വളര്‍ത്തുമൃഗങ്ങളെ സ്വന്തം മക്കളെപ്പോലെ കൊണ്ടു നടക്കുന്നവരാണ് ഇന്നത്തെ തലമുറയിലെ മിക്ക ആളുകളും.പെറ്റ്സിനെ യാത്രയില്‍ കൂടെ കൂട്ടാനും ഉടുപ്പും മറ്റും വാങ്ങി നല്‍കി ഒരുക്കി നടത്താനുമൊക്കെ പലര്‍ക്കും വലിയ ഇഷ്ടമാണ്. പൂച്ച, പട്ടി, മുയല്‍ എന്നിങ്ങനെ വളര്‍ത്തുമൃഗങ്ങളുടെ പട്ടികയില്‍ പലതുണ്ട്. പക്ഷേ അക്കൂട്ടത്തില്‍ വന്യമൃഗങ്ങളെ ഉള്‍ക്കൊള്ളിക്കുന്നത് കാണുന്നത് തന്നെ കൗതുകമാണ്.
ഇപ്പോഴിതാ അത്തരത്തില്‍ ദുബായ് നഗരത്തില്‍ നിന്നുള്ള ഒരു കാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഈ വീഡിയോയില്‍ കാണുന്ന വളര്‍ത്തുമൃഗം ഒരു സിംഹമാണ്. നഗരത്തിലെ റോഡിലൂടെ പോകുന്ന ഒരു കാറാണ് വീഡിയോയില്‍ കാണുന്നത്. പെട്ടെന്നാണ് അതിന്റെ പിന്‍ ഡോറിന്റെ ഗ്ലാസിനുള്ളില്‍ നിന്ന് ഒരു തല പുറത്തേക്ക് നില്‍ക്കുന്നത് കാണുന്നത്. ഗ്ലാസ്സിനു മുകളിലൂടെ തല പുറത്തേക്കിട്ട് വായ പൊളിക്കുന്നത് ഒരു സിംഹമാണ്. ഉറക്കം മതിയാകാതെ വാ പൊളിക്കുന്ന സിംഹത്തെ കാണുമ്ബോള്‍ അക്ഷരാര്‍ത്ഥത്തില്‍ ആരുമൊന്ന് ഞെട്ടും. പിന്നീടാണ് തന്റെ കാറിനുള്ളില്‍ സിംഹത്തെ നോക്കിയിരിക്കുന്ന പൂച്ചയെ കാണിക്കുന്നത്.
”ദുബായില്‍, തന്റെ പൂച്ചയുമായി കാറില്‍ പോകുന്ന ഒരാള്‍, സിംഹവുമായി കാറില്‍ പോകുന്ന ഒരാളെ കണ്ടുമുട്ടുന്നു…” എന്ന ക്യാപ്ഷന്‍ നല്‍കിയാണ് എക്സ് പ്ലാറ്റ്ഫോമില്‍ ഈ വീഡിയോ പങ്കിട്ടിരിക്കുന്നത്. പരസ്പരം നോക്കുന്ന പൂച്ചയെയും സിംഹത്തെയും ദൃശ്യങ്ങളില്‍ കാണാം. സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ട ഈ വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്.

















