
കോട്ടയത്ത് ലുലുവിന്റെ മിനി മാൾ പ്രവർത്തനമാരംഭിച്ചിട്ട് ഒരു മാസം തികഞ്ഞിട്ടില്ല. കോട്ടയം ജില്ലയിൽ നിന്നും മാത്രമല്ല അന്യ ജില്ലയിൽ ഉൾപ്പെടെ ആളുകൾ ഇങ്ങോട്ട് ഒഴുകി എത്തുന്നുണ്ട്. കോട്ടയത്തെ മാൾ സൗകര്യങ്ങൾ കൂടുതൽ വിപുലപ്പെടുത്തുവാൻ ലുലു ഗ്രൂപ്പിന് ആത്മവിശ്വാസം നൽകുന്ന രീതിയിലാണ് ജനങ്ങളുടെ പ്രതികരണങ്ങൾ.
ചില റിപ്പോർട്ടുകൾ അനുസരിച്ച് കോഴിക്കോട് ആരംഭിച്ച മിനി മാളിനേക്കാൾ മികച്ച പ്രതികരണമാണ് കോട്ടയത്ത് ലുലുവിന് ലഭിക്കുന്നത്. എന്നാൽ മണിപ്പുഴയിൽ എം സി റോഡിനോട് ചേർന്ന് പ്രവർത്തിക്കുന്ന ലുലു മാളിന് വെല്ലുവിളിയാകുന്നത് ഇവിടെയുള്ള ഗതാഗത തടസ്സങ്ങളാണ്. വൻ ജനാവലി മാളിലേക്ക് ഒഴുകിയെത്തുമ്പോൾ മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ട്രാഫിക് തടസ്സം ഉണ്ടാകുന്നു എന്നതാണ് പ്രധാന പ്രശ്നം.
ഇത് മുൻകൂട്ടി കണ്ടുകൊണ്ട് എംസി റോഡിന് സമാന്തരമായി ഈരയിൽക്കടവ് ബൈപ്പാസിന്റെ തുടർച്ച എന്നവണ്ണം പാക്കിലിലൂടെ തൃക്കോതമംഗലത്ത് എത്തിച്ചേരാനുള്ള സമാന്തര പാതയ്ക്ക് വേണ്ടി കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ 2022 മുതൽ ശ്രമങ്ങൾ ആരംഭിച്ചതാണ്. എന്നാൽ തിരുവഞ്ചൂരിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയായത് സർക്കാരിന്റെ നിസ്സഹകരണമാണ്. സിപിഎമ്മിലെ തന്നെ ചില നേതാക്കളുടെ സ്ഥാപിത താല്പര്യങ്ങൾ കണക്കിലെടുത്ത് പദ്ധതി വൈകിപ്പിക്കുകയായിരുന്നു.
എന്നാൽ ലുലുവിലേക്കുള്ള തിരക്ക് മൂലം മണിപ്പുഴ മുതൽ മറിയപ്പള്ളി വരെ ഗതാഗത തടസ്സം പതിവായതോടെ സമാന്തരപാത നിർമ്മിക്കുവാൻ ജില്ലാ വികസന സമിതി യോഗത്തിന് തീരുമാനമെടുക്കേണ്ടി വന്നു. വികസന സമിതി യോഗത്തിലും വ്യക്തമായ പദ്ധതി അവതരിപ്പിച്ചതും അതിനുവേണ്ടി വാദിച്ചതും എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണനാണ്. മുൻപ് പദ്ധതി അട്ടിമറിച്ചവർ തന്നെ ഇപ്പോൾ തിരുവഞ്ചൂരിനെതിരെ വ്യാജ പ്രസ്താവനകളും ക്യാപ്സൂളുകളും ആയി രംഗത്തിറങ്ങിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ സംഭവങ്ങളുടെ നിജസ്ഥിതി അന്വേഷിക്കുമ്പോൾ വെളിച്ചത്ത് വരുന്നത് തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇരക്കടവ് ബൈപ്പാസിന് തുടർച്ചയായി ഉള്ള സമാന്തര പാതയ്ക്ക് വേണ്ടി 2022ൽ മുതൽ നടത്തിയ ശ്രമങ്ങളും അതിനോട് ബോധപൂർവ്വം പുറം തിരിഞ്ഞുനിന്ന് സർക്കാർ ഏജൻസികളുടെ നിലപാടുകളും ആണ്.

