കൂരോപ്പടയില്‍ നൂറു കിലോയോളം വരുന്ന കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. കൂരോപ്പട പഞ്ചായത്ത് ളാക്കാട്ടൂര്‍ കുറ്റിക്കാട്ട് രണ്ടാം വാര്‍ഡില്‍ തോട്ടില്‍ ഇന്നലെ രാവിലെ 11.30 ന് ആയിരുന്നു സംഭവം. പറമ്ബില്‍ നിന്നും തോട്ടിലെത്തിയ കാട്ടുപന്നിയെ ആണു വെടിവെച്ചു കൊന്നത്.
നാട്ടില്‍ പന്നിയിറങ്ങിയതോടെ വാര്‍ഡ് അംഗം സന്ധ്യ ജി. നായര്‍ വനം വകുപ്പില്‍ അറിയിച്ചതിനെ തുടർന്ന് ഉപദ്രവകാരികളായ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാന്‍ ചുമതല ലഭിച്ച എരുമേലി കണമല സ്വദേശി സജോ വര്‍ഗീസാണു പന്നിയെ വെടിവെച്ചത്. ഡീസല്‍ ഒഴിച്ചു പന്നിയുടെ ജഡം മറവുചെയ്തു.
പ്രദേശത്ത് കാട്ടുപന്നിശല്യം രൂക്ഷമാണെന്നു നാട്ടുകാര്‍ പറയുന്നു. ഒരാഴ്ച മുന്‍പു കൂരോപ്പട ളാക്കാട്ടൂരില്‍ കാട്ടുപന്നിയുടെ കടിയേറ്റു യുവാവിന്റെ കൈക്കു പരുക്കേറ്റിരുന്നു. കണ്ണന്‍കുന്ന് അറയക്കമറ്റത്തില്‍ ബിനോ ഐപ്പി (48) നാണു പരുക്കേറ്റത്. കാട്ടുപന്നിയുടെ കടിയേറ്റ് കൈപ്പത്തിയില്‍ ആഴത്തില്‍ മുറിവേറ്റ ബിനോ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. കടയില്‍ പോയി വീട്ടിലേക്കു മടങ്ങിവരുന്നതിനിടെയാണു പന്നിയുടെ ആക്രമണം ഉണ്ടായത്.
വീടിനു സമീപമുള്ള റബര്‍ തോട്ടത്തില്‍ നില്‍ക്കുകയായിരുന്ന പന്നി ബിനോയെ കണ്ട ഉടന്‍ കുത്തനായി പാഞ്ഞെടുക്കുകയായിരുന്നു.പന്നിയുടെ ആക്രമണം കൈ കൊണ്ട് തടയുന്നതിനിടെയാണു ബിനോയുടെ കൈയ്ക്ക് കടിയേല്‍ക്കുന്നത്. ബഹളം കേട്ടു പരിസരവാസികള്‍ ഓടിയെത്തിയപ്പോഴേയ്ക്കും പന്നി അടുത്ത റബര്‍ തോട്ടത്തിലേക്കു ഓടിക്കയറി.
നാട്ടുകാര്‍ കുരോപ്പട പഞ്ചായത്ത് പ്രസിഡന്റ അമ്ബിളി മാത്യുവിനെ വിവരം അറിയിച്ചതിനെത്തുടര്‍ന്നു പഞ്ചായത്ത് ആവശ്യപ്പെട്ടപ്രകാരം വെടിവെയ്ക്കാനായി പഞ്ചായത്ത് നിയോഗിച്ച ആള്‍ എത്തിയെങ്കിലും പന്നിയെ ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. കാട്ടുപന്നി ശല്യം രൂക്ഷമായതോടെ ആശങ്കയിലാണു ജനങ്ങള്‍.

















