിലയുറപ്പിച്ച മഹാഇടയൻ നിത്യതയിലേക്ക് മടങ്ങിയിരിക്കുകയാണ്. തിങ്കളാഴ്ച പുലർച്ചെയാണ് ഫ്രാൻസിസ് മാർപാപ്പ അന്തരിച്ചത്. രോഗങ്ങളോട് മല്ലിട്ട് ദീർഘകാലമായി ആശുപത്രി വാസത്തിലായിരുന്നു അദ്ദേഹം. സുഖം പ്രാപിച്ചതിനു ശേഷവും ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു.12 വർഷമാണ് ഹൊർഹെ മാരിയോ ബർഗോളിയെന്ന ഫ്രാൻസിസ് മാർപാപ്പ കത്തോലിക്ക സഭ അധ്യക്ഷ(പോപ്) പദവിയിലിരുന്നത്.

ഫ്രാൻസിസ് മാർപാപ്പക്ക് പകരം വെക്കാനാകില്ലെങ്കിലും ആരാകും അടുത്ത മാർപാപ്പയെന്ന ചർച്ചയിലാണ് ലോകം. പിൻഗാമി ആരെന്ന കാര്യത്തില്‍ വത്തിക്കാൻ ഒരു സൂചനയും നല്‍കിയിട്ടില്ല. കർദിനാളുമാർ വോട്ട് ചെയ്താണ് പോപ്പിനെ തെരഞ്ഞെടുക്കുക. ലോകത്തുടനീളം ഏതാണ്ട് 240 ലേറെ കർദിനാളുമാരുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിലവിലെ പോപ് മരിക്കുകയോ രാജിവെക്കുകയോ ചെയ്യുമ്ബോള്‍, കർദിനാളുമാർ വോട്ടെടുപ്പിലൂടെ പിൻഗാമിയെ കണ്ടെത്തുന്നു. പാപ്പല്‍ കോണ്‍ക്ലേവ് എന്നാണ് ഈ പ്രകിയ അറിയപ്പെടുന്നത്. നിലവില്‍ 138 വോട്ടർമാരാണുള്ളത്.അതായത് നിലവിലുള്ള 240 കർദിനാളുമാരിൽ 75 വയസ്സിൽ താഴെയുള്ള 138 പേരാണ് വോട്ട് അവകാശമുള്ളവർ. ഈ 138 പേരും രഹസ്യ വോട്ടെടുപ്പിലൂടെയാണ് വോട്ട് രേഖപ്പെടുത്തുന്നത്.

പുതിയ പോപ്പിനെ തെരഞ്ഞെടുക്കാൻ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. ഈ പരിധി എത്തുന്നത് വരെ വോട്ടെടുപ്പ് തുടരും. ഓരോ റൗണ്ട് വോട്ടെടുപ്പ് കഴിയുംതോറും ബാലറ്റുകള്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച്‌ കത്തിച്ചുകളയും. ഇത് കത്തിക്കുമ്ബോള്‍ കറുപ്പോ വെളുപ്പോ ആയ പുകയുയരുന്നു. കറുത്ത പുകയാണെങ്കില്‍ തീരുമാനമായില്ല എന്നാണ് സൂചന. വെളുത്ത പുകയാണെങ്കില്‍ പുതിയ പോപ്പിനെ തെരഞ്ഞെടുത്തു എന്ന് മനസിലാക്കാം. പോപ്പിനെ തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ അനുവാദം വാങ്ങും. സമ്മതംമൂളിയാല്‍ അദ്ദേഹത്തെ അടുത്ത പോപ്പായി പ്രഖ്യാപിക്കും.

പാപ്പല്‍ കോണ്‍ക്ലേവ് എപ്പോള്‍ തുടങ്ങും?

സാധാരണഗതിയില്‍ പോപ്പ് മരിച്ച്‌ രണ്ടോ മൂന്നോ ആഴ്ച കഴിഞ്ഞാണ് പാപ്പല്‍ കോണ്‍ക്ലേവ് നടക്കുക. 2013ല്‍ ബെനഡിക്‌ട് 16ാമൻ രാജിവെച്ച്‌ 12 ദിവസങ്ങള്‍ക്ക് ശേഷമാണ് കോണ്‍ക്ലേവ് തുടങ്ങിയത്. കർദിനാളുകള്‍ക്കിടയില്‍ ഐക്യമുണ്ടെങ്കില്‍ പുതിയ പോപ്പിനെ പെട്ടെന്ന് തെരഞ്ഞെടുക്കാം. അല്ലെങ്കില്‍ ആഴ്ചകളെടുത്തേക്കാം. അതുവരെ സിസ്റ്റൈൻ ചാപ്പലിലെ അടച്ചിട്ട മുറിയിലെ തീരുമാനത്തിന് ലോകം കാതോർക്കും.

രഹസ്യം പരസ്യമാകാതിരിക്കാൻ ഇക്കാലയളവില്‍ ഒരാളും മാധ്യമങ്ങളുമായി ബന്ധപ്പെടുകയോ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയോ ചെയ്യില്ല.മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുന്നതിനായി കോണ്‍ക്ലേവില്‍ ഓരോ ദിവസവും നാല് റൗണ്ട് വോട്ടെടുപ്പ് വരെ നടക്കും. 33 റൗണ്ടുകള്‍ക്ക് ശേഷവും തീരുമാനമെടുത്തില്ലെങ്കില്‍ അവസാന റൗണ്ടിലെത്തുന്ന രണ്ടുപേർ തമ്മിലാകും മത്സരം.1271 ല്‍ ഗ്രിഗറി പത്താമൻ മാർപാപ്പയെ തിരഞ്ഞെടുക്കാൻ പാപ്പല്‍ കോണ്‍ക്ലേവ് കടുത്ത രാഷ്ട്രീയ തർക്കങ്ങള്‍ കാരണം ഏകദേശം മൂന്ന് വർഷമെടുത്തു.

അടുത്ത പോപ്പ് ആകാൻ സാധ്യതയുള്ളവരില്‍ ആരൊക്കെ?

കോണ്‍ക്ലേവില്‍ വോട്ടുചെയ്യാൻ അർഹതയുള്ള 138 കർദിനാള്‍മാരില്‍ 110 പേരെയും ഫ്രാൻസിസ് മാർപാപ്പ നിയമിച്ചതാണ്. യുക്രെയ്നില്‍ നിന്നുള്ള പുരോഹിതനാണ് അതില്‍ ഏറ്റവും പ്രായംകുറഞ്ഞ കർദിനാള്‍. അടുത്ത പോപ് ചിലപ്പോള്‍ ആഫ്രിക്കയില്‍ നിന്നാകാം, അല്ലെങ്കില്‍ ഏഷ്യക്കാരനാകാം.കർദിനാള്‍ പീറ്റർ എർദോ, കർദിനാള്‍ പിയട്രോ പരോളിൻ, കർദിനാള്‍ പീറ്റർ തുർക്സണ്‍, കർദിനാള്‍ ലൂയിസ് താഗിള്‍, കർദിനാള്‍ മരിയോ ഗ്രെഞ്ച്, കർദിനാള്‍ മാറ്റിയോ സുപ്പി എന്നിവരാണ് അടുത്ത പോപ്പ് ആകാൻ ഏറ്റവും സാധ്യതയുള്ളവർ എന്ന് വിലയിരുത്തപ്പെടുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക