പൊതു ഖജനാവിലെ പണം പാഴാക്കുന്നത് വികസനമല്ല കുറ്റകൃത്യമാണ് എന്ന തിരിച്ചറിവ് ജനങ്ങൾക്കുണ്ടായാൽ മാത്രമേ നാടിന് യഥാർത്ഥ വികസനം ഉണ്ടാവുകയുള്ളൂ. ഇത്തരത്തിലുള്ള പൊള്ളത്തരങ്ങളെ തിരിച്ചറിഞ്ഞു ചോദ്യം ചെയ്യാൻ ജനങ്ങൾ മുതിർന്നാൽ മാത്രമേ ഒരു നാട്ടിൽ യഥാർത്ഥ വികസനം സംഭവിക്കൂ. പലപ്പോഴും ജനങ്ങൾക്ക് ഇതിനുള്ള ആർജ്ജവവും തിരിച്ചറിവും ഇല്ലാത്തതുകൊണ്ടാണ് രാഷ്ട്രീയ നേതാക്കളും അണികളും പാർട്ടികളും വികസനത്തെക്കുറിച്ച് ഘോരഘോര പ്രചരണം നടത്തുമ്പോഴും ജനങ്ങൾക്ക് വികസനം അനുഭവവേദ്യമാകാത്തത്.
പാലായിൽ കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് ഇത്തരത്തിൽ വലിയ വികസനം എന്ന് കെട്ടിഘോഷിച്ച ഒന്നാണ് ജനറൽ ഹോസ്പിറ്റലിൽ സ്ഥാപിച്ച ഓക്സിജൻ പ്ലാന്റ് ഈ പ്ലാന്റിന്റെ ഇന്നത്തെ സ്ഥിതി അറിഞ്ഞാൽ ഈ പ്രചാരണങ്ങളുടെ പൊള്ളത്തരങ്ങൾ ഒരു വ്യക്തിക്ക് മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. സ്ഥാപിച്ച ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ നിശ്ചലമായ ഈ ഓക്സിജൻ പ്ലാൻറ് ഇനി നന്നാക്കി എടുക്കണം എങ്കിൽ വൻ തുക ചെലവാക്കേണ്ടി വരും. ഈ തുക ചെലവഴിക്കാനുള്ള സാമ്പത്തികശേഷി നഗരസഭയ്ക്കും ആശുപത്രിക്കും നിലവിൽ ഇല്ല എന്നതാണ് യാഥാർത്ഥ്യം.
ഒരു വൻകിട പ്ലാൻറ് ഇത്തരത്തിൽ സ്ഥാപിക്കുമ്പോൾ തന്നെ കൃത്യമായ എ എം സി (ആനുവൽ മെയിൻറനൻസ് പ്ലാൻ) കരാറുകൾക്ക് രൂപം കൊടുക്കേണ്ടതും അത് പ്രാബല്യത്തിൽ വരുത്തേണ്ടത് ആണ്. എന്നാൽ ഇതൊന്നും ചെയ്യാതെ കോടി കണക്കിന് രൂപ ചെലവാക്കി പ്ലാൻറ് സ്ഥാപിക്കുകയും അത് കേടാകുമ്പോൾ ഉപേക്ഷിക്കുകയും ചെയ്യുന്ന സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്. പ്ലാൻറ് പ്രവർത്തനക്ഷമം ആക്കിയാൽ മാത്രമേ ഇനിയൊരു എഎംസി കരാറിന് രൂപം കൊടുക്കാൻ കഴിയൂ എന്നുള്ളതുകൊണ്ട് തന്നെ പൊതു ഖജനാവിലെ പണം പാഴായത് മാത്രമാണ് ഇത് കൊണ്ടുള്ള ഗുണം.
ഈ ഓക്സിജൻ പ്ലാന്റിൽ നിന്ന് ഓക്സിജൻ ഉത്പാദിപ്പിക്കുന്നതിനേക്കാൾ ലാഭകരമാണ് ഓക്സിജൻ സിലിണ്ടറുകൾ വാങ്ങുന്നതെന്ന വിശദീകരണമാണ് ഇപ്പോൾ ആശുപത്രി അധികൃതർ നൽകുന്നത്. അങ്ങനെയെങ്കിൽ പിന്നെയെന്തിന് ഈ പ്ലാൻറ് സ്ഥാപിച്ചു എന്ന ചോദ്യം ഉയരേണ്ടതാണ്. പലപ്പോഴും ഇത്തരം പദ്ധതികൾ രാഷ്ട്രീയ പ്രചാരണത്തിനുള്ള കേവലം ഉപാധികൾ മാത്രമായി രാഷ്ട്രീയ നേതൃത്വവും ജനപ്രതിനിധികളും കാണുന്നതുകൊണ്ടാണ് ഇങ്ങനെയുള്ള ഗതികേടുകൾ ആവർത്തിക്കുന്നത്. പണം പാഴാക്കുന്നത് മാത്രമല്ല അത് വികസന പെരുമയാണെന്ന് കെട്ടി ഘോഷിക്കുന്നത് കേൾക്കേണ്ടിവരുന്ന ജനങ്ങളുടെ ഗതികേടാണ് ഏറ്റവും കഷ്ടം എന്നും പറയാതെ വയ്യ.
ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങളിലൂടെ ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന നിലപാടുകൾ അവസാനിപ്പിക്കാനുള്ള ആർജ്ജവം രാഷ്ട്രീയ പാർട്ടികൾ കാണിക്കണം. പൊടിക്കൈകൾ ഉപേക്ഷിച്ച് യഥാർത്ഥ ജനക്ഷേമം ലക്ഷ്യമിട്ട് പ്രവർത്തനം നടത്തിയാൽ മാത്രമേ കൈവിട്ടുപോയ അധികാരങ്ങൾ തിരികെ പിടിക്കാൻ സാധിക്കും എന്ന് തിരിച്ചറിവ് രാഷ്ട്രീയ നേതൃത്വത്തിന് ഇല്ലാത്തിടത്തോളം കാലം വ്യാജപ്രചരണങ്ങൾ സജീവമായി കൊണ്ടേയിരിക്കും. ജനങ്ങൾക്ക് തിരിച്ചറിവുള്ളതുകൊണ്ട് ഇത് എത്രമാത്രം ഫലപ്രാപ്തിയിലെത്തും എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.

















