
അമിത ആത്മീയത കാരണം ഭര്‍ത്താവിന് ശാരീരിക ബന്ധത്തിലോ സന്താനോത്പാദനത്തിലോ താത്പര്യമില്ലെന്ന ആയൂര്‍വേദ ഡോക്ടറായ ഭാര്യയുടെ ഹര്‍ജിയില്‍ വിവാഹമോചനം അനുവദിച്ച കുടുംബകോടതിയുടെ വിധി ശരിവച്ച് ഹൈക്കോടതി. മൂവാറ്റുപുഴയിലെ കുടുംബകോടതി ഭാര്യയുടെ പരാതിയില്‍ വിവാഹമോചനം അനുവദിച്ചിരുന്നു. ഇതിനെ ചോദ്യംചെയ്ത് ഭര്‍ത്താവ് നല്‍കിയ അപ്പീലിലാണ് ഭാര്യക്ക് അനുകൂലമായ ഹൈക്കോടതി വിധി.
ആത്മീയമോ മറ്റെന്തിങ്കിലുമോ ആവട്ടെ, വിവാഹം ഒരു പങ്കാളിക്ക് മറ്റൊരു ഇണയുടെ മേല്‍ വ്യക്തിപരമായ വിശ്വാസങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ അധികാരം നല്‍കുന്നില്ല. തന്റെ ആത്മീയജീവിതം ഭാര്യയുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് ക്രൂരതയാണെന്നും കോടതി വ്യക്തമാക്കി. കുടുംബജീവിത്തിലെ ഭര്‍ത്താവിന്റെ താത്പര്യമില്ലായ്മ സൂചിപ്പിക്കുന്നത് വൈവാഹിക കടമകള്‍ നിറവേറ്റുന്നതില്‍ ഭർത്താവ് പരാജയപ്പെട്ടുവെന്നാണെന്ന് ജസ്റ്റിസ് ദേവന്‍രാമചന്ദ്രന്‍, ജസ്റ്റിസ് എം.ബി. സ്‌നേഹലത എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.