ഡിജിറ്റല്‍ സൗകര്യവും സ്വകാര്യതയും ഉറപ്പാക്കുന്ന നൂതന ചുവടുവയ്പ്പുമായി കേന്ദ്ര സർക്കാർ. പുതിയ ആധാർ ആപ്പ് ചൊവ്വാഴ്ച പുറത്തിറക്കി. ഫേസ് ഐഡിയും ക്യുആർ കോഡ് സംവിധാനവും ഉള്‍പ്പെടുത്തി രൂപകല്‍പ്പന ചെയ്ത ഈ ആപ്പ്, ആധാർ കാർഡുകളോ ഫോട്ടോകോപ്പികളോ കൈവശം വയ്ക്കേണ്ട ആവശ്യകത ഇല്ലാതാക്കും. കേന്ദ്ര ഇലക്‌ട്രോണിക്സ്, ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ആപ്പ് ഔദ്യോഗികമായി ലോഞ്ച് ചെയ്തു.

ആധാർ പരിശോധന ഇനി എളുപ്പം: യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുമായി (യുഐഡിഎഐ) സഹകരിച്ച്‌ വികസിപ്പിച്ച ഈ ആപ്പ്, ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ സഹായത്തോടെ തത്സമയ ഫേസ് ഐഡി തിരിച്ചറിയല്‍ സാധ്യമാക്കുന്നു. “പുതിയ ആധാർ ആപ്പ് മൊബൈല്‍ വഴി ഫേസ് ഐഡി തിരിച്ചറിയാൻ സഹായിക്കുന്നു. ഇനി ഫിസിക്കല്‍ കാർഡുകളോ ഫോട്ടോകോപ്പികളോ ആവശ്യമില്ല, എന്ന് മന്ത്രി അശ്വിനി വൈഷ്ണവ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ X-ല്‍ പങ്കുവച്ച വീഡിയോയില്‍ വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്വകാര്യതയ്ക്ക് മുൻതൂക്കം: ആപ്പിന്റെ പ്രധാന സവിശേഷതകളിലൊന്ന് ഉപയോക്താക്കള്‍ക്ക് അവരുടെ വിവരങ്ങളില്‍ പൂർണ നിയന്ത്രണം നല്‍കുന്നതാണ്. ഒരു ടാപ്പിലൂടെ ആവശ്യമായ ഡാറ്റ മാത്രം പങ്കിടാൻ കഴിയും. ഇത് സ്വകാര്യ വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നു. ക്യുആർ കോഡ് സ്കാൻ ചെയ്തോ ആപ്ലിക്കേഷൻ ഉപയോഗിച്ചോ ആധാർ വിശദാംശങ്ങള്‍ പരിശോധിക്കാനും പങ്കിടാനും ഈ ആപ്പ് സൗകര്യമൊരുക്കുന്നു.

യുപിഐ പോലെ ലളിതം: ആധാർ വെരിഫിക്കേഷൻ ഇനി യുപിഐ പേയ്മെന്റ് പോലെ എളുപ്പമാകും. യാത്രയ്ക്കിടയിലോ, ഹോട്ടല്‍ ചെക്ക്-ഇന്നുകള്‍ക്കിടയിലോ, ഷോപ്പിംഗിനിടയിലോ ആധാർ കാർഡിന്റെ ഫോട്ടോകോപ്പി പകർപ്പുകള്‍ കൈമാറേണ്ട ആവശ്യം ഇനി വേണ്ട. 100 ശതമാനം ഡിജിറ്റലും സുരക്ഷിതവുമായ ഈ ആപ്പ്, ഉപയോക്താവിന്റെ സമ്മതത്തോടെ മാത്രമേ വിവരങ്ങള്‍ പങ്കിടാൻ അനുവദിക്കൂ.

നിലവില്‍ ബീറ്റാ ഘട്ടത്തില്‍: പുതിയ ആധാർ ആപ്പ് നിലവില്‍ ബീറ്റാ പരീക്ഷണ ഘട്ടത്തിലാണ്. ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യങ്ങളുടെയും എഐയുടെയും സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യയുടെ ഡിജിറ്റല്‍ ഭാവി രൂപപ്പെടുത്തുന്നതില്‍ ഈ ആപ്പ് നിർണായക പങ്ക് വഹിക്കുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് അഭിപ്രായപ്പെട്ടു. വ്യാജമായോ ദുരുപയോഗം ചെയ്യപ്പെടുന്നതോ ആയ സാഹചര്യങ്ങള്‍ ഒഴിവാക്കാൻ ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് ആപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഡിജിറ്റല്‍ നവീകരണത്തിന്റെ ഭാഗമായി, ഇന്ത്യൻ പൗരന്മാർക്ക് കൂടുതല്‍ സൗകര്യപ്രദവും സുരക്ഷിതവുമായ സേവനം എത്തിക്കുകയാണ് പുതിയ ആധാർ ആപ്പിന്റെ ലക്ഷ്യം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക