
ജപ്തി നോട്ടീസ് ലഭിച്ച സ്വകാര്യ ആംബുലന്‍സ് ഡ്രൈവര്‍ തൂങ്ങിമരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് നാലാം വാര്‍ഡ് കളര്‍കോട് ശാന്തം വീട്ടില്‍ സുഭാഷ് (53) ആണ് ഇന്നലെ പുലര്‍ച്ചെ വീടിനുള്ളില്‍ തൂങ്ങിമരിച്ചത്.വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി കേന്ദ്രീകരിച്ചായിരുന്നു സുഭാഷ് ആംബുലന്‍സ് ഓടിച്ചിരുന്നത്.
വീടു നിര്‍മാണത്തിനായി ബാങ്കില്‍നിന്നു നാലു ലക്ഷം രൂപ സുഭാഷ് വായ്പ എടുത്തിരുന്നു. 1 .50 ലക്ഷം രൂപ അടച്ചെങ്കിലും അത് പലിശയില്‍ ഉള്‍പ്പെടുത്തി. തുക അടയ്ക്കാതിരുന്നതിനാല്‍ ഏതാനും ദിവസം മുന്‍പ് ജപ്തി നോട്ടീസ് വന്നിരുന്നു. കൂടാതെ ക്ഷേമനിധി കുടിശിക 34,000 രൂപ അടയ്ക്കണമെന്നു കാട്ടിയുള്ള നോട്ടീസും രണ്ടു ദിവസം മുന്‍പ് ലഭിച്ചിരുന്നു. ക്ഷേമനിധി കുടിശിക അടച്ചാലേ വാഹനത്തിന്‍റെ ടാക്‌സും അടയ്ക്കാന്‍ കഴിയൂ.
ഷുഗര്‍ കൂടി കാലില്‍ വ്രണം വന്നതിനെത്തുടര്‍ന്ന് ഏതാനും മാസം ചികിത്സയിലായിരുന്നതിനാല്‍ സുഭാഷിന് വാഹനം ഓടിക്കാന്‍ കഴിഞ്ഞിരുന്നില്ല. പുന്നപ്ര പോലീസ് എത്തി ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലെ പോസ്റ്റുമാര്‍ട്ടത്തിനുശേഷം വിട്ടുനല്‍കി. സംസ്‌കാരം നടത്തി. ഭാര്യ: ജയശ്രീ. മക്കള്‍: അമല്‍ദേവ്, അഖില്‍ദേവ്.