കോവിഡ്കാലത്ത് അരിയില്‍ ക്രമക്കേട് നടത്തിയ സംഭവത്തില്‍ കുന്നത്തുനാട് മുൻ എംഎല്‍എ വി.പി. സജീന്ദ്രനെതിരെ വിജിലൻസ് കേസെടുത്തു. വിപണിയില്‍ പതിനഞ്ച് രൂപ വിലയുണ്ടായിരുന്ന അരി മുപ്പത് രൂപയ്ക്ക് വാങ്ങിയെന്നു കാണിച്ച് ക്രമക്കേട് നടത്തിയെന്നാണ് കണ്ടെത്തല്‍. മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ നിർദേശപ്രകാരമാണ് കേസെടുത്തത്.
അന്വേഷണം ആരംഭിച്ചതായി വിജിലൻസ് അറിയിച്ചു. 2020ല്‍ കുന്നത്തുനാട് താലൂക്കിലെ എട്ട് പഞ്ചായത്തുകളില്‍ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യാൻ ബിപിസിഎലിന്റെ സിഎസ്‌ആർ ഫണ്ട് നാലരലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ തുകയുപയോഗിച്ച് അരി വാങ്ങിയതില്‍ അന്ന് എംഎല്‍എ ആയിരുന്ന വി.പി. സജീന്ദ്രൻ ക്രമക്കേട് കാട്ടിയെന്നാണ് വിജിലൻസ് കോടതിയ്ക്ക് പരാതി ലഭിച്ചത്.
നമ്ബ്യാട്ടുകുടി ആഗ്രോ ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തില്‍നിന്ന് കിലോയ്ക്ക് പതിനഞ്ച് രൂപ വിലവരുന്ന അരി മുപ്പത് രൂപയ്ക്ക് വാങ്ങി എന്നാണ് പരാതിയില്‍ പറയുന്നത്. പതിന്നാലായിരം കിലോ അരിയാണ് വാങ്ങിയത്.അഴിമതി നടന്നുവെന്ന പരാതിയെ തുടർന്ന് വി.പി. സജീന്ദ്രനെതിരെ കേസെടുക്കാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി നിർദേശം നല്‍കുകയായിരുന്നു. ഇതിനായി നേരത്തേതന്നെ വിജിലൻസ് സ്പീക്കറുടെ അനുമതി നേടിയിട്ടുണ്ട്. നമ്ബ്യാട്ടുകുടി ആഗ്രോ ഇൻഡസ്ട്രീസ് മാനേജർക്കെതിരേയും കേസെടുത്തിട്ടുണ്ട്.








