എഡിഎം നവീൻ ബാബുവിൻ്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി പ്രതിചേർക്കപ്പെട്ട മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പിപി ദിവ്യ സിപിഎം വേദികളില്‍ സജീവമാകുന്നു. അഞ്ചു കോടി ചെലവില്‍ കണ്ണൂർ തളാപ്പില്‍ പണിത ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി ഓഫിസായ സുശീലാ ഗോപാലൻ സ്മാരക മന്ദിരത്തിൻ്റെ ഉദ്ഘാടനത്തിനാണ് ദിവ്യയെത്തിയത്. ഉദ്ഘാടനത്തിന് ശേഷം കണ്ണൂർ കലക്ടറേറ്റ് മൈതാനിയില്‍ നടന്ന പൊതുസമ്മേളനം സിപിഎം പിബി അംഗം വൃന്ദ കാരാട്ടാണ് ഉദ്ഘാടനം ചെയ്തത്. ഈ വേദിയിലാണ് പ്രമുഖ നേതാക്കള്‍ക്കൊപ്പം ആശംസാ പ്രാസംഗികമായി ക്ഷണിക്കപ്പെട്ട അതിഥിയായി പിപി ദിവ്യയുമെത്തിയത്.
പികെ ശ്രീമതി, കെകെ ശൈലജ എംഎല്‍എ, സിഎസ് സുജാത, സൂസൻ കോടി, അഡ്വ സതീദേവി, പി കെ ശ്യാമള ടീച്ചർ, എൻ സുകന്യ തുടങ്ങിയ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു .നവീൻ ബാബുവിൻ്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് പ്രതി ചേർക്കപ്പെട്ട പിപി ദിവ്യയെ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗത്വത്തില്‍ നിന്നും പുറത്താക്കിയിരുന്നു. കഴിഞ്ഞ മാസം തളിപറമ്ബില്‍ നടന്ന സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തില്‍ പിപി ദിവ്യയെ ജില്ലാ കമ്മിറ്റി അംഗത്വത്തില്‍ തിരിച്ചെടുത്തിരുന്നില്ല.
സിപിഎം ജില്ലാ കമ്മിറ്റി അംഗത്വത്തില്‍ നിന്നും വർഗബഹുജന സംഘടന ഭാരവാഹിത്വത്തില്‍ നിന്നും പിപി ദിവ്യയെ കേസിലെ പ്രതിയായതിനെ തുടർന്ന് ഒഴിവാക്കി ഇരിണാവ് ബ്രാഞ്ചിലേക്ക് സിപിഎം തരംതാഴ്ത്തിയിരുന്നു. എന്നാല്‍ ദിവ്യ കണ്ണൂർ വനിതാ ജയിലില്‍ റിമാൻഡില്‍ കഴിയവെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ ഭാര്യയും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായ പി കെ ശ്യാമള ഉള്‍പ്പെടെയുള്ള നേതാക്കള്‍ സന്ദർശിച്ചത് വിവാദമായിരുന്നു.

















