പാലാ നഗരസഭ അധ്യക്ഷ പദവി ഷാജു തുരുത്തൻ രാജിവെക്കുന്നതുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസിൽ അവ്യക്തത തുടരുന്നു. താൻ പദവി രാജി വയ്ക്കില്ല എന്ന് പുറമേക്ക് തുരുത്തൻ വ്യക്തമാക്കുന്നുണ്ട് എങ്കിലും പ്രതിപക്ഷം ഇത് ഗൗരവത്തിൽ എടുത്തിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. തുരുത്തന്റെ പ്രഖ്യാപനങ്ങൾ പാർട്ടിക്കുള്ളിൽ വിലപേശാനുള്ള തന്ത്രമാണോ എന്നാണ് പ്രതിപക്ഷം സംശയിക്കുന്നത്.

ഷാജു തുരുത്തൻ രാജിവെക്കില്ല എന്ന രീതിയിൽ നടത്തുന്ന പരസ്യ പ്രതികരണങ്ങൾ കേരള കോൺഗ്രസ് നേതൃത്വത്തെ സമ്മർദ്ദത്തിൽ ആക്കുക എന്ന ലക്ഷ്യം വെച്ചിട്ടുള്ളതാണ് എന്നാണ് പൊതു വിലയിരുത്തൽ. ഈ നീക്കങ്ങൾക്ക് പിന്നിൽ വരാനിരിക്കുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ തനിക്കും ഭാര്യ ബെറ്റിക്കും വീണ്ടും പാർട്ടി ടിക്കറ്റ് ഉറപ്പാക്കാനുള്ള തുരുത്തന്റെ സമ്മർദ്ദ തന്ത്രങ്ങൾ ആണെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നത്. പാർട്ടി ടിക്കറ്റിനു പുറമെ മുന്നണിക്ക് വീണ്ടും നഗരസഭയിൽ അധികാരം ലഭിച്ചാൽ ആദ്യ ടേമിൽ തന്നെ ചെയർപേഴ്സൺ സ്ഥാനം ഇദ്ദേഹത്തിന്റെ ഭാര്യയും മുൻ നഗരസഭ കൗൺസിലറും ചെയർപേഴ്സണും ആയിരുന്ന ബെറ്റിക്ക് എന്ന് നേതൃത്വത്തിന്റെ ഉറപ്പും ഷാജു തുരുത്തൻ ആവശ്യപ്പെട്ടേക്കാം എന്നാണ് സൂചന.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഷാജു തുരുത്തൻ പദവി ഒഴിയുമ്പോൾ പാർട്ടി ധാരണയനുസരിച്ച് അധ്യക്ഷ സ്ഥാനത്ത് എത്തേണ്ടത് നഗരത്തിലെ വ്യാപാര പ്രമുഖനായ തോമസ് പീറ്റർ ആണ്. ക്നാനായ സമുദായ അംഗമായ ഇദ്ദേഹം സഭയുടെ പിന്തുണ തനിക്ക് ഉണ്ടെന്നും താൻ ചെയർമാനായാൽ പാർട്ടിക്ക് മറ്റ് നിയോജകമണ്ഡലങ്ങളിൽ പോലും അത് ഗുണം ചെയ്യും എന്നും അവകാശവാദം ഉന്നയിക്കുന്നുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്.

ധനാഢ്യനായ തോമസ് പീറ്ററോട് പാർട്ടി ധാരണയ്ക്ക് അപ്പുറം ചില സാമ്പത്തിക വിലപേശലുകളും ഷാജു തുരുത്തൻ ക്യാമ്പ് മുന്നോട്ടുവയ്ക്കുന്നുണ്ട് എന്ന ആക്ഷേപവും രാഷ്ട്രീയ എതിരാളികൾ ഉയർത്തുന്നുണ്ട്. തുരുത്തൻ നടത്തുന്ന വിമത നീക്കത്തിന് അപ്രതീക്ഷിതമായി സ്വന്തം പാർട്ടിയിലെ തന്നെ ചില കൗൺസിലർമാരുടെ പിന്തുണയും അപ്രതീക്ഷിതമായി ലഭിച്ചിട്ടുണ്ട് എന്നും സൂചനയുണ്ട്. കേരള കോൺഗ്രസ് മണ്ഡലം നേതൃത്വത്തോട് ഇവർക്കുള്ള ഉള്ള നീരസമാണ് ഇതിന്റെ കാരണമെന്നും പറയപ്പെടുന്നു.

ഏതായാലും തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കുമ്പോൾ ഷാജു തുരുത്തൻ നടത്തുന്ന സമ്മർദ്ദ തന്ത്രങ്ങൾ പാർട്ടി പ്രാദേശിക നേതൃത്വത്തിന് തലവേദനയാവുകയാണ്. പാർട്ടി ചെയർമാൻ ജോസ് കെ മാണി ആശുപത്രി വാസം കഴിഞ്ഞ് തിരികെയെത്തിയാൽ ചില നീക്കുപോക്കുകൾ വിഷയത്തിൽ ഉണ്ടാകുമെന്നാണ് അറിയാൻ കഴിയുന്നത്. പാർട്ടിയെ വെല്ലുവിളിച്ച് നിൽക്കുന്ന ഷാജു തുരുത്തൻ ജോസ് കെ മാണിക്ക് വഴങ്ങുമോ അതോ പാർട്ടി തുരുത്തനു മുന്നിൽ മുട്ടുകുത്തുമോ, നഗരസഭ അധ്യക്ഷസ്ഥാനം കേരള കോൺഗ്രസിൽ പെയ്മെൻറ് സീറ്റായി മാറുമോ എന്നതറിയാൻ പാലാക്കാരും കൗതുകത്തോടെ കാത്തിരിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക