2008ലെ അവിശ്വാസ പ്രമേയത്തില്‍ മൻമോഹൻ സിങ്ങിൻ്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യാൻ തനിക്ക് 25 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നതായി വെളിപ്പെടുത്തി മുൻ എംപി സെബാസ്റ്റ്യൻ പോള്‍. ഇന്ത്യ – അമേരിക്ക ആണവ കരാറിനെതിരെയാണ് അവിശ്വാസം കൊണ്ടു വന്നിരുന്നത്. ‘സമകാലിക മലയാളം’ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് സെബാസ്റ്റ്യൻ പോളിൻ്റെ വെളിപ്പെടുത്തല്‍.
‘എൻ്റെ കാലം എൻ്റെ ലോകം’ എന്ന ആത്മകഥയില്‍ നേരത്തേ ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. കുട്ടനാട് എംഎല്‍എയും എൻസിപി (ശരദ് പവാർ) വിഭാഗം നേതാവുമായ തോമസ് കെ തോമസ് അജിത് പവാർ വിഭാഗത്തില്‍ ചേരുന്നതിനായി ആൻ്റണി രാജു, കോവൂർ കുഞ്ഞുമോൻ തുടങ്ങിയ എംഎല്‍എമാർക്ക് 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തു എന്ന ആരോപണം കേട്ടപ്പോള്‍ ഇക്കാര്യം ഓർമ വന്നതായും മുൻ എംപി ലേഖനത്തില്‍ പറയുന്നു.
ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖർജിക്കെതിരെയാണ് ഇടതു സ്വതന്ത്ര എംപിയായിരുന്ന സെബാസ്റ്റ്യൻ പോളിൻ്റെ ആരോപണം. വിശ്വാസവോട്ടെടുപ്പില്‍ മൻമോഹൻ സിങ് സർക്കാരിനെ പിന്തുണയ്ക്കാൻ പ്രണബ് 25 കോടി രൂപ വാഗ്ദാനം ചെതെന്നാണു വെളിപ്പെടുത്തല്‍. കോണ്‍ഗ്രസ് നേതാവ് വയലാർ രവിയും എംപിമാരെ ചാക്കിടുന്ന സംഘത്തില്‍ ഉണ്ടായിരുന്നതായി സെബാസ്റ്റ്യൻ പോള്‍ പറഞ്ഞു.










