പാലാ നഗരസഭയിലെ കേരള കോൺഗ്രസിന്റെ ആവശ്യം കേട്ട് ഞെട്ടി ഇരിക്കുകയാണ് സിപിഎമ്മിന്റെ ജില്ലാ നേതൃത്വം. കേരള കോൺഗ്രസ് മാണി വിഭാഗം ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു നേരിട്ടെത്തിയാണ് സിപിഎം ജില്ലാ നേതാക്കളോട് വിചിത്രമായ ആവശ്യം ഉന്നയിച്ചത്. പാലാ നഗരസഭയിൽ രണ്ടില ചിഹ്നത്തിൽ വിജയിച്ച കേരള കോൺഗ്രസ് എം പ്രതിനിധിയായ നഗരസഭാ ചെയർമാനെ പദവിയിൽ നിന്ന് പുറത്താക്കാൻ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് അനുകൂലമായി സിപിഎം നിലപാട് എടുക്കണം എന്നാണ് കേരള കോൺഗ്രസിൻറെ ആവശ്യം.
നഗരസഭാ ചെയർമാൻ ഷാജു തുരുത്തൻ പാർട്ടിക്ക് വഴങ്ങുന്നില്ലാത്തതിനാൽ അദ്ദേഹത്തെ യുഡിഎഫിന്റെ കൂടി ഒത്താശയോടെ പുറത്താക്കാൻ ഉള്ള നീക്കമാണ് കേരള കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്നത്. ഇത്തരം രാഷ്ട്രീയ നീക്കത്തെ സിപിഎം കൂടി പിന്തുണയ്ക്കണമെന്നാണ് കേരള കോൺഗ്രസിൻറെ ആവശ്യം. എന്നാൽ സ്വന്തം ഘടകകക്ഷി ചെയർമാനെ നീക്കാൻ യുഡിഎഫിനെ പിന്തുണയ്ച്ചാൽ അത് സംസ്ഥാനതലത്തിൽ തന്നെ ചർച്ചയാകും എന്നും പാർട്ടിയുടെ മുഖം നഷ്ടപ്പെടുമെന്നും സിപിഎം നേതാക്കൾ ചൂണ്ടിക്കാട്ടി.
സാങ്കേതികമായി നഗരസഭ ചെയർമാന് എതിരെയാണ് അവിശ്വാസ പ്രമേയം എങ്കിലും ഇടതുമുന്നണിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചാണ് യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നിരിക്കുന്നത്. ഇടതുമുന്നണിയുടെ അഴിമതിയും, കെടുകാര്യസ്ഥതയും, നഗരസഭയിലെ ഭരണ സ്തംഭനവും, മുന്നണിക്കുള്ളിലെ കൂട്ടിത്തല്ലലും ആണ് അവിശ്വാസപ്രമേയം അവതരിപ്പിക്കാനുള്ള കാരണങ്ങളായി യുഡിഎഫ് ചൂണ്ടിക്കാട്ടുന്നത്. യുഡിഎഫ് സംസ്ഥാന നേതൃത്വത്തിന്റെ കൂടി അറിവോടെ പാലാ എംഎൽഎ മാണി സി കാപ്പൻ, മുതിർന്ന കോൺഗ്രസ് നേതാവും കോട്ടയം എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ നേരിട്ടാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുവാനുള്ള നിർദ്ദേശം യുഡിഎഫ് കൗൺസിലർമാർക്ക് നൽകിയത്. അതുകൊണ്ടുതന്നെ തദ്ദേശ തെരഞ്ഞെടുപ്പിന് എട്ടു മാസം മാത്രം ബാക്കിയുള്ളപ്പോൾ അവിശ്വാസത്തെ പിന്തുണയ്ക്കുന്നത് പ്രതിപക്ഷ ആരോപണങ്ങളെ ശരി വെച്ച് സ്വയം കുഴി തോണ്ടുന്നതിന് തുല്യമാണ് എന്നാണ് സിപിഎം ചൂണ്ടിക്കാട്ടുന്നത് എന്നും റിപ്പോർട്ടുകൾ ഉണ്ട്.
ജില്ലയിൽ പരിഹാരമായില്ലെങ്കിൽ തങ്ങൾ മുകളിൽ നിന്ന് ഇത്തരം തീരുമാനത്തിലേക്ക് പാർട്ടിയെ എത്തിക്കുമെന്ന വീമ്പ് പറച്ചിലാണ് പാലായിലെ കേരള കോൺഗ്രസ് നേതൃത്വം ഉയർത്തുന്നത്. മുൻപും തങ്ങൾ ഇത്തരം സ്വാധീനം പ്രയോഗിച്ച് പാർട്ടിയെ വരുതിയിൽ നിർത്തിയിട്ടുള്ള ചരിത്രവും ചിലർ ഓർമ്മിപ്പിക്കുന്നുണ്ട്. ഒരു കാരണവശാലും ഇത്തരം നീക്കത്തിന് കൂട്ടുനിൽക്കാൻ ആവില്ല എന്ന് പ്രാദേശിക സിപിഎം നേതൃത്വവും ആവർത്തിക്കുന്നു.
പ്രതിപക്ഷത്തിന്റെ അവിശ്വാസത്തെ പിന്തുണച്ച് ചെയർമാനെ നീക്കിയാൽ അധികാരത്തിൽ തുടരുവാനുള്ള ധാർമികത തന്നെ നഷ്ടമാകുമെന്ന നിലപാടാണ് സിപിഎമ്മിലെ ഒരു വിഭാഗം സ്വീകരിക്കുന്നത്. എന്നാൽ ഏതു വിധേനയും തങ്ങളുടെ കാര്യം സാധിക്കണം എന്ന വാശിയിൽ പണമറിഞ്ഞാണ് കേരള കോൺഗ്രസ് കളിക്കുന്നത്. നാല് മാസം മുൻപ് അവധി എഴുതിക്കൊടുത്ത് വിദേശത്തേക്ക് പോയ സിപിഐ പ്രതിനിധിയായ വനിതാ കൗൺസിലറെ നാട്ടിൽ തിരികെ എത്തിക്കുവാൻ കേരള കോൺഗ്രസിന് കഴിഞ്ഞിട്ടുണ്ട്. സിപിഎം പിന്തുണയില്ലെങ്കിൽ കോൺഗ്രസിനെ കൂട്ടുപിടിച്ച് മുന്നോട്ടുപോകുമെന്ന മുന്നറിയിപ്പും കേരളാ കോൺഗ്രസ് നേതാക്കൾ പാർട്ടിക്ക് നൽകുന്നുണ്ടെന്നാണ് അറിയാൻ കഴിയുന്നത്.

















