മൂന്നാമത്തെ ബലാത്സംഗ കേസില്‍ ജാമ്യം അനുവദിച്ചതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ MLA ജയില്‍ മോചിതനായി. കർശന ഉപാധികളോടെയാണ് രാഹുലിന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ അറസ്റ്റിലായി 18ാം ദിവസമാണ് രാഹുലിന് ജാമ്യം ലഭിക്കുന്നത്.ജയിലിന് പുറത്ത് പ്രതിഷേധവുമായി യുവമോർച്ച പ്രവർത്തകർ എത്തുകയും പൊലീസുമായി സംഘർഷം ഉണ്ടാകുകയും ചെയ്തു. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് രാഹുലിന്റെ അഭിഭാഷകൻ പൊലീസിനോട് സുരക്ഷ ആവശ്യപ്പെട്ടിരുന്നു. ആദ്യ ബലാത്സംഗ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വിധിപറയാൻ മാറ്റി.
അതേസമയം, 50000 രൂപയും രണ്ട് ആളുകളും ജാമ്യം നില്‍ക്കണം. മൂന്നുമാസത്തേക്ക് എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പില്‍ പത്തുമണിക്കും 12 മണിക്ക് ഇടയില്‍ ഹാജരാക്കണം. എപ്പോള്‍ ആവശ്യപ്പെട്ടാലും അന്വേഷണ സംഘത്തിന് മുമ്പാകെ എത്തണം. തെളിവുകള്‍ നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്. പരാതിക്കാരിയെ സമൂഹമാധ്യമത്തിലൂടെയോ അല്ലാതെയോ ബന്ധപ്പെടാൻ ശ്രമിക്കരുത്. ഇങ്ങനെ അഞ്ച് ഉപാധികള്‍ വച്ചാണ് പത്തനംതിട്ട ജില്ല സെഷൻസ് കോടതി മൂന്നാം ബലാത്സംഗ പരാതിയില്‍ രാഹുല്‍മാങ്കൂട്ടത്തിലിന് ജാമ്യം അനുവദിച്ചത്.
രാഹുലിന്റെ അറസ്റ്റ് നടപടിക്രമങ്ങള്‍ പാലിച്ചല്ല എന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചു. പീഡനം നടന്ന ശേഷം പരാതിക്കാരി മൊഴി നല്‍കാൻ ഒരു വർഷവും ഒമ്പത് മാസവും വൈകിയെന്ന വാദവും കോടതി മുഖവിലയ്ക്കെടുത്തു. പരാതിക്കാരി വിദേശത്തായതിനാല്‍ ജാമ്യം കിട്ടിയാല്‍ രാഹുല്‍ ഭീഷണിപ്പെടുത്തുമെന്ന പ്രോസിക്യൂഷൻ വാദം കോടതിയില്‍ നിലനിന്നില്ല. എസ് ഐ ടി കസ്റ്റഡിയില്‍ വേണ്ടതില്ലെന്നും അതിനാല്‍ ജാമ്യം അനുവദിക്കുന്നു എന്ന് കോടതി പറഞ്ഞു. കേസില്‍ നേരിട്ടുള്ള മറ്റു സാക്ഷികള്‍ ഇല്ലാത്തതും കോടതി പരിഗണിച്ചു.
വിവാഹ വാഗ്ദാനം നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍ പീഡിപ്പിച്ചു എന്ന പരാതിക്കാരിയുടെ ആക്ഷേപത്തില്‍ കോടതി ചില സംശയങ്ങള്‍ ആരാഞ്ഞു. നിലവിലെ വിവാഹബന്ധം വേർപ്പെടുത്താതെ എങ്ങനെ മറ്റൊരു ബന്ധത്തിലേക്ക് പോകാൻ കഴിയും. പരാതിക്കാരിയോ അവരുടെ ഭർത്താവോ വിവാഹ ബന്ധം വേർപെടുത്താൻ നടപടികള്‍ സ്വീകരിച്ചിരുന്നില്ല എന്ന കാര്യവും കോടതി നിരീക്ഷിച്ചു.പീഡനം നടന്ന സമയത്തിന് ശേഷവും എംഎല്‍എയും ആയി പരാതിക്കാരി സൗഹൃദ സംഭാഷണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ജാമ്യം നല്‍കിയുള്ള ഉത്തരവില്‍ കോടതി പറഞ്ഞു.
ബലാത്സംഗ കുറ്റം നിലനില്‍ക്കുന്നത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് കോടതി പറഞ്ഞു. അഭിഭാഷകരായ ശാസ്തമംഗലം അജിത്തിന്റെയും അഭിലാഷ് ചന്ദ്രന്റെയും നേതൃത്വത്തില്‍ ആയിരുന്നു സെഷൻസ് കോടതിയില്‍ രാഹുലിന്റെ വാദം. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഹരികൃഷ്ണനാണ് ഹാജരായത്.

















