2026ൽ യുഡിഎഫ് അധികാരത്തിൽ തിരികെ വരുമെന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്. യുഡിഎഫിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളുടെ പ്രവർത്തന മഹത്വത്തെക്കാൾ ഉപരിയായി പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടതുപക്ഷ സർക്കാരിനോടുള്ള ജനങ്ങളുടെ പ്രതിഷേധമാണ് ഇത്തരം ഒരു വിലയിരുത്തൽ ഉണ്ടാകുവാൻ ഉള്ള പ്രധാനപ്പെട്ട കാരണം. എന്നാൽ മുന്നണിക്ക് നേതൃത്വം നൽകുന്ന കോൺഗ്രസിന്റെയും, പോഷക സംഘടനകളുടെയും സംഘടനാ സംവിധാനത്തിന് ദൗർബല്യം അവരുടെ ശക്തി കേന്ദ്രങ്ങളായ കോട്ടയം ഉൾപ്പെടെയുള്ള ജില്ലകളിൽ പലപ്പോഴും ദൃശ്യം ആവാറുണ്ട്. ഇതിൻറെ ഏറ്റവും പുതിയ ഉദാഹരണമാണ് കോട്ടയത്ത് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മകൾ അഴിമതി കേസിൽ പ്രതിയായതോടെ പിണറായി വിജയൻറെ രാജി ആവശ്യപ്പെട്ട് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച്.

കോട്ടയം ജില്ലാ കമ്മിറ്റിയുടെ മാർച്ച് ആയതിനാൽ തന്നെ വലിയ പ്രവർത്തക പങ്കാളിത്തം ഉണ്ടാകും എന്നായിരുന്നു പോലീസിന്റെയും മാധ്യമങ്ങളുടെയും വിലയിരുത്തൽ. മാർച്ചിന്റെ ഉദ്ഘാടനം നിർവഹിക്കുന്നത് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ ആണെന്ന് കൂടി അറിഞ്ഞതോടെ അത്യാവശ്യം എരിവും പുളിയും സമരത്തിന് ഉണ്ടാകും എന്ന് പൊലീസും മാധ്യമങ്ങളും വിലയിരുത്തി. പതിവുപോലെ ജലപീരങ്കി അടക്കമുള്ള സന്നാഹങ്ങളും, അമ്പതോളം സേനാംഗങ്ങളെയും അണിനിരത്തിയാണ് പോലീസ് സമരക്കാരെ കാത്തിരുന്നത്. ഉദ്ഘാടന പ്രസംഗത്തിന് പിന്നാലെ തന്നെ സംഘർഷവും കല്ലേറും ജല പീരങ്കി പ്രയോഗവും ഉറപ്പിച്ച് മാധ്യമ സംഘങ്ങളും നേരത്തെ തന്നെ സ്ഥലത്തെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാൽ യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡൻറ് ഗൗരീശങ്കറിന്റെ നേതൃത്വത്തിൽ കടന്നുവന്ന പ്രകടനത്തിൽ കഷ്ടിച്ച് 20 പേർ മാത്രമാണ് ഉണ്ടായിരുന്നത്. 20 ൽ തന്നെ ആറോ ഏഴോ ആളുകൾ ഷുഗറും കൊളസ്ട്രോളും ഒക്കെയുള്ള മൂത്ത കോൺഗ്രസുകാരായിരുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്. ട്രോൾ വീഡിയോകളിൽ പ്രത്യക്ഷപ്പെടുന്നത് പോലെ ദുർബലമായ മുദ്രാവാക്യങ്ങളുമായി കടന്നുവന്ന ശുഷ്കിച്ച പ്രതിഷേധ മാർച്ച് പോലീസിനെ പോലും നിരാശപ്പെടുത്തി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന മാധ്യമപ്രവർത്തകർ പോലും കോൺഗ്രസ് യുവജന സംഘടനയുടെ ഗതികേടിനെ കുറിച്ച് പരിഹാസങ്ങളും സഹതാപവും പ്രകടിപ്പിച്ചു.

സംഘാടകരുടെ മുഖം രക്ഷിച്ചത് ചാണ്ടി ഉമ്മൻ

ഉദ്ഘാടകനായ ചാണ്ടി ഉമ്മൻ മാന്യൻ ആയതുകൊണ്ട് ശുഷ്കിച്ച സമരം ആയിരുന്നിട്ടും ഉദ്ഘാടനം നിർവഹിക്കുവാൻ കൃത്യസമയത്ത് എത്തി എന്നതും ഓർക്കേണ്ടതാണ്. ചാണ്ടിയുടെ സാന്നിധ്യം കൂടി ഉണ്ടായിരുന്നില്ല എങ്കിൽ പ്രകടനം സംഘടിപ്പിച്ച യൂത്ത് കോൺഗ്രസ് നേതാക്കൾ തലയിൽ മുണ്ടിട്ട് തിരികെ പോകേണ്ട ഗതികേട് ഉണ്ടാകുമായിരുന്നു. കളം അറിഞ്ഞു കളിച്ച എംഎൽഎ ചാണ്ടിയും ഉമ്മന്റെ നീക്കങ്ങളാണ് യൂത്ത് കോൺഗ്രസിന്റെ മുഖം രക്ഷിച്ചത് എന്നതും പറയേണ്ടിയിരിക്കുന്നു. സമരക്കാർക്കൊപ്പം അദ്ദേഹം കൂടി റോഡിൽ കുത്തിയിരിക്കുവാൻ തയ്യാറായതോടെയാണ് പ്രവർത്തകരുടെ മുദ്രാവാക്യം വിളിച്ച് ആവേശം കൂടിയതും പോലീസ് അറസ്റ്റിന് നിർബന്ധിതമായതും.

ഇങ്ങനെ സമരം ചെയ്യുന്നതിനേക്കാൾ പാർട്ടിയുടെയും മുന്നണിയുടെയും വിജയത്തിന് നല്ലത് ഇത്തരക്കാർ വീട്ടിൽ ഇരിക്കുന്നത്

സംഘടന തെരഞ്ഞെടുപ്പിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ മുപ്പതിനായിരത്തോളം മെമ്പർഷിപ്പുകൾ തന്നെ യൂത്ത് കോൺഗ്രസ് ചേർത്തിരുന്നു. കോട്ടയം ജില്ലാ കമ്മിറ്റിയുടെ അംഗബലം പോലും 20ന് മുകളിലാണ് എന്നതാണ് യാഥാർത്ഥ്യം. കോട്ടയത്തുനിന്ന് നിരവധി സംസ്ഥാന കമ്മിറ്റി അംഗങ്ങളും യൂത്ത് കോൺഗ്രസിനുണ്ട്. മണ്ഡലം തലം മുതൽ മേലോട്ടുള്ള യൂത്ത് കോൺഗ്രസ് ഭാരവാഹികളുടെ അഞ്ചിലൊന്ന് എങ്കിലും സമരത്തിൽ പങ്കെടുത്തിരുന്നുവെങ്കിൽ നൂറിലധികം പേർ ഉണ്ടാവേണ്ടതായിരുന്നു. ഇത്തരത്തിലുള്ള പ്രഹസന സമരങ്ങൾ സംഘടിപ്പിക്കുന്നതിനേക്കാൾ കുട്ടി നേതാക്കൾ വീട്ടിലിരിക്കുകയായിരിക്കും പാർട്ടിയുടെയും മുന്നണിയുടെയും ഇലക്ഷൻ വിജയത്തിന് കൂടുതൽ ഉപകാരപ്രദം എന്നതും ഓർമ്മപ്പെടുത്തുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക