കാപ്പാ ചുമത്തി നാടുകടത്തേണ്ട കൊടും കുറ്റവാളി പള്ളിവക ഷോപ്പിംഗ് കോംപ്ലക്സിന്റെ മാനേജർ ആയി വിലസുന്നത് ലോക്കൽ ട്രേഡ് യൂണിയൻ നേതാവിന്റെ സംരക്ഷണത്തിൽ എന്ന ആക്ഷേപം ശക്തമാകുന്നു. നിരവധി ക്രിമിനൽ അതിക്രമങ്ങളിൽ ഉൾപ്പെട്ട, പാലാ ശാന്തോം കോംപ്ലക്സ് മാനേജർ ബിനോയ് പുളിക്കൻ ഒരു യുവാവിന്റെ കണ്ണടിച്ചു തകർത്ത കേസിൽ പ്രതിയായിട്ടും അറസ്റ്റ് പോലും ഭയക്കാതെ വിലസുന്നത് ഈ രാഷ്ട്രീയ സംരക്ഷണത്തിന്റെ ധൈര്യത്തിൽ തന്നെയാണ് എന്നാണ് റിപ്പോർട്ടുകൾ. തന്നെ അറസ്റ്റ് ചെയ്യേണ്ട എന്ന് ഉന്നത നേതൃത്വത്തിൽ നിന്ന് പോലീസിനോട് വിളിച്ചു പറഞ്ഞിട്ടുണ്ടെന്ന വീരവാദമാണ് കേസിന്റെ വിവരം ആരായുന്ന ആളുകളോട് ഇയാൾ പറയുന്നത്.
പാലായിലെ പ്രമുഖ വ്യാപാര സമുച്ചയം ആയ ശാന്തോം കോംപ്ലക്സിൽ പതിനായിര കണക്കിന് രൂപ വാടകയും ലക്ഷങ്ങൾ ഡെപ്പോസിറ്റും കൊടുത്ത് കടമുറി എടുത്തിരിക്കുന്ന വ്യാപാരികൾക്കും ഇയാളെ ഭയമാണ്. ഇയാളുടെ അപ്രീതിക്ക് പാത്രമായാൽ ഇല്ലാ കഥകളും, അപവാദങ്ങളും വൈദികർക്ക് മുന്നിൽ വിളമ്പി കടമുറി പോലും നഷ്ടമാക്കും എന്ന ഭയപ്പാടിലാണ് പലരും ഇവിടെ കഴിഞ്ഞു കൂടുന്നത്. വ്യാപാരികളോട് അനാവശ്യ കാര്യങ്ങളിൽ കണിശക്കാരനായ ഇയാൾ പക്ഷേ അന്തിമയങ്ങിയാൽ വ്യാപാര സമുച്ചയത്തിലെ സ്വന്തം ഓഫീസ് മുറിയിൽ അന്യസംസ്ഥാന തൊഴിലാളികൾക്ക് ഒപ്പം കള്ള് സഭ സംഘടിപ്പിക്കുന്നതും പതിവാണ് എന്നും ആരോപണമുണ്ട്.
ഇത്തരത്തിൽ നിരന്തരം പ്രശ്നക്കാരനായ ഒരാൾ എങ്ങനെ ഇപ്പോഴും ഈ പദവിയിൽ തുടരുന്നു എന്നതും പലർക്കും അത്ഭുതം ആണ്. ഇതുകൊണ്ടുതന്നെ ഇയാളോടുള്ള ഭയവും വ്യാപാരികൾക്കും, സാധാരണക്കാർക്കും വർദ്ധിക്കുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം. ഇയാളുടെ പള്ളിയിലെയും സഭയിലെയും പിടിപാട് തങ്ങളെ കുഴപ്പത്തിലാക്കുമോ എന്ന ആശങ്ക മൂലം പലരും പ്രതികരിക്കാതിരിക്കുന്ന സാഹചര്യമുണ്ട്. ഇത്രയെല്ലാം പ്രശ്നമുണ്ടാക്കിയിട്ടും പള്ളിയിലും അരമനയിലും എല്ലാം പിന്തുണച്ച് ഇയാളെ പിടിച്ചുനിർത്തുന്നത് ആരാണ് എന്ന ചർച്ചകൾ ഓരോ വിവാദം ഉയരുമ്പോഴും സാധാരണക്കാർക്കിടയിൽ ഉണ്ടാകാറുണ്ടെങ്കിലും ഇതിന് കൃത്യമായ ഒരു ഉത്തരം നൽകാൻ ആർക്കും കഴിയുന്നില്ല.
മദ്യനിരോധനവും മദ്യവർജനവും പ്രഖ്യാപിത നയങ്ങൾ ആയി കൊണ്ടുനടക്കുന്ന പാലാ രൂപതയുടെ കീഴിലെ കത്തീഡ്രൽ ദേവാലയത്തിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന കോംപ്ലക്സിന്റെ നിയന്ത്രണം കയ്യാളുന്ന ഇയാൾ മദ്യലഹരിയിൽ ഈ കോമ്പൗണ്ടിൽ തന്നെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് പതിവാണ്. ലഹരിയുടെ ഭീഷണിയെ കുറിച്ചുള്ള ചർച്ചകൾക്കിടയിൽ പള്ളിയുടെ ശമ്പളം പറ്റുന്ന ഇത്തരം സാമൂഹ്യവിരുദ്ധരെ കുറിച്ചുള്ള ചർച്ചകളും സജീവമാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്നാൽ പൂച്ചയ്ക്കാര് മണി കെട്ടും എന്നതു പോലെയാണ് സാഹചര്യം. യാഥാർത്ഥ്യങ്ങൾ തുറന്നുപറയാനോ പ്രതികരിക്കാനോ ഇറങ്ങിയാൽ അത്തരക്കാരെ കുറിച്ച് ഇല്ലാ കഥകളും അപവാദങ്ങളും പറഞ്ഞു പരത്തി സ്വഭാവിരുദ്ധനും പള്ളി വിരോധിയുമായി ചാപ്പ കുത്തുന്ന ശൈലിയോടുള്ള ഭയപ്പാട് ഒരു സമൂഹത്തിൻറെ പ്രതികരണശേഷിയെ തന്നെ അപ്പാടെ ബാധിക്കുകയാണ്.

















