പ്രണയദിനത്തിൽ പാലാ മുനിസിപ്പാലിറ്റിയിൽ അവിശ്വാസ പ്രമേയ ചർച്ച ചൂടുപിടിക്കും. യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര കൗൺസിലർ ജിമ്മി ജോസഫ് ആണ് ചെയർമാൻ ഷാജു തുരുത്തനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് സമർപ്പിച്ചത്. ഇതിന്മേലുള്ള ചർച്ചയും വോട്ടെടുപ്പും ആണ് ഫെബ്രുവരി പതിനാലാം തീയതി പ്രണയദിനത്തിൽ (വാലന്റൈൻസ് ഡേ) നിശ്ചയിച്ചിരിക്കുന്നത്.

പാർട്ടിയിലെ മുൻധാരണകൾക്ക് അനുസരിച്ച് ഫെബ്രുവരി മൂന്നാം തീയതി രാജി വയ്ക്കേണ്ടതായിരുന്നു. എന്നാൽ മാധ്യമങ്ങളിലൂടെ ഉൾപ്പെടെ താൻ രാജിക്ക് തയ്യാറല്ല എന്ന് ചെയർമാൻ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇങ്ങനെ ഭരണമുന്നണിയിൽ അസ്വസ്ഥത ശക്തമാകുന്നതിനിടയിലാണ് അവിശ്വാസ പ്രമേയം എന്ന നാടകീയ നീക്കവുമായി പ്രതിപക്ഷം രംഗത്തെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രതിപക്ഷ നീക്കം വിജയം – ഭരണമുന്നണിയിലെ ഭിന്നത മറനീക്കിപ്പുറത്ത്

അപ്രതീക്ഷിതമായി അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയ പ്രതിപക്ഷം ലക്ഷ്യമിട്ടത് ഭരണ മുന്നണിയിലെ ഭിന്നത പുറത്തുകൊണ്ടുവരുവാനാണ്. പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയ വാർത്ത പുറത്തുവന്നതോടെ കേരള കോൺഗ്രസ് പാർട്ടി നേതൃത്വം നടത്തിയ ആദ്യ പ്രതികരണം തന്നെ പ്രതിപക്ഷ നീക്കം വിജയിച്ചു എന്നതിന്റെ സൂചന നൽകി. ഷാജു തുരുത്തൻ മൂന്നാം തീയതി രാജിവെക്കാൻ ഇരിക്കെയാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത് എന്ന പരിഹാസമാണ് കേരള കോൺഗ്രസ് പാർട്ടി നേതൃത്വം ഉയർത്തിയത്. എന്നാൽ തൊട്ടു പിന്നാലെ താൻ രാജിവെക്കാൻ ഉദ്ദേശിക്കുന്നില്ല എന്നും പാർട്ടി ധാരണ അനുസരിച്ച് തനിക്ക് രണ്ടുവർഷ കാലത്തേക്ക് ചെയർമാൻ സ്ഥാനം അനുവദിച്ചിട്ടുണ്ട് എന്നും നഗര പിതാവ് ഷാജു തുരുത്തൻ പ്രതികരിച്ചതോടെ പാർട്ടിയും ചെയർമാനും തമ്മിലുള്ള ഭിന്നത പുറത്തുവന്നു. രാജിക്കില്ല എന്ന് പ്രഖ്യാപിച്ച ഷാജു തുരുത്തന് വിപ്പ് നൽകും എന്ന പ്രതികരണമാണ് പിന്നീട് കേരള കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് ഉണ്ടായത്. ഇതോടെ പാർട്ടിയും തുരുത്തനും രണ്ടു വഴിക്കാണ് നീങ്ങുന്നതെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുവാൻ പ്രതിപക്ഷത്തിന് കഴിഞ്ഞു.

നാലുവർഷത്തിനിടെ മൂന്ന് ചെയർമാൻമാർ, വികസന മുരടിപ്പിന് കാരണമെന്ന് പ്രതിപക്ഷം

കഴിഞ്ഞ നാല് വർഷത്തിനിടെ മൂന്ന് ചെയർമാൻമാരാണ് പാലാ നഗരസഭയിൽ ഉണ്ടായത്. കൂടുതലാളുകൾക്ക് ചെയർമാൻ പദവി അനുവദിക്കുന്നതിന് വേണ്ടി ഭരണകാലാവധി വീതം വയ്ക്കുന്നത് വികസന മുരടിപ്പിലേക്ക് നയിക്കുന്നു എന്നാണ് പ്രതിപക്ഷവാദം. പാലാ നഗരസഭയുടെ നിലവിലുള്ള അവസ്ഥ പ്രതിപക്ഷ വാദത്തെ ശരിവെക്കുന്നതാണ്.

മാസങ്ങൾക്കു മുമ്പ് ഘടകകക്ഷി നേതാവായ സിപിഎം പാർലമെൻററി പാർട്ടി ലീഡർ ബിനു പുളിക്കകണ്ടത്തോടായിരുന്നു കേരള കോൺഗ്രസിന്റെ യുദ്ധമത്രയും. സിപിഎമ്മിൽ സമ്മർദ്ദം ചെലുത്തി ബിനുവിനെ പാർട്ടിക്ക് പുറത്താക്കിയതോടെയാണ് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ കേരള കോൺഗ്രസിലെ ഒരു വിഭാഗം തങ്ങളുടെ പുതിയ ശത്രുവിനെ കണ്ടെത്തിയത്. അങ്ങനെ ചെയർമാന് എതിരെ സ്വന്തം പാർട്ടിയിലെ കൗൺസിലർമാർ തിരിഞ്ഞതോടെ പല അവസരങ്ങളിലും കൗൺസിൽ യോഗത്തിലുൾപ്പെടെ ഷാജു തുരുത്തൻ ഒറ്റപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക