ശിക്ഷയിളവുചെയ്ത് വിട്ടയക്കാനുള്ള ശ്രമം നീളുമെന്നായതോടെ ഭാസ്കര കാരണവർ കേസിലെ പ്രതി ഷെറിന് വേഗം പരോളനുവദിച്ച് സർക്കാർ. ശിക്ഷയിളവിന് പിന്നിലെ ഉന്നതസ്വാധീനം പോലെത്തന്നെ, സർക്കാരിലെ ഉത്തതതല ഇടപെടലിലൂടെയാണ് പരോളും. ഏപ്രില്‍ അഞ്ചുമുതല്‍ 15 ദിവസത്തേക്കാണ് പരോള്‍. മൂന്നുദിവസം യാത്രയ്ക്കും അനുവദിച്ചു.
ഇവർക്ക് ശിക്ഷയിളവ് നല്‍കി വിട്ടയക്കാൻ മന്ത്രിസഭ തീരുമാനിച്ചത് വിവാദമായിരുന്നു. ഒരു മന്ത്രിയുടെ താത്പര്യത്തിലാണ് ശിക്ഷയിളവിന്റെ ഫയല്‍ നീങ്ങിയതെന്നായിരുന്നു ആരോപണം.14 വർഷത്തെ ശിക്ഷാകാലയളവിനുള്ളില്‍ 500 ദിവസം ഇവർക്ക് പരോള്‍ ലഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നകാലത്ത് പരോള്‍ അനുവദിക്കാൻ നിരോധനമുണ്ടെങ്കിലും ഷെറിന് ആദ്യം മുപ്പതുദിവസവും പിന്നീട് ദീർഘിപ്പിച്ച് 30 ദിവസവുംകൂടി പരോള്‍ ലഭിച്ചിരുന്നു..
ജയിലിലെ നല്ലനടപ്പ് പരിഗണിച്ചാണ് ശിക്ഷയിളവ് ശുപാർശ എന്നായിരുന്നു ജയില്‍ ഉപദേശകസമിതിയുടെ ശുപാർശ. എന്നാല്‍, ശിക്ഷ ഇളവുചെയ്യാനുള്ള മന്ത്രിസഭാതീരുമാനം വന്നതിനു പിന്നാലെ കണ്ണൂർ ജയിലിലെ സഹതടവുകാരിയെ കൈയേറ്റം ചെയ്തതിന് പോലീസ് കേസെടുത്തത് ഇവർക്ക് തിരിച്ചടിയായി. ഇവർക്ക് കൂടുതല്‍കാലം പരോള്‍ ലഭിച്ചതിന്റെയും മറ്റ് തടവുകാരുമായി പ്രശ്നമുണ്ടാക്കിയതിന് ജയില്‍ മാറ്റേണ്ടിവന്നതിന്റെയും വിശദാംശങ്ങളും പുറത്തുവന്നു. ജയിലില്‍ ലഭിക്കുന്ന പ്രത്യേക സൗകര്യങ്ങളും ഉയർന്ന ഉദ്യോഗസ്ഥരില്‍നിന്ന് ലഭിക്കുന്ന പരിഗണനയും വെളിപ്പെടുത്തി സഹതടവുകാരും രംഗത്തെത്തി.
ഷെറിന്റെ മോചന ആവശ്യം അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ഗവർണർക്കും പരാതി ലഭിച്ചു. മന്ത്രിസഭാ തീരുമാനമനുസരിച്ചുള്ള ഫയല്‍ രാജ്ഭവനിലെത്തിയെങ്കിലും ഗവർണർ നിയമോപദേശം തേടിയിരിക്കുകയാണ്. ഗവർണറുടെ തീരുമാനം നീളുമെന്ന് വന്നതോടെയാണ് പരോള്‍ നല്‍കി പുറത്തിറക്കാനുള്ള ഉന്നതതല സമ്മർദമുണ്ടായത്.കാമുകനൊപ്പം ജീവിക്കാനായി ഭർത്തൃപിതാവായ ചെങ്ങന്നൂർ സ്വദേശി ഭാസ്കര കാരണവരെ വധിച്ചതിന് 2010-ലാണ് ഷെറിന് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. കാമുകൻ ബാസിത് അലിക്കും സമാനശിക്ഷ ലഭിച്ചിരുന്നു. ജ
യിലിലെ നല്ലനടപ്പ് കണക്കിലെടുത്ത് ഇയാളെ തുറന്ന ജയിലിലാണ് താമസിപ്പിച്ചിരിക്കുന്നതെങ്കിലും മോചനപട്ടികയില്‍ വന്നിട്ടില്ല.കൊല്ലത്ത് കാമുകനൊപ്പംചേർന്ന് ഭർത്താവിനെ വിഷം നല്‍കി കൊന്ന കേസില്‍ ബിനിത എന്ന തടവുകാരിയെ മോചിപ്പിക്കാനും സർക്കാർ തീരുമാനിച്ചു. ഈ ശുപാർശയും ഗവർണറുടെ പരിഗണനയിലാണ്.

















