നടി ഹണി റോസ് നല്‍കിയ ലൈംഗിക അധിക്ഷേപ പരാതിയില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ജയിലില്‍ തുടർന്ന് ബോബി ചെമ്മണ്ണൂർ. ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണ്ണൂർ അഭിഭാഷകരോട് അറിയിക്കുകയായിരുന്നു. റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്നങ്ങളില്‍ കുരുങ്ങി പുറത്തിറങ്ങാൻ പറ്റാത്ത തടവുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ബോബി ചെമ്മണ്ണൂരിൻ്റെ നീക്കം.

ഇത്തരത്തിലുള്ള തടവുകാർ പുറത്തിറങ്ങും വരെ താനും കാക്കനാട് ജയിലില്‍ തുടരുമെന്ന് ബോബി ചെമ്മണ്ണൂർ അറിയിച്ചു. ഇന്ന് ജാമ്യം നടപ്പാക്കേണ്ടെന്ന് ബോബി ചെമ്മണ്ണൂർ അഭിഭാഷകരെ അറിയിച്ചു. അഭിഭാഷകർ ഇല്ലാതെയും, ബോണ്ട് തുക കെട്ടിവയ്ക്കാൻ വയ്ക്കാനും പറ്റാത്ത തടവുകാർ നിരവധി പേർ ജയിലില്‍ തുടരുന്നുണ്ടെന്നും ബോബി ചെമ്മണ്ണൂർ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബോബി ചെമ്മണ്ണൂർ ഇന്ന് ജയിലില്‍ തുടരും. എന്നാല്‍ നാളെ പുറത്തിറങ്ങുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. സമാനമായ കേസുകളില്‍ ഉള്‍പ്പെടരുതെന്നും ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചാല്‍ മജിസ്ട്രേറ്റ് കോടതിക്ക് ഇടപെടാമെന്നും ബോബി ചെമ്മണ്ണൂരിൻ്റെ ജാമ്യ വ്യവസ്ഥയില്‍ ഹൈക്കോടതി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്ബോഴൊക്കെ ഹാജരാകണമെന്നും അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കണമെന്നും ജാമ്യ ഉത്തരവില്‍ കോടതി പറയുന്നു.

ബോഡി ഷെയ്മിംഗ് സമൂഹത്തിന് ഉള്‍ക്കൊള്ളാൻ കഴിയുന്ന ഒന്നല്ലെന്നും മറ്റൊരാളുടെ ശരീരത്തെക്കുറിച്ച്‌ പരാമർശങ്ങള്‍ നടത്തുന്നത് ശരിയല്ലെന്നും ഹൈക്കോടതി പറഞ്ഞു. മറ്റൊരു പുരുഷനെ കുറിച്ചോ സ്ത്രീയെ കുറിച്ചോ ഇത്തരം പരാമർശങ്ങള്‍ പൊതുസമൂഹത്തില്‍ ഒഴിവാക്കണം. സമാനമായ രീതിയിലുള്ള പരാമർശങ്ങള്‍ നടത്തില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്റെ ഉറപ്പു കൂടി പരിഗണിച്ചാണ് ജാമ്യം നല്‍കുന്നതെന്നും ചൂണ്ടിക്കാട്ടിയ കോടതി പൊലീസ് ചുമത്തിയ കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നും വ്യക്തമാക്കി.

ദ്വായർത്ഥ പ്രയോഗമാണ് പ്രതി നടത്തിയത്. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന പ്രതിഭാഗം വാദം നിലവില്‍ അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. അമേരിക്കൻ മോട്ടിവേഷണല്‍ സ്പീക്കർ ആയ ഡോക്ടർ സ്റ്റീവ് മറബോളിയുടെ വാക്കുകള്‍ ഉദ്ധരിച്ചു കൊണ്ടായിരുന്നു കോടതിയുടെ പരാമർശങ്ങള്‍. ഒരു സ്ത്രീയുടെ രൂപം കണ്ടാണ് നിങ്ങള്‍ അവളെ വിലയിരുത്തുന്നതെങ്കില്‍, നിങ്ങള്‍ക്ക് തെറ്റി, അത് നിങ്ങളെ തന്നെയാണ് വിലയിരുത്തുന്നതെന്നും ഉത്തരവില്‍ പറയുന്നു. വ്യത്യസ്തമായ ശരീരപ്രകൃതി ഉള്ളവരാണ് മനുഷ്യർ, ചിലർ തടിച്ചവരാകാം ചിലർ മെലിഞ്ഞവരാകാം, പക്ഷേ അതിന്റെ പേരില്‍ ബോഡി ഷെയ്മിംഗ് നടത്തുന്നത് ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ബോബി ചെമ്മണ്ണൂരിനെതിരായ നടപടി ഒരുപാട് പേർക്ക് പാഠമായിട്ടുണ്ടെന്നാണ് കരുതുന്നതെന്ന് ജസ്റ്റീസ് പി വി കുഞ്ഞികൃഷ്ണൻ നിരീക്ഷിച്ചു. സ്ഥിരമായി അധിക്ഷേപ പരാമർശങ്ങള്‍ നടത്തുന്നയാളാണ് പ്രതിയെന്നും സ്ത്രീത്വത്തെ അപമാനിക്കുകയാണെന്നും സർക്കാർ അറിയിച്ചു. ഇത്തരക്കാർക്കെല്ലാമുളള മറുപടിയാണ് ഈ കേസ്. ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടില്ലെന്നും ഗുരുതരമായ കുറ്റങ്ങളല്ല ചുമത്തിയിരിക്കുന്നതെന്നും പ്രതിഭാഗം അറിയിച്ചു. ജാമ്യം നല്‍കിയാല്‍ കർശന ഉപാധി വേണമെന്ന് സർക്കാരും നിലപാടെടുത്തു. ഇത് പരിഗണിച്ചാണ് ജാമ്യത്തിന് അർഹതയുണ്ടെന്ന് കോടതി വിലയിരുത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക