നടൻ ഷൈൻ ടോം ചാക്കോ നല്‍കിയ മൊഴിയുടെ പൂർണ്ണരൂപം പുറത്ത്. വിദേശമലയാളിയായ യുവതിയെ കാണാനാണ് കൊച്ചിയിലെ ഹോട്ടലില്‍ എത്തിയതെന്ന് ഷൈൻ മൊഴി നല്‍കി. കാക്കനാട്ടെ ഹോട്ടലില്‍ ആയിരുന്നു ആദ്യം താമസിച്ചത്. മൈക്ക് മൈ ട്രിപ്പ് വഴിയാണ് ഹോട്ടല്‍ വേദാന്തയില്‍ റൂം ബുക്ക് ചെയ്തതെന്നും ഷൈൻ പൊലീസിനോട് പറഞ്ഞു.
വ്യക്തിപരമായ ആവശ്യത്തിന് ഇവിടെ എത്തിയത്. വിദേശമലയാളിയായ യുവതിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. അവർ ഹോട്ടലിലേക്ക് വരാമെന്നും നേരിട്ട് കാണാമെന്നും പറഞ്ഞിരുന്നു. അതനുസരിച്ചാണ് താൻ ഹോട്ടലില്‍ എത്തിയത്. യുവതി നേരത്തെ തന്നെ ഹോട്ടലില്‍ മുറിയെടുത്തു. തുടർന്നാണ് 304 മുറി താൻ എടുത്തത്.
ഹോട്ടലില്‍ മുറിയെടുത്ത ശേഷം ചിലർ കാണാൻ വന്നിരുന്നു. മേക്കപ്പ് സ്റ്റാഫായ വിൻസി, പാലക്കാട് സ്വദേശിയും സലൂണ്‍ ഉടമയുമായ ആദം, സിനിമ സംവിധായകൻ നഹാസ് എന്നിവരാണ് കാണാൻ എത്തിയത്.തനിക്ക് ശത്രുക്കളില്ല. പക്ഷെ പിതാവ് ഒരു സിനിമ നിർമിച്ചിരുന്നു. ആ സിനിമയുമായി ബന്ധപ്പെട്ട് സാമ്ബത്തിക തർക്കമുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ടവർ മർദ്ദിക്കാൻ വന്നു എന്ന് കരുതിയാണ് ഹോട്ടലില്‍ നിന്നും ഇറങ്ങിയോടിയതെന്നാണ് ഷൈൻ നല്‍കിയ ന്യായീകരണം. അവിടെ നിന്നും ഹയാത്ത് ഹോട്ടലിലും പിന്നീട് ഗുരുവായൂരിലേക്കും പോയി. അവിടെ നിന്നും പാലക്കാട് പോയി അഭിഭാഷകനെ കണ്ടെന്നും ഷൈൻ പറയുന്നു.
വിൻസി അലോഷ്യസിനോട് തമാശരൂപത്തില്‍ പലതും പറഞ്ഞിട്ടുണ്ടാകും എന്നാല്‍ അപമര്യാദമായി പെരുമാറിയിട്ടില്ലയെന്നും ഷൈൻ പറഞ്ഞു. മെത്താംഫിറ്റമിനും കഞ്ചാവും ഉപയോഗിക്കാറുണ്ടെന്ന് ഷൈൻ സമ്മതിച്ചതായി നേരത്തെ വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. മൂക്കിലേക്ക് വലിച്ച് കയറ്റിയാണ് മെത്താംഫിറ്റമിൻ ഉപയോഗിക്കുന്നതെന്ന് ഷൈൻ പറഞ്ഞു. സിനിമ സെറ്റില്‍ വച്ച് കഞ്ചാവ് ബീഡി വലിച്ചുണ്ട്. എന്നാല്‍ എംഡിഎംഎയും സ്റ്റാമ്ബും ഉപയോഗിക്കാറില്ല.
സിനിമാ സെറ്റുകളില്‍ ലഹരി എത്തിച്ച് നല്‍കാൻ പ്രത്യേക ഏജന്റുമാരുണ്ട്. ഗൂഗിള്‍ പേ വഴിയാണ് പണം കൈമാറിയത്. ആർക്ക് എപ്പോള്‍ കൈമാറിയെന്ന് ഓർമയില്ലെന്നും ഷൈൻ പൊലീസിന് മൊഴി നല്‍കി. എന്നാല്‍ ഷൈനിന്റെ മൊഴി അന്വേഷണ സംഘം വിശ്വാസത്തില്‍ എടുത്തിട്ടില്ല.















