കെഎം മാണി എന്ന രാഷ്ട്രീയ അതികായൻ മരണമടഞ്ഞ് ആറു വർഷങ്ങൾ തികയുന്ന ദിവസമായിരുന്നു ഇന്നലെ. മാണി ഓർമ്മകൾ പുതുക്കാൻ അദ്ദേഹത്തിന്റെ മകൻ നേതൃത്വം നൽകുന്ന കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് ഇന്നലെ സംസ്ഥാന വ്യാപകമായി കെഎം മാണി സ്മൃതി ദിനവും സംഘടിപ്പിച്ചിരുന്നു. വിവിധ കേരള കോൺഗ്രസ് വിഭാഗങ്ങളുടെ ആഭിമുഖ്യത്തിൽ ഇന്നലെ കെഎം മാണിയുടെ ശവകുടീരത്തിലെത്തി പ്രാർത്ഥനയും പുഷ്പചക്രം സമർപ്പിക്കലും നടത്തുകയും ചെയ്തു.
എന്നാൽ കെഎം മാണി സ്മൃതി ദിനത്തിൽ വൈക്കം നിയോജകമണ്ഡലത്തിൽ നിന്നുള്ള പാർട്ടിയുടെ സംസ്ഥാന, നിയോജകമണ്ഡലം, മണ്ഡലം തല നേതാക്കൾ ആടിപ്പാടുന്ന ദൃശ്യങ്ങളും പുറത്തു വരുന്നുണ്ട്. മദ്യലഹരിയിൽ ആയിരുന്നു ഇവരുടെ ആഘോഷം എന്ന ആരോപണവും ഉയരുന്നുണ്ട്. പാർട്ടി ഗ്രൂപ്പിൽ നിന്ന് തന്നെയാണ് വീഡിയോ ദൃശ്യങ്ങൾ ചോർന്നിട്ടുള്ളത് എന്നതിനാൽ പാർട്ടിയിലെ ഉൾപ്പോര് തന്നെയാണ് ദൃശ്യങ്ങൾ ചോർന്നതിന് കാരണമെന്നും സ്വാഭാവികമായും അനുമാനിക്കേണ്ടിയിരിക്കുന്നു.
കേരള കോൺഗ്രസ് നേതാക്കൾ കെഎം മാണി സ്മൃതി ദിനം ആചരിച്ചത് കുടിച്ചു കുന്തം മറിഞ്ഞോ? പാർട്ടി ഗ്രൂപ്പിൽ നിന്ന് ചോർന്ന വീഡിയോ ദൃശ്യങ്ങൾ കാണാം pic.twitter.com/foicAPCfaH
— Thomas R V Jose (@thomasrvjose) April 9, 2025
വിവാദത്തിൽ ഉൾപ്പെട്ട നേതാക്കളുടെ സംഘത്തിൽ ഇടവക വികാരിയെ അൾത്താരയിൽ കയറി തല്ലി ചതച്ചതിന് ഏതാനും ദിവസങ്ങൾക്കു മുമ്പ് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ബാബു ജോസഫും ഉണ്ട്. ഇയാൾ പാർട്ടിയുടെ വൈക്കം നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് പദവിയിലിരുന്ന വ്യക്തിയും ദീർഘകാലം കെഎം മാണിയുടെ ഗൺമാനുമായിരുന്നു. ഇയാളെ കൂടാതെ സംഘത്തിൽ ഉണ്ടായിരുന്ന ആളുകൾ ആരൊക്കെയാണെന്ന് വിവരിക്കുന്ന ഒരു ഹ്രസ്വ സന്ദേശവും വീഡിയോയോടൊപ്പം പ്രചരിക്കുന്നുണ്ട്. സന്ദേശത്തിന്റെ സാരാംശങ്ങൾ ചുവടെ വായിക്കാം.
വീഡിയോയ്ക്ക് ഒപ്പം പ്രചരിക്കുന്ന വാട്സ്ആപ്പ് സന്ദേശം ഇങ്ങനെ
മാണി സാറിന്റെ സ്മൃതി സംഗമം കഴിഞ്ഞ് കുടിച്ച് കൂത്താടി നേതാക്കൾ – കോട്ടയത്ത് മാണി സാറിന്റെ സ്മൃതി സംഗമത്തിന് ശേഷം കുടിച്ച് കൂത്താടി കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ നേതാക്കൾ. സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ലാ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെയാണ് അടിച്ച് പൂക്കുറ്റിയായി മാണി സാറിന്റെ ചരമദിനം ആഘോഷമാക്കിയത്. കേരളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജോയി ചെറുപുഷ്പം, റെജി ആറാക്കൻ, മണ്ഡലം പ്രസിഡന്റ് ലൂക്ക് മാത്യൂ, അഗസ്റ്റിൽ മൈലക്കച്ചാലി, രാജു പട്ടശ്ശേരി, കുര്യൻ പ്ലാക്കോട്ടയിൽ എന്നിവരും ഇവരോടൊപ്പം കേരളാ കോൺഗ്രസിൽ നിന്ന് പുറത്താക്കിയ ബാബു ജോസഫും ഉൾപ്പെടുന്ന സംഘമാണ് വെള്ളമടിച്ച് അഴിഞ്ഞാടുന്നത്. ഇതിൽ രണ്ടുപേർ കേരളാ കോൺഗ്രസിന്റെ പഞ്ചായത്ത് അംഗങ്ങളാണ്. തലയോലപ്പറമ്പിലെ ഒരു പള്ളി തർക്കത്തിനിടെ വൈദീകനെ ആക്രമിച്ച കേസിലെ പ്രതിയായ ബാബു ജോസഫിനെ കേരളാ കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നു. പാർട്ടിയുടെ വൈക്കം നിയോജക മണ്ഡലം കമ്മിറ്റിയുടെ ഔദ്യോഗിക ഗ്രൂപ്പായ ഡെലിഗേറ്റ്സ് എന്ന ഗ്രൂപ്പിൽ ആണ് നേതാക്കളുടെ ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. സംഭവം വിവാദമായതോടെ ഇവരെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.

















