
മുംബൈ: വീട്ടുജോലിക്കാരിയായി ചമഞ്ഞ് മോഷണം നടത്തിയതിന് വനിതാ മോഷ്ട്ടാവും പങ്കാളിയും അറസ്റ്റിൽ. 10 മാസം മുമ്പ് ഒരു വീട്ടുടമ കൊടുത്ത പരാതിയിലാണ് ഇപ്പോൾ ഇവർ അറസ്റ്റിൽ ആയത്. മോഷ്ട്ടാക്കളായ 38 കാരിയായ സ്ത്രീയെയും ടാറ്റൂ ആർട്ടിസ്റ്റിനെയും ബാന്ദ്ര പോലീസ് ആണ് അറസ്റ്റ് ചെയ്തത്.
മുഖ്യപ്രതിയായ വിനിത ഗെയ്‌ക്‌വാദ് സ്ഥിരം കുറ്റവാളിയാണെന്നും അമ്പതോളം മോഷണക്കേസുകൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ബാന്ദ്ര, ഖാർ, സാന്താക്രൂസ്, ജുഹു, വെർസോവ, അംബോലി എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ഇവർ മോഷണം നടത്തിയിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.മാഹുൽ സ്വദേശികളായ ഗെയ്‌ക്‌വാദ്, ഉദയ് നികം (30) എന്നിവരെ യഥാക്രമം ജനുവരി 3, 11 തീയതികളിലാണ് അറസ്റ്റ് ചെയ്തിരുന്നത്. 71 കാരനായ ഒരു വ്യവസായിയുടെ പരാതിയെ തുടർന്നാണ് ഇവർ പോലീസ് റഡാറിൽ കുടുങ്ങിയത്.
വീട്ടുജോലി ഉറപ്പാക്കിയ ശേഷം, 2024 ഏപ്രിലിൽ ബാന്ദ്ര വെസ്റ്റിലെ മൗണ്ട് മേരി റോഡിലെ മുതിർന്ന പൗരന്മാരുടെ അപ്പാർട്ട്മെൻ്റിൽ നിന്ന് 11 ലക്ഷം രൂപയുടെ സാധനങ്ങൾ ഗെയ്‌ക്‌വാദ് മോഷ്ടിച്ചു.ഗെയ്‌ക്‌വാദിൻ്റെ പ്രവർത്തനരീതി വിവരിക്കവെ, വീട്ടുജോലിക്കാരിയെന്ന വ്യാജേനയാണ് കുടുംബങ്ങളെ സമീപിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.ആദ്യ ജോലി ദിവസം തന്നെ മോഷണം നടത്തി കഴിഞ്ഞാൽ മണിക്കൂറുകൾക്കുള്ളിൽ, എന്തെങ്കിലും ഒഴികഴിവ് ചൂണ്ടിക്കാണിച്ച് അവിടെ നിന്നും സ്ഥലം വിടും.പങ്കാളി നികം, മഹുലിൽ ഒരു ടാറ്റൂ നിർമ്മാണ കട നടത്തുന്നു. ഗെയ്‌ക്‌വാദ് മോഷ്ടിച്ച ചില വസ്തുക്കൾ ഇയാൾക്ക് വിറ്റതായി അന്വേഷണത്തിൽ കണ്ടെത്തി.