സാമൂഹിക മാധ്യമത്തിലെ സൈബർ ആക്രമണത്തിനെതിരെ തന്റെ നിലപാട് കടുപ്പിച്ച് നടി ഹണി റോസ്. കഴിഞ്ഞദിവസം തനിക്കെതിരെ നിരന്തരം ദ്വയാർഥ പ്രയോഗം നടത്തുന്നയാള്‍ക്കെതിരെ വിമർശനം ഉന്നയിച്ചതിനു പിന്നാലെയാണ് ഹണി റോസ് പുതിയ പോസ്റ്റ് പങ്കുവെച്ചത്.ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് താൻ സൈബർ ആക്രമണം നടത്തുന്നവർക്കെതിരെ യുദ്ധം നടത്തുകയാണെന്ന് ഹണി കുറിച്ചത്.
ഹണിറോസിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്
ഇന്ത്യയിലെ നിയമസംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് ഞാൻ പൊതുവേദിയില്‍ എത്തിയിട്ടില്ല. നിങ്ങള്‍ ഓരോരുത്തരും അവരവരുടെ ചിന്തകള്‍ അനുസരിച്ച് സ്വയം നിയമസംഹിതകള്‍ സൃഷ്ടിക്കുന്നതില്‍ ഞാൻ ഉത്തരവാദി അല്ല.ഒരു അഭിനേത്രി എന്ന നിലയില്‍ എന്നെ വിളിക്കുന്ന ചടങ്ങുകള്‍ക്ക് പോകുന്നത് എന്റെ ജോലിയുടെ ഭാഗമാണ്.
എന്റെ വസ്ത്രധാരണത്തെക്കുറിച്ചോ എന്നെക്കുറിച്ചോ ക്രിയാത്മകമായതോ സർഗാത്മകമായതോ വിമർശിക്കുന്നതിലും തമാശ ഉണ്ടാക്കുന്നതിലും എനിക്ക് വിരോധം ഇല്ല, പരാതി ഇല്ല. പക്ഷേ അത്തരം പരാമർശങ്ങള്‍ക്ക്, ആംഗ്യങ്ങള്‍ക്ക് ഒരു റീസണബിള്‍ റസ്ട്രിക്ഷൻ വരണം എന്ന് ഞാൻ വിശ്വസിക്കുന്നു. ആയതിനാല്‍ എന്റെ നേരേ ഉള്ള വിമർശനങ്ങളില്‍ അസഭ്യഅശ്ലീലപരാമർശങ്ങള്‍ ഉണ്ടെങ്കില്‍ ഭാരതീയ ന്യായസംഹിത അനുസരിച്ച് സ്ത്രീക്ക് തരുന്ന എല്ലാ സംരക്ഷണസാധ്യതകളും പഠിച്ച് ഞാൻ നിങ്ങളുടെ നേരെ വരും.
ഒരിക്കല്‍ കൂടി പറയുന്നു സമൂഹമാധ്യമങ്ങളിലെ അസഭ്യഅശ്ലീലഭാഷപണ്ഡിതമാന്യന്മാരെ, നിങ്ങളോട് ഇതേ അവസ്ഥയില്‍ കടന്നുപോകുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടി ഹണിറോസ് എന്ന ഞാൻ യുദ്ധം പ്രഖ്യാപിക്കുന്നു.
സാമൂഹികമാധ്യമത്തില്‍ അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയില്‍ ഒരാളെ എറണാകുളം സെൻട്രല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നടിയുടെ പരാതിയില്‍ മുപ്പതോളം പേർക്കെതിരേ പോലീസ് കേസെടുത്തിരുന്നു. കുമ്ബളം സ്വദേശി ഷാജിയാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്.
ദ്വയാർഥ പ്രയോഗം നടത്തി പിന്നാലെ നടന്ന് അപമാനിക്കുന്ന വ്യക്തിക്കെതിരേ ഹണി റോസ് നടത്തിയ പരസ്യ പ്രതികരണത്തിന് താഴെയാണ് അധിക്ഷേപ കമന്റുകള്‍ വന്നത്. സോഷ്യല്‍ മീഡിയ പോസ്റ്റിന് താഴെ അശ്ലീല കമന്റുകളുമായി എത്തിയ 30- ഓളം പേർക്കെതിരേ ഞായറാഴ്ച്ച രാത്രിയോടെയാണ് എറണാകുളം സെൻട്രല്‍ പൊലീസില്‍ ഹണി റോസ് പരാതി നല്‍കിയത്.
സ്ത്രീത്വത്തെ അപമാനിക്കുകയും സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും ചെയ്യുന്ന പ്രമുഖ വ്യക്തിക്കെതിരേ കഴിഞ്ഞ ദിവസമാണ് രൂക്ഷപ്രതികരണവുമായി നടി രംഗത്ത് വന്നത്. മാനസിക വൈകൃതമുള്ളവരുടെ ഇത്തരം പുലമ്ബലുകളെ പുച്ഛത്തോടേയും സഹതാപത്തോടേയും അവഗണിക്കാറാണ് പതിവ്. എന്നാല്‍, ഇനി ഈ വിഷയത്തില്‍ നിയമപരമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും ഹണി റോസ് വ്യക്തമാക്കി. ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലാണ് നടി ഇക്കാര്യം അറിയിച്ചത്.

