2022ലെ പ്രപ്പോസൽ: മനോരമ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് ഈരയിൽക്കടവ് ബൈപാസ് വഴി മണിപ്പുഴയിൽ വന്ന് നിൽക്കുന്ന റോഡിന്റെ തുടർച്ചയായി മണിപ്പുഴ – കാക്കൂർ – പാക്കിൽ – പന്നിമറ്റം – പരുത്തുംപാറ – വെള്ളുരുത്തി കവല വഴി തൃക്കോതമംഗലം എത്തിച്ചേരുന്ന രീതിയിൽ എം സി റോഡിന് സമാന്തര പാതയാണ് തിരുവഞ്ചൂർ വിഭാവനം ചെയ്ത് നിർദ്ദേശിച്ചത്. ഇതിനുവേണ്ടി 2018 – 19 സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ 20 കോടി രൂപ വിലയിരുത്തിയ ബോർമ കവല തൃക്കോതമംഗലം ഹൈസ്കൂൾ ജംഗ്ഷൻ റോഡ് പദ്ധതിയുടെ അലൈൻമെന്റിൽ ചെറിയ മാറ്റങ്ങളും അദ്ദേഹം നിർദ്ദേശിച്ചിരുന്നു.

16/02/2022ൽ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കെ ആർ എഫ് ബി ഡയറക്ടർക്ക് തിരുവഞ്ചൂർ ആദ്യമായി കത്ത് നൽകിയിരുന്നു. തുടർന്ന് മേൽ നടപടികൾ ഒന്നും ഉണ്ടാകുന്നില്ല എന്ന് കണ്ട് വീണ്ടും 2022 ഒക്ടോബർ മാസത്തിൽ രണ്ടാമത്തെ കത്തും അദ്ദേഹം നൽകിയിട്ടും ഫലമുണ്ടായില്ല. കിഫ്ബി വഴി നടപ്പാക്കുന്നതിനായി തത്വത്തിൽ ഭരണാനുമതി ലഭിച്ച ഒരു പദ്ധതിക്കാണ് ഈ ഗതികേട് ഉണ്ടായിട്ടുള്ളത്. തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെ ചില സിപിഎം നേതാക്കൾ ബോധപൂർവ്വം നടത്തുന്ന കരുനീക്കങ്ങളുടെ ഭാഗമായിട്ടാണ് ഇത്തരത്തിൽ കോട്ടയത്തെ പല വികസന പദ്ധതികളും അട്ടിമറിക്കപ്പെടുന്നത്.
ഒരു നാടിന്റെ വികസനം ഉറപ്പാക്കുവാൻ വ്യവസായ വാണിജ്യ സംരംഭങ്ങൾക്ക് പ്രോത്സാഹനവും, അവയുടെ സുഗമമായ നടത്തിപ്പിന് വഴിയൊരുക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെയുള്ള ഭൗതിക സാഹചര്യങ്ങളും സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. ഒരു പദ്ധതി വിഭാവനം ചെയ്യുമ്പോൾ തന്നെ ഇത്തരം സാഹചര്യങ്ങൾ ഒരുക്കാനുള്ള പ്രവർത്തനങ്ങൾ സർക്കാർ തലത്തിലും ആരംഭിക്കേണ്ടതാണ്. ഇത്തരത്തിൽ ദീർഘവീക്ഷണത്തോടുകൂടി സ്ഥലം എംഎൽഎ വിഭാവനം ചെയ്ത ഒരു പദ്ധതിയെ ബോധപൂർവ്വം അട്ടിമറിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയും ലുലു പോലുള്ള സംരംഭങ്ങൾക്ക് എതിരെ ജനവികാരം ഉയർത്തിവിടുവാനുമുള്ള രാഷ്ട്രീയ നീക്കങ്ങൾ ജനങ്ങളാണ് തിരിച്ചറിയേണ്ടത് തിരിച്ചടി നൽകേണ്ടതും.